സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

ഈ മഞ്ഞില് ഈ മണ്ണില്

ഈ മഞ്ഞില് ഈ മണ്ണില്
കുതിരുന്ന പുല്നാമ്പുകള്
പൂമൊട്ടുകള്...
ഈ മരത്തില് ഈ ചില്ലയില്
കൂട്ടിരുന്ന കിളികള്
കിളിക്കൊന്ജ്ജലുകള്...
ഈ രാവില് ഈ കാറ്റില്
ഉതിരുന്ന ഇലകള്
നിലാവലകള്‍...
ഈ തൂവലുകളില് ഈ കണ്കളില്

ഒഴിഞ്ഞിടുന്ന സ്പര്‍ശനങ്ങള്‍
സൗന്ദര്യങ്ങള്‍...
ഈ അഴകില് ഈ അധരങ്ങളില്
നിന്നകലാന് മടിക്കുന്ന
ചുംബനങ്ങള്...

LOVE.LAZY..LIBERATION...

ഓര്‍മയുടെ വേലിയേറ്റങ്ങള്‍ ഹൃദയത്തിനുള്ളില്‍ തിരയിളക്കങ്ങള്‍ തീര്‍ത്ത് കണ്ണുകള്‍ ഈറനണിയുമ്പോഴെക്കും വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു.

ഞാനിപ്പോള്‍ മാവിന്‍ ചുവട്ടിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലെ കല്ലിന്‍ മുകളിലല്ല ഇരിക്കുന്നത്. അങ്ങനെ ഒരു ഇരുത്തം മോഹിച്ചാണ് ചാറ്റല്‍ മഴയുടെ തലോടലേറ്റ് ഞാന്‍ ധൃതിയില്‍ നടന്നത്. പക്ഷേ, കാലം മാവിന്‍ ചുവടിന്റെ തണലുകളെ അറുത്ത് മാറ്റിയിരിക്കുന്നു. വേ

രുകള്‍ പോലും ഇന്ന് അവശേഷിക്കുന്നില്ല. കാലവും കാലത്രയങ്ങളും മിനുസപ്പെടുത്തിയ പാറപ്പുറങ്ങളിന്ന് പരുക്കനിട്ട തിണ്ണകള്‍ക്ക് അടിയില്‍പെട്ട് തകര്‍ന്നിരിക്കുന്നു.

എന്നെ ഞാനാക്കിയ വിദ്യാലയ തിരുമുറ്റത്തിന് പഴയ ശേഷിപ്പുകളുടെ ചന്തവും പുതിയ പരിഷ്കാരങ്ങളുടെ പ്രസരിപ്പുമുണ്ട്. അതിനേക്കാള്‍ ഉപരി പിരിഞ്ഞു പോയവരുടെ ഒത്ത് ചേരലിന്റെ മധുരവും.

കാറ്റ് അതിന്റെ എല്ലാ സൌന്ദര്യവും, മഴ അതിന്റെ മുഴുവന്‍ മൃദുലതയും കൊണ്ടെന്റെ ശരീരത്തെ തലോടുകയും തണുപ്പിക്കുകയും ചെയ്ത് കൊണ്ടിരുന്നു. ആ തണുപ്പിലും ഹൃദയം ആകാംക്ഷ നിറഞ്ഞ് ഓര്‍മയുടെ മലര്‍വനത്തില്‍ അലയുകയായിരുന്നു.

ഒരു മുഖം മാത്രമെന്റെ കണ്ണുകള്‍ കാത്തിരിക്കുകയാണ്. മഴ പെയ്യുന്ന പ്രഭാതത്തിലെന്റെ മനസ്സിലേക്ക് ഓര്‍മകള്‍ പെയ്യിച്ചാണ് എന്റെ മിഴികള്‍ നിരത്തിയിട്ട സ്കൂള്‍ ബസുകള്‍ക്കിടയിലൂടെ 4.ഡി ക്ളാസിലേക്ക് കയറി ചെന്നത്.

ഞാനിപ്പോള്‍ നാലാം ക്ളാസ്സുകാരനായിരിക്കുന്നു. ക്ളാസ്സില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നാലാമത്തെ ബെഞ്ചിലിരിക്കുന്ന പഠിക്കാത്ത കുട്ടി. നിശബ്ദമായി ക്ളാസ്സിലിരുന്ന് പഠിപ്പിക്കുന്നവരുടെ ചേഷ്ടകളോട് നിഷേധമോ അനുഭാവമോ ഇല്ലാതെ ഒരു നിര്‍വികാരതയില്‍ മുഴുകിയിരിക്കുന്നവന്‍.

രാവിലെ തന്നെ കളിച്ച് വിയര്‍ത്ത് വരുന്ന സഹപാഠികളെയും സഹബെഞ്ചുകാരെയും അത്ഭുതം നിറഞ്ഞ കണ്ണുകളാല്‍ നോക്കി. “ക്ളാസ്സില്‍ വെറുതെയിരിക്കാന്‍ തന്നെ വയ്യ, ഇവന്മാരൊക്കെ എങ്ങനെയാണ് ഈ രാവിലെ തന്നെ ഇങ്ങനെ കളിക്കുന്നത് .” എന്ന് മനസ്സില്‍ പറഞ്ഞിരുന്ന മടിയനായ ഒരുത്തന്‍.

ഫസ്റ്റ് ബെല്‍ അടിച്ചിരിക്കുന്നു, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ സെകന്റ് ബെല്ലും അടിച്ചു.

ഓണപ്പരീക്ഷയും അവധിയും കഴിഞ്ഞ് സ്കൂള്‍ തുറന്ന ആദ്യത്തെ ദിവസം, എല്ലാവരുടെ മുഖത്ത് മടിയും ഒപ്പം ഓണപ്പരീക്ഷയുടെ പേപ്പറുകള്‍ കിട്ടുന്നത് ഓര്‍ത്തുള്ള ഭയവും ഉണ്ട്.

ക്ളാസ്സ് ടീച്ചറും കണക്ക് അദ്ധ്യാപികയുമായ റഷീദാ മിസ്സ് കണക്ക് പരീക്ഷയുടെ ഉത്തരകടലാസ്സും attendance രജിസ്ററുമായി കടന്ന് വന്നു. എല്ലാവരും എഴുന്നേറ്റ് നിന്ന് അവരെ അഭിവാദ്യം ചെയ്തു. അപ്പോഴും എന്റെ കണ്ണുകള്‍ പേപ്പര്‍ കെട്ടിലേക്കായിരുന്നു. തോല്‍ക്കുമെന്നത് ഉറപ്പാണ്‌. സംശയം ഉള്ളത് ഇനി മാര്‍ക്കിന്റെ കാര്യത്തില്‍ മാത്രമാണ്‌, പൂജ്യത്തില്‍ നിന്നും ഉയരാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ട്. പെട്ടന്നാണ്‌ എന്റെ പേരു വിളിച്ചത് ഞാന്‍ പ്രെസന്റ് മിസ്സ് പറഞ്ഞ് ഇരുന്നു. അങ്ങനെയങ്ങിനെ ഓരോ പേരുകളും വിളിച്ചു. ഹാജറുള്ളവരെല്ലാം പ്രെസന്റ് പറഞ്ഞ് കൊണ്ടിരുന്നു.

സൈറ... സൈറ... റഷീദാ മിസ്സ് പേരു ഉറക്കെ വിളിച്ചു. മിസ്സ് ചോദിച്ചു സൈറ ഭാനു വന്നിട്ടില്ലേ..?

അപ്പോഴാണു ഞാനും നോക്കുന്നത് ഇല്ല അവളെത്തിയിട്ടില്ല...

ഹോസ്റ്റലര്‍ ആയത്കൊണ്ട് അവധി കഴിഞ്ഞ് വീട്ടില്‍ നിന്നും വന്നിട്ടുണ്ടാവില്ല എന്ന് അവളുടെ കൂട്ടുകാരികള്‍ പറഞ്ഞു.

എന്റെ പേപ്പര്‍ പേടിക്കൊപ്പം ഒരു പ്രണയമുഖത്തിന്റെ അസാന്നിദ്ധ്യം കൂടി അസ്വസ്തപെടുത്തി.

ഹാജര്‍ എടുക്കല്‍ കഴിഞ്ഞ് register താഴെ വെച്ച് മിസ്സ് പേപ്പര്‍ കെട്ട് കയ്യിലെടുത്തു. എന്റെ ഹൃദയം തൊണ്ടക്കുഴിലെത്തി. അപ്പോഴാണ്‌ ക്ളാസിന്റെ വാതില്‍ക്കല്‍ നിന്നും ഒരു തരള മധുര മൊഴി ..മേ ഐ കം ഇന്‍..

സൈറയായിരുന്നു അത് അവളുടെ ബാപ്പയും ഉണ്ട് കൂടെ. മിസ്സ് അവള്‍ക്ക് ക്ളാസ്സില്‍ കയറാന്‍ അനുമതി കൊടുത്തു. ബാപ്പ അവളുടെ കവിളുകളില്‍ ഉമ്മവെച്ചു. കയ്യില്‍ ഒരു വെളുത്ത പൊതിയും കൊടുത്തു.

അവളതാ എനിക്ക് മുന്നിലൂടെ കടന്നു പോകുന്നു. ഹാ... ഹൃദയം തൊണ്ടയില്‍ നിന്നും ഹൃദയത്തിലേക്ക് തന്നെ തിരിച്ച് വന്നു. എന്റെ ചുണ്ടുകളില്‍ മന്ദഹാസം വിടര്‍ന്നു. എന്റെ വലതു വശത്തെ നാലാമത്തെ ബെഞ്ചില്‍ എന്റെ നേരെ എതിര്‍വശത്ത് അവള്‍ ഇരുന്നു. ഒരു നിശ്വാസം കൊണ്ട് ഞാന്‍ നിര്‍വൃതിയടഞ്ഞു.

എന്താണിങ്ങനെയൊക്കെ എന്ന് എന്നോട് ചോദിക്കരുത്. ഇതിന്റെ പേരൊന്നും എനിക്ക് അറിയില്ല.. നിഷ്കളങ്കമായ മുഖത്തോടെ അവള്‍ എന്നെ നോക്കി ചിരിച്ചു... “യാ.. റബ്ബേ ഞാന്‍ മനസ്സ് കൊണ്ട് വിളിച്ചത് അവള്‍ കേട്ടൊ..??”

നാലാം ക്ളാസിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ വസന്തം പെയ്തിരിക്കുന്നു... തീ തിങ്ങിയ മനസ്സില്‍ കുളിരു കോരിയിട്ടായിരുന്നു ആ ചിരി..

ഇതിനെയൊക്കെ എന്ത് പേരിട്ട് വിളിക്കും എന്ന് എനിക്ക് അറിയില്ല.. ഞാന്‍ എവിടെയൊക്കെയോ ആയിരുന്നു.. പെട്ടന്നാണു മിസ്സ് എന്റെ പേരു വിളിക്കുന്നത്, ഞാന്‍ ഞെട്ടി.!!

റഷീദാ മിസ്സ് പേപ്പര്‍ എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു... “ഇന്നാ പിടിച്ചൊ.. കൊട്ടകണക്കിനു മാര്‍ക്കുണ്ട്, നയണ്‍ ഔട്ട് ഓഫ് ഫിഫ്ട്ടി.. ഒരക്ഷരം പഠിക്കരുത്ട്ടാ.. ക്ളാസ്സിലും ശ്രദ്ധിക്കാതെ കളിച്ച് നടന്നൊ.” പിന്നെ പറഞ്ഞതൊക്കെ ഇംഗ്ളീഷില്‍ ആയത്കൊണ്ടും ഇംഗ്ളീഷും കണക്കായതിനാലും എനിക്കൊന്നും മനസ്സിലായില്ല.

കരച്ചില്‍ കണ്ണില്‍ പെയ്തു, സഹപാഠികളുടെ പരിഹാസം നിറഞ്ഞ മുഖം നെഞ്ചില്‍ തറച്ചു.

മറ്റുള്ളവരെല്ലാം കിട്ടിയ മാര്‍ക്കുകള്‍ കൂട്ടി നോക്കിയും കിട്ടാനുള്ള മാര്‍ക്കിന്നായി തിരക്ക് കൂട്ടി കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ ഡസ്കില്‍ തലവെച്ച് തേങ്ങി കരഞ്ഞ് കൊണ്ടിരിക്കുമ്പോള്‍... മിസ്സ് പേരുകള്‍ വിളിച്ച് കൊസ്ഥിരുന്നു ''സൈറ ഭാനു 49 ഔട്ട് ഓഫ് 50'' എല്ലാവരും കയ്യടിച്ചു... ഒലിച്ചിറങ്ങിയ കണ്ണീരും ചീരാപ്പും തുടച്ച് ഞാനും കയ്യടിച്ചു.. സൈറ ക്ളാസ്സിലെ ഫസ്റ്റ് റാങ്കുകാരി അത് ഇത്തവണയും നിലനിര്‍ത്തും എന്ന് ഉറപ്പാണു.

വലുതായാല്‍ ആരാകണമെന്ന് ചോദിക്കുമ്പോള്‍ ഡോക്ടര്‍ എഞ്ചിനിയര്‍ എന്ന് മാത്രം പറയാന്‍ അറിയുന്നവര്‍ക്കിടയില്‍ ഇരുന്ന് സൈറ ഡോക്ടര്‍ ആകണമെന്ന് പറയുമായിരുന്നു.

ഞാനും അങ്ങനെ തന്നെയാണ്‌ വീട്ടില്‍ വന്നാല്‍ ഉപ്പ ചോദിക്കുമ്പോഴും പറയാറു. (വേറെ ആരും ചോദിക്കാറില്ല.).

ബെല്ലടിച്ചു, ഫസ്റ്റ് പിരിയഡ് കഴിഞ്ഞു. സ്റ്റാഫ്‌ റൂം തൊട്ടടുത്തായതിനാല്‍ രണ്ടാമത്തെ പിരിയഡ് ഇംഗ്ളീഷ് മിസ്സായ ജാസ്മിന്‍ മിസ്സ് കടന്നു വന്നു.

പടച്ചോനെ കയ്യില്‍ പേപ്പറുണ്ട്.. രണ്ടക്കം തികയണേ മാര്‍ക്ക്.. അല്ലാഹ്.. എന്ന് പ്രാര്‍ഥിച്ചു.

പേപ്പര്‍ കിട്ടി അമ്പതില്‍ പന്ത്രണ്ട് മാര്‍ക്ക്. അതിലും തോറ്റു. കരയാന്‍ അറിയുന്നത് കൊണ്ട് ഡസ്കില്‍ തലവെച്ച് കിടന്ന് കരഞ്ഞു. കണ്ണീരു കൈക്ക് മുകളിലൂടെ ഒലിച്ചിറങ്ങി. സൈറക്ക് അമ്പതില്‍ നാല്‍പ്പത്തിയെട്ട് മാര്‍ക്ക്. കയ്യടി പാസാക്കി. എനിക്കില്ലെങ്കിലും സൈറക്ക് ഉണ്ടല്ലോ എന്ന സമധാനത്തില്‍ ഇരിക്കുമ്പോള്‍. ഡിക്റ്റേഷന്‍ എടുത്ത പേപ്പര്‍ മിസ്സ് വിതരണം ചെയ്തു.

മിസ്സ് എന്റെ അടുത്ത് വന്നു. എനിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക്. ശരിയായി എഴുതിയ വാക്കുകള്‍ ഇവയെല്ലാം LOVE, LAZY, LIBERATION. LOVE AND LIBERATION. ശരിയായതിനെക്കുറിച്ച് മിസ്സ് പറഞ്ഞില്ല പക്ഷേ പറഞ്ഞത് ഇത്രമാത്രം “ഹും.. പത്തില്‍ ആകെ കിട്ടിയത് മൂന്ന് മാര്‍ക്ക്.. ഒക്കെ തെറ്റിച്ചു സ്വന്തം സ്വഭാവം മാത്രം ശരിയാക്കി LAZY BOY.”

അതല്ലെങ്കിലും പ്രണയവും വിമോചനവും കാലാകാലങ്ങളായി തെറ്റിധരിപ്പിക്കപ്പെടുന്നതും അവഗണിക്കപ്പെടുന്നതുമായ കാര്യങ്ങളാണല്ലോ.

തോല്‍ വിക്ക് മുകളില്‍ തോല്‍ വിയുമായിരിക്കുമ്പോള്‍ മൂന്നാമത്തെ പിരിയഡ് ആയി. ഹിന്ദി അദ്യാപകന്‍ അബ്ബാസ് സാര്‍ പേപ്പറുമായി വന്നു.

ക്ളാസ്സില്‍ രണ്ട് പേര്‍ക്ക് മാത്രം ടോപ്പ് മാര്‍ക്ക് എനിക്കു സൈറക്കും അമ്പതില്‍ നാല്‍പ്പത്തിയൊന്‍പത് മാര്‍ക്ക്. ഇരട്ട തോല്‍വിക്ക് മേലൊരു ഇരട്ടി മധുരം. ആദ്യമായിട്ടാണു എല്ലാവരും ഹിന്ദി പഠിക്കുന്നത്. അത്കൊണ്ട് തന്നെ പലര്‍ക്കും ഹിന്ദി വളരെ പ്രയാസമേറിയ വിഷയം ആയിരുന്നു. പക്ഷേ, എന്തോ എനിക്കതില്‍ നല്ല മാര്‍ക്കുണ്ടായിരുന്നു.

അബ്ബാസ് സര്‍ ഞങ്ങളെ രണ്ട് പേരെയും വിളിച്ച് സഹപാഠികള്‍ക്ക് മുന്‍പില്‍ നിര്‍ത്തി അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു give them a big clap. എല്ലാവരും കയ്യടിച്ചു.

ഇന്റര്‍വെല്‍ സമയത്ത് എല്ലാവരും വീട്ടില്‍ നിന്നും കൊണ്ട് വന്ന പലഹാരങ്ങളും മറ്റും കഴിച്ച് കൊണ്ടിരിക്കുമ്പോള്‍. സൈറ എന്റെ അടുത്ത് വന്ന്‍ അവളുടെ ബാപ്പ കൊടുത്ത പൊതിയില്‍ നിന്നും എനിക്കൊരു ചോക്ളേറ്റ് എടുത്ത് തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു ''എന്തിനാ കരയണേ.. അടുത്ത പരീക്ഷയില്‍ നല്ല മാര്‍ക്ക് വേടിക്കാം. നന്നായി പഠിച്ചാല്‍ മതി.. ബാപ്പ വാങ്ങി തന്നതാണ്‌ കഴിക്കൂ..''

അവള്‍ മധുരത്തിനൊപ്പം പുഞ്ചിരിയുടെ ഇരട്ടിമധുരം പകര്‍ന്ന് അവളുടെ സീറ്റില്‍ പോയിരുന്നു.

ക്ളാസ്സില്‍ 45 സഹപാഠികളില്‍ സൈറ മാത്രമാണ്‌ എന്നെ ആശ്വസിപ്പിച്ചത്. അവള്‍ മാത്രമാണ്‌ സ്നേഹമായി വാക്കുകള്‍ മൊഴിഞ്ഞത്. അവള്‍ ഒരാള്‍ മാത്രമെന്തിനെന്നെ ഇത്രയും പരിഗണിക്കണം.

പ്രണയമെന്ന വാക്ക് അക്ഷരപിശകില്ലാതെ എഴുതാന്‍ അറിയാത്ത പ്രായത്തില്‍. ഹൃദയത്തില്‍ കളി മാത്രമുള്ള നിഷ്കളങ്ക കാലത്ത് തളിരിട്ട ഈ വസന്തത്തെ എന്ത് പേരിട്ട് വിളിക്കണം എന്ന് എനിക്കറിയില്ല. ഒന്നുറപ്പാണു പരസ്പരമുള്ള അസാന്നിദ്യങ്ങള്‍ രണ്ട് പേരെയും നൊമ്പരപ്പെടുത്തിയിരുന്നെന്ന് അറിഞ്ഞിരുന്നു ഞങ്ങള്‍.

മഴ അതിന്റെ എല്ലാ തനിമയോടും കൂടി തിമിര്‍ത്ത് പെയ്തു. ചുവന്ന ചരല്‍ കല്ലുകള്‍ ഒലിച്ച് പോകുന്ന ഒഴുക്ക്. ഞാന്‍ ഓടിച്ചെന്ന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടക്കുന്ന ഹാളിലേക്ക് കയറിയിരുന്നു.

ബാല്യത്തിന്റെ ഓര്‍മമഴയില്‍ നിന്നും യൌവ്വനത്തിന്റെ പേമാരിയിലേക്ക് എടുത്ത് ചാടിയ എന്റെ കണ്ണുകളില്‍ കണ്ണീരുണ്ടായിരുന്നു. മഴത്തുള്ളികളോട് പിണഞ്ഞ് കണ്ണുനീര്‍ തുള്ളി കുതിര്‍ന്നു.

ഒരു മുഖം മാത്രം തിരഞ്ഞ് ഞാന്‍ ഒരു നൂറു മുഖങ്ങളിലൂടെ കടന്നു പോയി. മഴയായത് കൊണ്ടാകും വരുമായിരിക്കും എന്ന് കരുതി ഞാന്‍ സദസ്സിലിരുന്നൊരു സ്വപ്നം കാണാന്‍ ശ്രമിച്ചു. കാലങ്ങള്‍ക്ക് ശേഷം സ്വപ്നത്തിലെങ്കിലും കാണാനാകുമെന്ന ഒരു മോഹത്തിന്റെ സഫലീകരണത്തിനായുള്ള ഒരു ശ്രമമായിരുന്നു അത്. ശ്രമം വിഫലം.

ഒഴുകി പരക്കുന്ന തരുണികളില്‍ സൈറയെ തിരഞ്ഞ് തളര്‍ന്ന കണ്ണുകളുമായി നില്‍ക്കുമ്പോള്‍. ഒരു പെണ്‍കുട്ടി വന്നിട്ട് പറഞ്ഞു ' ഫെയ്സ്ബുക്കില്‍ നിന്റെ കവിതകളും മറ്റും വായിക്കാറുണ്ട്.. കൊള്ളാം..' ഞാന്‍ മുന്‍പരിചയമില്ലാത്ത ഒരുവളായിരുന്നു അത്. വായിചിട്ട് നല്‍കുന്ന ലൈക്കില്‍ നിന്നു കമന്റില്‍ നിന്നും ആ പേരുകള്‍ ഞാന്‍ വായിച്ചെടുത്തതായി ഇപ്പോള്‍ ഓര്‍ക്കുന്നു.

സൈറ... നീ ഇത്തവണയും വന്നില്ലല്ലോ.. ഓര്‍മകള്‍ മാത്രം ബാക്കിയാണു.. നിനക്കറിയുമോ നിന്നെക്കുറിച്ച് എഴുതുന്ന വരികള്‍ക്ക് എന്തൊരു സൌന്ദര്യമെന്നോ.. എന്റെ അനുരാഗ കോവില്‍ പടുത്തുയര്‍ത്തിയത് നീയാണെന്ന് കാലങ്ങള്‍ക്കിപ്പുറത്ത് ഇരിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു.

ആദ്യ പ്രണയം ഏതെന്ന് ചോദിക്കുമ്പോള്‍ സൈറാ… ഒരു നാലാം ക്ളാസുകാരന്റെ നിഷ്കളങ്കതയോടെ ഞാന്‍ അറിയാതെ നിന്നെ ഓര്‍ത്ത് പോകുന്നു.. അറിയാതെ നോവുന്ന ഒരു കാത്തിരിപ്പുമായി ഞാന്‍ ഇനിയും വരും... നിന്റെ ഹൃദയാഭിലാഷങ്ങളില്‍ ഒന്ന് നിന്റെ അടുത്തെത്തി എന്ന് ഞാന്‍ അറിയുന്നു... ഈ ലോകത്ത് എവിടെയെങ്കിലും ഹൃദയമിടിപ്പുകള്‍ക്ക് കാതോര്‍ത്ത് ആശ്വാസത്തിന്റെ ഔഷധം കുറിച്ച് നീയുണ്ടാകും സന്തോഷത്തോടെ.... ആദ്യ പ്രണയത്തിന്റെ ഓര്‍മകളുമായി ഞാനിവിടെ ഈ മുറിച്ച് മാറ്റപ്പെട്ട മാവിന്റെയും തകര്‍ത്തുകളഞ്ഞ പാറക്കൂട്ടങ്ങളുടേയും ഓര്‍മകള്‍ക്കൊപ്പം ഉണ്ടാകും..

ഒരു നാലാം ക്ളാസുകാരന്റെ മടിയില്ലാത്ത പ്രണയവും വിമോചന സ്വപ്നവുമായി...

വാതിലുകള്‍ തുറയുന്നു അടയുന്നു...

വാതിലുകള്‍ തുറയുന്നു അടയുന്നു.. തുറയുന്നു അടയുന്നു. എങ്ങോട്ടാണ് ആളുകള്‍ ഇത്ര വെപ്രാളപെട്ട് പോകുന്നത്. രാത്രി തലചായ്ക്കുമ്പോള്‍ നാളെയെക്കുറിച്ചുള്ള വേവലാതികള്‍. ഒന്ന് സുഖമായി ഉറങ്ങാന്‍ കണ്ണടച്ചാല്‍ നാളെയുടെ സ്വപ്നങള്‍ വന്നു ഉണര്‍ത്തും. ആര്‍ക്കും അറിയില്ല ഈ ഓട്ടം വേഗതയുള്ളതായത് എപ്പോഴാണെന്ന്. ഒന്നുറപ്പാണ് പണക്കാരന്‍ ഉള്ളത്‌ കൊണ്ടാണ് പാവപെട്ടവന്‍ ഉണ്ടായത്‌ ഈശ്വരന്‍ ഉള്ളത് കൊണ്ടാണ് നിരീശ്വരവാദം ഉണ്ടായത്‌ രാഷ്ട്രം ഉള്ളത് കൊണ്ടാണ് രാഷ്ടീയം ഉണ്ടായത്‌ ഇതൊക്കെ ഉണ്ടായത്‌ കൊണ്ടാണോ ആളുകള്‍ വെപ്രാളപ്പെട്ട് ജീവിക്കുന്നത്.? നീയാണ് മറുപടി പറയേണ്ടത്‌. ഒരു തരം വേവലാതി ആണ് ആളുകള്‍ക്ക് അതിരാവിലെ തന്നെ എഴുന്നേറ്റ്‌ തുടങ്ങും ഓട്ടം. ട്രെയിനില്‍ കുത്തിനിറച് ബസില്‍ ഓടിക്കയറി ബൈകില്‍ ചീറിപ്പാഞ്ഞ് കാറില്‍ ചമഞ്ഞിരുന്ന്‍ വിമാനത്തില്‍ പരന്നുയര്‍ന്ന്‍ അങ്ങനെ തന്നെ എന്നും എല്ലാവരും. എന്തിനാണിതൊക്കെ എന്ന് ഞാന്‍ സംശയിച്ചാല്‍ അതിനുള്ള മറുപടി പണമുണ്ടാക്കാന്‍ എന്നായിരിക്കും. അപ്പോള്‍ ഇന്നലെ വരെ ഉണ്ടാക്കിയതോ..? ജീവിതം ഉത്തരം കിട്ടാത്ത പ്രഹേളികയാണ് ഞാന്‍ വെപ്രാളിതനും എല്ലാവരും അങ്ങനെയാകുമ്പോള്‍ ഞാന്‍ മാത്രം എന്തിനു അല്ലാതാകണം.?
വാതിലുകള്‍ ഇനിയും തുറക്കപ്പെടും എനിക്കറിയാം നീ തീരുമാനിക്കും ഏതൊക്കെ തുറയണമെന്നും ഏതൊക്കെ അടയണമെന്നും.
വിശപ്പുള്ളത് കൊണ്ടാണ് വിശ്വം വികസിക്കുന്നത്...        

പ്രണയത്തിന്‍റെ ഉപ്പ്

പറയാനുള്ളതൊക്കെയും ഉള്ളില്‍ ഒതുക്കി എത്ര കാലമിങ്ങനെ കഴിയും? ഇനി പറയാനുള്ളതൊക്കെ ആരോടു പറയും? തന്റെ ആദ്യാനുരാഗത്തിന്റെ വേദനയേറിയ നൊമ്പരങ്ങളെ കുറിച്.. പ്രണയാതുരമായ നാളുകളിലെ ഹൃദയാതുരമായ സൌരഭ്യങ്ങളുടെ സുഖാനുഭവങ്ങള്‍ വിശ്വസിച് ആരോടു പറയും ...?

നിന്നെക്കുറിച്ചുള്ള ഓര്‍മകളും നിന്നെക്കുറിച്ചുള്ള നൊമ്പരങ്ങളും എവിടെപ്പോയി പങ്കുവെക്കും... അപ്പോഴൊക്കെയും ഓളം തല്ലി ഓര്‍മകളെ താലോലിക്കുന്ന തേനൂര്‍ പുഴയോട് പറയാമെന്ന ഓര്‍മ ഉള്ളിലെവിടയോ മുളപൊട്ടി. ആദ്യാനുരാഗത്തിന്റെ ആനന്ദകാലത്ത്‌ ഹൃദയസിരകളില്‍ ഊര്‍ജ്ജമായിരുന്ന നിന്നോടുള്ള പ്രണയത്തെക്കുറിച്ച് തേനൂര്‍ പുഴയോട് പങ്കുവെച് പങ്കുവെച് അവളുടെ ജലകനങ്ങള്‍ക്ക് മധുവിന്‍റെ സ്വാദ്‌ വന്നിരുന്നു.

ആരുമറിയാതെ നീ പോലുമറിയാതെ ഹൃദയത്തില്‍ അണകെട്ടി നിര്‍ത്തിയിരുന്ന ആദ്യാനുരാഗം തുറന്നു വിട്ടതും തേനൂര്‍ പുഴയിലേക്കായിരുന്നു. അത് അവളിലേക്ക് ചേര്‍ന്നതും എന്തൊരു ആവേശമായിരുന്നു അവളുടെ ഓളങ്ങള്‍ക്ക് എന്തൊരു താളമായിരുന്നു അവളുടെ ഒഴുക്കിനു. ആരുമറിയാതിരിക്കാന്‍ നിലാവ് പോലും മയങ്ങിയ നേരം നോക്കി നക്ഷത്രകൂട്ടങ്ങള്‍ കിനാവു കാണുന്ന സമയം നോക്കി തേനൂര്‍ പുഴയുടെ തീരത്ത് പുല്‍തകിടുകളെ ഉണര്‍ത്താതെയായിരുന്നു ഹൃദയവാതില്‍ തുറന്ന് അനുരാഗ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നത്. ആ അനുരാഗത്തിന്റെ മധുരമാണു അവള്‍ക്ക് തേനൂര്‍ എന്ന പേരു നല്‍കിയത്.

നേരം പുലര്‍ന്നാല്‍ ആദ്യാനുരാഗത്തിന്റെ വര്‍ത്തമാനമാണു നാട്ടിലെങ്ങും. എങ്ങെനെയിതു നാട്ടുകാരറിഞ്ഞു? ആരാണിത് നാട്ടിലാകെ പറഞ്ഞു പരത്തിയത്. നീ പോലുമറിയാതെ നിന്നോട് അനുരാഗത്തിലായിരുന്നത് അറിയാവുന്നത് തേനൂര്‍ പുഴക്ക് മാത്രമാണു എന്നിട്ടും ഇതെങ്ങനെ നാടാകെ അറിഞ്ഞു.? അതൊടുക്കം നിന്റെ കാതിലുമെത്തി...

നിന്റെയുള്ളില്‍ ആദ്യം ആനന്ദത്തിന്റെ അലമാലകളുയര്‍ന്നത് കാണാമായിരുന്നു പിന്നീടത് പുറത്ത് കാണിക്കാതെ ആരൊക്കയോ അടക്കം പറയുന്നതിന്റെ അങ്കലാപ്പില്‍ നീയത് മറച്ചു വെച്ചു. പുഞ്ചിരി വിരിയാത്ത മുഖവും മുഖം തരാത്ത ഒഴിഞ്ഞു മാറ്റവും തിരിഞ്ഞു നോക്കാത്ത തിരക്കു പിടിച്ച നടത്തവും... എല്ലാം കൂടി ഒരു വല്ലാത്ത അവസ്ഥയിലായി. ആദ്യാനുരാഗം സമ്മാനിച്ച നൊമ്പരങ്ങളുമായിരിക്കുമ്പോള്‍ മനസ്സിലപ്പോഴും നീ അറിയാത്ത അനുരാഗമാണു നല്ലതെന്ന് ചിന്തിച്ച് പോയി. സ്വപ്നം കാണുവനും തേനൂര്‍ പുഴയോട് പങ്കുവെക്കാനും എല്ലാം നല്ലത് നീ അറിയാത്ത അനുരാഗമായിരുന്നു...

ഇനിയീ സങ്കടം ആരോട് പറയും...?

നിലാവ് മയങ്ങാന്‍ കാത്ത് നിന്നു, നക്ഷത്രക്കൂട്ടങ്ങള്‍ കിനാവ് കാണാന്‍ പോകുന്നത് ഒളിച്ച് നിന്നു നോക്കി. ഇപ്പോള്‍ എല്ലാം ഭദ്രം, സുരക്ഷിതം. ഇനി തേനൂര്‍ പുഴയോട് പറയാം... ഹൃദയവാതില്‍ തുറന്ന് കണ്ണിലൂടെ ആദ്യാനുരാഗത്തിന്റെ നൊമ്പരങ്ങള്‍ ഒഴുകി... തേനൂര്‍ പുഴയുടെ ഓളങ്ങള്‍ നിലച്ചു... സങ്കടം സഹിക്കവയ്യാതെ ആര്‍ത്തലച്ചൊഴുകി... അല്‍പ സമയം തേനൂര്‍ പുഴയോട് ചേര്‍ന്ന് കിടന്നു മയങ്ങി.

നേരം പുലര്‍ന്നപ്പോള്‍ നാട്ടിലാകെ പരിഭ്രാന്തി, ആശങ്ക, വ്യാകുലത. എല്ലാവരും പറയുന്നതൊന്നു മാത്രം... കടല്‍ വെള്ളമിനി കുടിക്കാനാകില്ല... ഉപ്പ് മുഴുവനും ഉപ്പ്.... എന്റെ പ്രണയത്തിന്റെ ഉപ്പ്.   

അറിയാതെ.


"ഞാനൊരാളുമായി പ്രണയത്തിലാണ്"

"അയാള്‍ക്ക് അറിയുമോ...?"

"ഇല്ല."

"അറിയാതെ.!?"

"അതെ, അയാള്‍ക്ക് അറിയില്ല.. അറിഞ്ഞാല്‍ അയാളെന്നെ ഇരു കൈകളും നീട്ടി ആ ഹൃദയത്തിലേക്കെന്നെ ചേര്‍ക്കും.."

"പരസ്പരം അറിയാതെ ഒരു പ്രണയമോ..? അതിലെന്ത് അനുരാഗമാണുള്ളത്..?"

"അതിലാണു അനുരാഗത്തിന്റെ അലമാലകളുള്ളത്,
നോക്കൂ...
ചന്ദ്രനും ആമ്പലും പരസ്പരം പ്രണയിക്കുന്നത് പോലെ...
അവര്‍ പരസ്പരം അറിയാതെ, ആമ്പലിന്‍ ചുറ്റും ഓളങ്ങള്‍ക്ക് വെള്ളിത്തിളക്കമേകി, അന്യോന്യം സൌന്ദര്യത്തിന്റെ കുളിരു കൈമാറി അവരറിയാതെ അവര്‍ അനുരാഗത്തിലാകുന്നു... അവര്‍ക്കിടയില്‍ അനുരാഗത്തിന്റെ ആയിരമായിരം നക്ഷത്രപൊട്ടുകള്‍ മിഴിതുറക്കുന്നു..."

"അറിയാത്ത പ്രണയവുമായി അകലത്തായി നിങ്ങളെങ്ങനെ ജീവിക്കും..?"

"ആകാശവും ഭൂമിയും ജീവിക്കുന്നത് പോലെ...
കൈകളറിയാതെ പൂക്കള്‍ കരലാളനത്തില്‍ അലിയുന്നത് പോലെ...
മഴ അറിയാതെ മഴവില്ലോരുങ്ങുന്നത് പോലെ...
അറിയാതെ ജീവിക്കും..."

"അപ്പോഴും നിങ്ങള്‍ക്കിടയിലെ പ്രണയം അനാഥമല്ലേ...?"

"ഒരു ചുമ്പനത്തിന്റെ ലഹരിയില്‍
ശ്വാസം നിലക്കുന്നതല്ലയീ പ്രണയം...
ഒരു നൂറു ചിന്തകളില്‍
ജന്മങ്ങളായി ഉയിര്‍ക്കൊള്ളുമീ പ്രണയം
ഞ്ഞാനറിയാതെ..."