സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

ശൂന്യതയില്‍ നിന്നൊരു അന്തിമയാത്ര


”കടന്നുവരൂ നമുക്കൊന്നിച്ചുപോകാം
എവിടേക്കെന്നറിയില്ലെങ്കിലും
വഴികളല്ലാം അജ്ഞാതമാണെങ്കിലും
ഒരിടത്ത് ഒരിടത്തുള്ള
പ്രണയതീരത്ത് നമ്മള്‍ അടിഞ്ഞു ചേരാതിരിക്കില്ല.”

ജീവിതം പലപ്പോഴും അങ്ങനെയാണ്. നമ്മുടെ തെരഞ്ഞെടുപ്പുകളും നാമലിഞ്ഞു ചേരുന്ന വിശ്വാസപ്രമാണങ്ങളുമെല്ലാം നമ്മെ രണ്ടു കൈവഴികളാക്കുമെന്നാലും യാത്രാന്ത്യം നാം കണ്ടുമുട്ടും; പ്രണയമെന്ന മഹാസാഗരത്തിന്റെ തീരത്ത്. മനുഷ്യനു ജീവിതത്തോടുള്ള പ്രണയം വളരെ വലുതാണ്. എത്ര ശ്രമിച്ചാലും ഓടിയൊളിക്കാനാവാത്ത ഒരുതരം ആസക്തിയാണ് മനുഷ്യനു ജീവിതത്തോടെന്നും തോന്നിയിട്ടുള്ളത്.

അവന് അവളോട് തോന്നുന്ന പ്രണയം തീര്‍ത്തും വ്യത്യസ്തമാണ്. അത് നീയും ഞാനും, ഞാനും നീയും, നമുക്കിടയിലെ ആദ്യ കൗതുകങ്ങളും നമ്മുടേതെന്ന് വിശ്വസിക്കും പ്രിയങ്ങളും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന തോരാമഴയാണ്. വ്യക്തി സമുദ്രങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന, സ്‌നേഹിക്കുന്ന, കലഹിക്കുന്ന, കാമിക്കുന്ന, പ്രണയിക്കുന്ന, അന്യോന്യം അന്വേഷിക്കുന്ന, അല്പം നീണ്ട ഒരു യാത്രയാണ് ശ്രീ ലുഖ്മാനുള്‍ ഹഖീമിന്റെ ‘പൊടുന്നനെ പൂക്കുന്ന പൂക്കള്‍’. ഒരുതരത്തില്‍ പറഞ്ഞാല്‍ പക്വതയാര്‍ന്നെരു ആത്മസമര്‍പ്പണമാണീ കവിതാസമാഹാരം.

വഴികള്‍ വിചിത്രമാവുന്നതുതൊട്ട് പ്രണയമൊരു കഥയല്ലെന്ന തിരിച്ചറിവുവരെ എത്തി നില്പാണീ മനോഹരമായ വരികള്‍. ജീവിതം എന്ന നാല് വാക്കിന്റെ അര്‍ഥം ഒരു കുഞ്ഞുപുസ്തകത്തിലൊതുങ്ങില്ലെന്നറിയുകിലും ആ അത്ഭുതത്തെപ്പറ്റിയുള്ള ഒരു വിശകലനാത്മ സാഹിത്യശ്രമങ്ങള്‍ എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നു.

യാത്രകള്‍, ചെറുതാണെങ്കിലും വലുതാണെങ്കിലും അവയ്ക്ക് കൃത്യമായൊരു ലക്ഷ്യമുണ്ടാവണമെന്ന് നിര്‍ബന്ധമില്ല. അറ്റമില്ലാത്ത അന്വേഷണങ്ങളുടെ തത്വസംഹിതകളാവും ഓരോ യാത്രക്കും പറയാനുണ്ടാവുക. ഒരു ബിന്ദുവില്‍നിന്നു തുടങ്ങി കണ്ണെത്താ ദൂരത്ത് ഒരു മരീചികയുടെ ഛായയുള്ള മറ്റൊരു ബിന്ദുവിലേക്കുള്ള ദീര്‍ഘമായ പ്രയാണമാണ് ഓരോരുത്തരുടെയും ജീവിതം. ഇതെഴുതുന്ന എനിക്കുപോലുമറിയില്ല ഈ വാക്കുകളെ അന്വേഷിച്ചുള്ള യാത്ര എപ്പോഴാണ് ഞാന്‍ തുടങ്ങിവെച്ചത്.

അതുകൊണ്ടാവാം കവി:
എല്ലാ അകലങ്ങളും
അടുക്കുമ്പോഴും
വഴികളെല്ലാം വിചിത്രമാകുന്നു
ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല
എപ്പോഴാണ് നിന്നെ അന്വേഷിച്ചുള്ള
എന്റെ യാത്ര ആരംഭിച്ചതെന്ന്
എന്നെഴുതിയത്.

ഏതു കാലത്തും ഏതു ലോകത്തിലും ഏതൊരു ഋതുവിലും കാറ്റും കടലും പുഴയും മഴയും സൂര്യനും ചന്ദ്രനുമെല്ലാം തന്നെയായിരുന്നു മനുഷ്യന്റെ സന്ദേശവാഹകരും പ്രേമഭാജനങ്ങളും. അതെന്നുമങ്ങനെ തന്നെയാണ്. ഇളംകാറ്റിനോടും തിരമാലയോടും സൂര്യനോടും നിലാവിനോടുമെല്ലാം പ്രണയിനിയെക്കുറിച്ച് ആരായുന്ന കവിയെക്കണ്ടപ്പോള്‍ ഓര്‍മ വന്നത്, സന്ധ്യാസമയത്ത് ഫ്രഞ്ച് കടല്‍തീരത്ത് തിരമാലകളെനോക്കി നിന്നപ്പോള്‍ പണ്ട് സോഫോക്ലീസിനനുഭവപ്പെട്ട അതേ വിരഹമായിരുന്നു തന്റെയും മനസ്സില്‍ എന്നെഴുതിയ മാത്യു അര്‍ണോള്‍ഡിനെയാണ്.

അവതാരികയില്‍ ഷൗക്കത്ത് തന്റെ സ്‌നേഹവാനായ ഇക്കയുടെ മകനായ ലുഖ്മാന്റെ എഴുത്തിനെപ്പറ്റി പറയുന്നുണ്ട്. വൈവിധ്യമാര്‍ന്ന പ്രണയങ്ങളുടെ പാരമ്യം കൊണ്ട് ഇവ നിറഞ്ഞിരിക്കുകയാണെന്നും, കവിയുടേതല്ലാതെ കാലത്തിന്റേതായി മാറിയ കവിതകളാണിതിലധികവുമെന്നും അദ്ദേഹം എഴുതിയിരിക്കുന്നത് ഒരിക്കലും ഒരു ബന്ധുസഹോദരനോടുള്ള കടപ്പാടല്ല, മറിച്ച് നല്ലൊരു ആസ്വാദനാനുഭവത്തിന്റെ വീര്യം നിറഞ്ഞ വര്‍ണനകളാണ്.

പ്രണയം നാമെല്ലാവരെയും ചെറുപ്പമാക്കിക്കൊണ്ടിരിക്കും. പക്ഷേ തീവ്രപ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരുടെയുള്ളില്‍ മറ്റൊരു ‘ഞാന്‍’ ഉണ്ടായിരിക്കും. ഞാനെന്ന അസ്ഥിത്വത്തെ ലോകത്തിലെ സകല ചരാചരങ്ങളുമായി വിസ്മയിപ്പിക്കും വിധം അലിയിക്കാന്‍ കഴിവുള്ള ‘ഞാന്‍’. ഈ പുസ്തകം അത്തരമൊരു പ്രത്യേക അസ്ഥിത്വത്തെ കണ്ടെത്തുവാനുള്ള കവിയുടെ വെമ്പലായിക്കൂടി കാണേണ്ടിവരും. പല കവിതകളിലും ആ അസ്ഥിത്വത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ച ഒരുവന്റെ എല്ലാവിധ അപാരതകളുമുണ്ടെങ്കില്‍ മറ്റു ചിലതില്‍, കണ്ടെത്തിയ അസ്ഥിത്വം അപൂര്‍ണമാണെന്ന ചിന്തയില്‍ കുരുങ്ങി വാങ്മയ ചിത്രങ്ങളില്‍ അഭയം പ്രാപിക്കുന്ന കവിയെയും നമുക്കു കാണാം.

‘ഞാനെന്റെ ദേഹിയുമായി അപരിചിതമാം വഴികളിലൂടെ നിന്നിലേക്കടുക്കട്ടെ’ എന്നെഴുതുമ്പോള്‍ അവിടെ മരണത്താല്‍ മാത്രം സഫലമാകുന്ന മറ്റൊരുതരം പുണ്യപ്രണയം ദൃശ്യമാകുന്നു.

കാണുന്നതും കേള്‍ക്കുന്നതും തോന്നുന്നതും ആയ എന്തിനും ഭാവന കൊണ്ടു നിറംകൊടുക്കുന്ന ഒരു സുന്ദരമായ ചിത്രണം ഈ കവിതകളിലുടനീളം കാണാനാകും. ആണൊരു ക്യാന്‍വാസെങ്കില്‍, വിവാഹത്തോടെ പെണ്ണതിനു നിറമാകുന്ന ആത്മീയാനുഭൂതിയുടെ സ്വപ്ന സാക്ഷാത്കാരം.

കേവലം ആണും പെണ്ണും അച്ഛനും അമ്മയും കൂട്ടുകാരനും കൂട്ടുകാരിയും എന്നിങ്ങനെ നീളുന്ന പരമ്പരാഗത പ്രണയ സങ്കല്പങ്ങളുടെ ഒറ്റക്കണ്ണാടിയെ ഉടച്ച് അത് മണ്ണും മനുഷ്യനും നിലാവും സൂര്യനും മരവും പൂവും എന്നുവേണ്ടാ ഭൂമിയുടെ എല്ലാ അവകാശികളും തമ്മിലുള്ള പ്രണയത്തിന്റെ ചില്ലുകഷ്ണങ്ങളായ് വാര്‍ത്തെടുക്കുന്നതില്‍ കവി അത്യന്തം വിജയിച്ചിരിക്കുന്നുവെന്നു പറയാതെ വയ്യ. അവസാനം വായനക്കാരെല്ലാം ആ കവിതകളിലെ ‘നിന്നെ’ തിരയുകയാണെന്ന് പ്രണയിനിയോട് സൂചിപ്പിച്ചുകൊണ്ട് കവിയുടെ ഏകാന്തയാത്ര ഒരു തുറന്ന സംവാദമായി രൂപാന്തരം പ്രാപിക്കുന്നു; തിരച്ചില്‍ തുടരുന്നു.. ചേക്കേറാനും തണല്‍ തേടാനും പുതിയ മേച്ചില്‍പ്പുറങ്ങള്‍ക്കായി…

കവിത വായിക്കാന്‍ മാത്രമുള്ളതല്ല; കേള്‍ക്കാന്‍ മാത്രമുള്ളതല്ല; അത് കാണാനും കൂടിയുള്ളതാണ്. അത്തരത്തിലുള്ള മഹത്തായൊരു ദൃശ്യസൗന്ദര്യം ഇവിടെ ‘പൊടുന്നനെ പൂക്കുന്ന’ ഓരോ പൂക്കള്‍ക്കുമുണ്ട്. ഓരോ പൂവിനും വ്യത്യസ്തമായ മണവും നിറവും സൗന്ദര്യവുമുണ്ട്.

പകലുകള്‍ പൂക്കുന്ന, കിളികള്‍ കരയുന്ന, ഇരുട്ടിനും ഒരു മനസ്സുണ്ടെന്നു വാദിക്കുന്ന, ഒരായിരം നവീന ചിന്താസരണികളാല്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു ശരണോദ്യാനം ഈ പുസ്തകമാകെ പടര്‍ന്നിരിക്കുന്നു.
ഇത് വായനാനുഭവല്ല്; ഇത് വളരെ വിശാലമായൊരു ദൃശ്യാവിഷ്‌കാരമാണ്. അവിടെ നിങ്ങളുണ്ട്, ഞാനുണ്ട്, അവരും ഇവരുമുണ്ട്. വരൂ, നമുക്കീ ചില്ലകളിലിരുന്നു സംവദിക്കാം; അന്വേഷിക്കാം.http://varthamanam.com/?p=62068

1 comment:

  1. നല്ല ഭാഷയിലാണീ അവലോകനം

    ReplyDelete