സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

പ്രണയത്തിന്‍റെ ഉപ്പ്

പറയാനുള്ളതൊക്കെയും ഉള്ളില്‍ ഒതുക്കി എത്ര കാലമിങ്ങനെ കഴിയും? ഇനി പറയാനുള്ളതൊക്കെ ആരോടു പറയും? തന്റെ ആദ്യാനുരാഗത്തിന്റെ വേദനയേറിയ നൊമ്പരങ്ങളെ കുറിച്.. പ്രണയാതുരമായ നാളുകളിലെ ഹൃദയാതുരമായ സൌരഭ്യങ്ങളുടെ സുഖാനുഭവങ്ങള്‍ വിശ്വസിച് ആരോടു പറയും ...?

നിന്നെക്കുറിച്ചുള്ള ഓര്‍മകളും നിന്നെക്കുറിച്ചുള്ള നൊമ്പരങ്ങളും എവിടെപ്പോയി പങ്കുവെക്കും... അപ്പോഴൊക്കെയും ഓളം തല്ലി ഓര്‍മകളെ താലോലിക്കുന്ന തേനൂര്‍ പുഴയോട് പറയാമെന്ന ഓര്‍മ ഉള്ളിലെവിടയോ മുളപൊട്ടി. ആദ്യാനുരാഗത്തിന്റെ ആനന്ദകാലത്ത്‌ ഹൃദയസിരകളില്‍ ഊര്‍ജ്ജമായിരുന്ന നിന്നോടുള്ള പ്രണയത്തെക്കുറിച്ച് തേനൂര്‍ പുഴയോട് പങ്കുവെച് പങ്കുവെച് അവളുടെ ജലകനങ്ങള്‍ക്ക് മധുവിന്‍റെ സ്വാദ്‌ വന്നിരുന്നു.

ആരുമറിയാതെ നീ പോലുമറിയാതെ ഹൃദയത്തില്‍ അണകെട്ടി നിര്‍ത്തിയിരുന്ന ആദ്യാനുരാഗം തുറന്നു വിട്ടതും തേനൂര്‍ പുഴയിലേക്കായിരുന്നു. അത് അവളിലേക്ക് ചേര്‍ന്നതും എന്തൊരു ആവേശമായിരുന്നു അവളുടെ ഓളങ്ങള്‍ക്ക് എന്തൊരു താളമായിരുന്നു അവളുടെ ഒഴുക്കിനു. ആരുമറിയാതിരിക്കാന്‍ നിലാവ് പോലും മയങ്ങിയ നേരം നോക്കി നക്ഷത്രകൂട്ടങ്ങള്‍ കിനാവു കാണുന്ന സമയം നോക്കി തേനൂര്‍ പുഴയുടെ തീരത്ത് പുല്‍തകിടുകളെ ഉണര്‍ത്താതെയായിരുന്നു ഹൃദയവാതില്‍ തുറന്ന് അനുരാഗ അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നത്. ആ അനുരാഗത്തിന്റെ മധുരമാണു അവള്‍ക്ക് തേനൂര്‍ എന്ന പേരു നല്‍കിയത്.

നേരം പുലര്‍ന്നാല്‍ ആദ്യാനുരാഗത്തിന്റെ വര്‍ത്തമാനമാണു നാട്ടിലെങ്ങും. എങ്ങെനെയിതു നാട്ടുകാരറിഞ്ഞു? ആരാണിത് നാട്ടിലാകെ പറഞ്ഞു പരത്തിയത്. നീ പോലുമറിയാതെ നിന്നോട് അനുരാഗത്തിലായിരുന്നത് അറിയാവുന്നത് തേനൂര്‍ പുഴക്ക് മാത്രമാണു എന്നിട്ടും ഇതെങ്ങനെ നാടാകെ അറിഞ്ഞു.? അതൊടുക്കം നിന്റെ കാതിലുമെത്തി...

നിന്റെയുള്ളില്‍ ആദ്യം ആനന്ദത്തിന്റെ അലമാലകളുയര്‍ന്നത് കാണാമായിരുന്നു പിന്നീടത് പുറത്ത് കാണിക്കാതെ ആരൊക്കയോ അടക്കം പറയുന്നതിന്റെ അങ്കലാപ്പില്‍ നീയത് മറച്ചു വെച്ചു. പുഞ്ചിരി വിരിയാത്ത മുഖവും മുഖം തരാത്ത ഒഴിഞ്ഞു മാറ്റവും തിരിഞ്ഞു നോക്കാത്ത തിരക്കു പിടിച്ച നടത്തവും... എല്ലാം കൂടി ഒരു വല്ലാത്ത അവസ്ഥയിലായി. ആദ്യാനുരാഗം സമ്മാനിച്ച നൊമ്പരങ്ങളുമായിരിക്കുമ്പോള്‍ മനസ്സിലപ്പോഴും നീ അറിയാത്ത അനുരാഗമാണു നല്ലതെന്ന് ചിന്തിച്ച് പോയി. സ്വപ്നം കാണുവനും തേനൂര്‍ പുഴയോട് പങ്കുവെക്കാനും എല്ലാം നല്ലത് നീ അറിയാത്ത അനുരാഗമായിരുന്നു...

ഇനിയീ സങ്കടം ആരോട് പറയും...?

നിലാവ് മയങ്ങാന്‍ കാത്ത് നിന്നു, നക്ഷത്രക്കൂട്ടങ്ങള്‍ കിനാവ് കാണാന്‍ പോകുന്നത് ഒളിച്ച് നിന്നു നോക്കി. ഇപ്പോള്‍ എല്ലാം ഭദ്രം, സുരക്ഷിതം. ഇനി തേനൂര്‍ പുഴയോട് പറയാം... ഹൃദയവാതില്‍ തുറന്ന് കണ്ണിലൂടെ ആദ്യാനുരാഗത്തിന്റെ നൊമ്പരങ്ങള്‍ ഒഴുകി... തേനൂര്‍ പുഴയുടെ ഓളങ്ങള്‍ നിലച്ചു... സങ്കടം സഹിക്കവയ്യാതെ ആര്‍ത്തലച്ചൊഴുകി... അല്‍പ സമയം തേനൂര്‍ പുഴയോട് ചേര്‍ന്ന് കിടന്നു മയങ്ങി.

നേരം പുലര്‍ന്നപ്പോള്‍ നാട്ടിലാകെ പരിഭ്രാന്തി, ആശങ്ക, വ്യാകുലത. എല്ലാവരും പറയുന്നതൊന്നു മാത്രം... കടല്‍ വെള്ളമിനി കുടിക്കാനാകില്ല... ഉപ്പ് മുഴുവനും ഉപ്പ്.... എന്റെ പ്രണയത്തിന്റെ ഉപ്പ്.