സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

ശൂന്യതയില്‍ നിന്നൊരു അന്തിമയാത്ര


”കടന്നുവരൂ നമുക്കൊന്നിച്ചുപോകാം
എവിടേക്കെന്നറിയില്ലെങ്കിലും
വഴികളല്ലാം അജ്ഞാതമാണെങ്കിലും
ഒരിടത്ത് ഒരിടത്തുള്ള
പ്രണയതീരത്ത് നമ്മള്‍ അടിഞ്ഞു ചേരാതിരിക്കില്ല.”

ജീവിതം പലപ്പോഴും അങ്ങനെയാണ്. നമ്മുടെ തെരഞ്ഞെടുപ്പുകളും നാമലിഞ്ഞു ചേരുന്ന വിശ്വാസപ്രമാണങ്ങളുമെല്ലാം നമ്മെ രണ്ടു കൈവഴികളാക്കുമെന്നാലും യാത്രാന്ത്യം നാം കണ്ടുമുട്ടും; പ്രണയമെന്ന മഹാസാഗരത്തിന്റെ തീരത്ത്. മനുഷ്യനു ജീവിതത്തോടുള്ള പ്രണയം വളരെ വലുതാണ്. എത്ര ശ്രമിച്ചാലും ഓടിയൊളിക്കാനാവാത്ത ഒരുതരം ആസക്തിയാണ് മനുഷ്യനു ജീവിതത്തോടെന്നും തോന്നിയിട്ടുള്ളത്.

അവന് അവളോട് തോന്നുന്ന പ്രണയം തീര്‍ത്തും വ്യത്യസ്തമാണ്. അത് നീയും ഞാനും, ഞാനും നീയും, നമുക്കിടയിലെ ആദ്യ കൗതുകങ്ങളും നമ്മുടേതെന്ന് വിശ്വസിക്കും പ്രിയങ്ങളും ചൊരിഞ്ഞുകൊണ്ടിരിക്കുന്ന തോരാമഴയാണ്. വ്യക്തി സമുദ്രങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന, സ്‌നേഹിക്കുന്ന, കലഹിക്കുന്ന, കാമിക്കുന്ന, പ്രണയിക്കുന്ന, അന്യോന്യം അന്വേഷിക്കുന്ന, അല്പം നീണ്ട ഒരു യാത്രയാണ് ശ്രീ ലുഖ്മാനുള്‍ ഹഖീമിന്റെ ‘പൊടുന്നനെ പൂക്കുന്ന പൂക്കള്‍’. ഒരുതരത്തില്‍ പറഞ്ഞാല്‍ പക്വതയാര്‍ന്നെരു ആത്മസമര്‍പ്പണമാണീ കവിതാസമാഹാരം.

വഴികള്‍ വിചിത്രമാവുന്നതുതൊട്ട് പ്രണയമൊരു കഥയല്ലെന്ന തിരിച്ചറിവുവരെ എത്തി നില്പാണീ മനോഹരമായ വരികള്‍. ജീവിതം എന്ന നാല് വാക്കിന്റെ അര്‍ഥം ഒരു കുഞ്ഞുപുസ്തകത്തിലൊതുങ്ങില്ലെന്നറിയുകിലും ആ അത്ഭുതത്തെപ്പറ്റിയുള്ള ഒരു വിശകലനാത്മ സാഹിത്യശ്രമങ്ങള്‍ എഴുത്തുകാരന്‍ ഈ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നു.

യാത്രകള്‍, ചെറുതാണെങ്കിലും വലുതാണെങ്കിലും അവയ്ക്ക് കൃത്യമായൊരു ലക്ഷ്യമുണ്ടാവണമെന്ന് നിര്‍ബന്ധമില്ല. അറ്റമില്ലാത്ത അന്വേഷണങ്ങളുടെ തത്വസംഹിതകളാവും ഓരോ യാത്രക്കും പറയാനുണ്ടാവുക. ഒരു ബിന്ദുവില്‍നിന്നു തുടങ്ങി കണ്ണെത്താ ദൂരത്ത് ഒരു മരീചികയുടെ ഛായയുള്ള മറ്റൊരു ബിന്ദുവിലേക്കുള്ള ദീര്‍ഘമായ പ്രയാണമാണ് ഓരോരുത്തരുടെയും ജീവിതം. ഇതെഴുതുന്ന എനിക്കുപോലുമറിയില്ല ഈ വാക്കുകളെ അന്വേഷിച്ചുള്ള യാത്ര എപ്പോഴാണ് ഞാന്‍ തുടങ്ങിവെച്ചത്.

അതുകൊണ്ടാവാം കവി:
എല്ലാ അകലങ്ങളും
അടുക്കുമ്പോഴും
വഴികളെല്ലാം വിചിത്രമാകുന്നു
ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല
എപ്പോഴാണ് നിന്നെ അന്വേഷിച്ചുള്ള
എന്റെ യാത്ര ആരംഭിച്ചതെന്ന്
എന്നെഴുതിയത്.

ഏതു കാലത്തും ഏതു ലോകത്തിലും ഏതൊരു ഋതുവിലും കാറ്റും കടലും പുഴയും മഴയും സൂര്യനും ചന്ദ്രനുമെല്ലാം തന്നെയായിരുന്നു മനുഷ്യന്റെ സന്ദേശവാഹകരും പ്രേമഭാജനങ്ങളും. അതെന്നുമങ്ങനെ തന്നെയാണ്. ഇളംകാറ്റിനോടും തിരമാലയോടും സൂര്യനോടും നിലാവിനോടുമെല്ലാം പ്രണയിനിയെക്കുറിച്ച് ആരായുന്ന കവിയെക്കണ്ടപ്പോള്‍ ഓര്‍മ വന്നത്, സന്ധ്യാസമയത്ത് ഫ്രഞ്ച് കടല്‍തീരത്ത് തിരമാലകളെനോക്കി നിന്നപ്പോള്‍ പണ്ട് സോഫോക്ലീസിനനുഭവപ്പെട്ട അതേ വിരഹമായിരുന്നു തന്റെയും മനസ്സില്‍ എന്നെഴുതിയ മാത്യു അര്‍ണോള്‍ഡിനെയാണ്.

അവതാരികയില്‍ ഷൗക്കത്ത് തന്റെ സ്‌നേഹവാനായ ഇക്കയുടെ മകനായ ലുഖ്മാന്റെ എഴുത്തിനെപ്പറ്റി പറയുന്നുണ്ട്. വൈവിധ്യമാര്‍ന്ന പ്രണയങ്ങളുടെ പാരമ്യം കൊണ്ട് ഇവ നിറഞ്ഞിരിക്കുകയാണെന്നും, കവിയുടേതല്ലാതെ കാലത്തിന്റേതായി മാറിയ കവിതകളാണിതിലധികവുമെന്നും അദ്ദേഹം എഴുതിയിരിക്കുന്നത് ഒരിക്കലും ഒരു ബന്ധുസഹോദരനോടുള്ള കടപ്പാടല്ല, മറിച്ച് നല്ലൊരു ആസ്വാദനാനുഭവത്തിന്റെ വീര്യം നിറഞ്ഞ വര്‍ണനകളാണ്.

പ്രണയം നാമെല്ലാവരെയും ചെറുപ്പമാക്കിക്കൊണ്ടിരിക്കും. പക്ഷേ തീവ്രപ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരുടെയുള്ളില്‍ മറ്റൊരു ‘ഞാന്‍’ ഉണ്ടായിരിക്കും. ഞാനെന്ന അസ്ഥിത്വത്തെ ലോകത്തിലെ സകല ചരാചരങ്ങളുമായി വിസ്മയിപ്പിക്കും വിധം അലിയിക്കാന്‍ കഴിവുള്ള ‘ഞാന്‍’. ഈ പുസ്തകം അത്തരമൊരു പ്രത്യേക അസ്ഥിത്വത്തെ കണ്ടെത്തുവാനുള്ള കവിയുടെ വെമ്പലായിക്കൂടി കാണേണ്ടിവരും. പല കവിതകളിലും ആ അസ്ഥിത്വത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ച ഒരുവന്റെ എല്ലാവിധ അപാരതകളുമുണ്ടെങ്കില്‍ മറ്റു ചിലതില്‍, കണ്ടെത്തിയ അസ്ഥിത്വം അപൂര്‍ണമാണെന്ന ചിന്തയില്‍ കുരുങ്ങി വാങ്മയ ചിത്രങ്ങളില്‍ അഭയം പ്രാപിക്കുന്ന കവിയെയും നമുക്കു കാണാം.

‘ഞാനെന്റെ ദേഹിയുമായി അപരിചിതമാം വഴികളിലൂടെ നിന്നിലേക്കടുക്കട്ടെ’ എന്നെഴുതുമ്പോള്‍ അവിടെ മരണത്താല്‍ മാത്രം സഫലമാകുന്ന മറ്റൊരുതരം പുണ്യപ്രണയം ദൃശ്യമാകുന്നു.

കാണുന്നതും കേള്‍ക്കുന്നതും തോന്നുന്നതും ആയ എന്തിനും ഭാവന കൊണ്ടു നിറംകൊടുക്കുന്ന ഒരു സുന്ദരമായ ചിത്രണം ഈ കവിതകളിലുടനീളം കാണാനാകും. ആണൊരു ക്യാന്‍വാസെങ്കില്‍, വിവാഹത്തോടെ പെണ്ണതിനു നിറമാകുന്ന ആത്മീയാനുഭൂതിയുടെ സ്വപ്ന സാക്ഷാത്കാരം.

കേവലം ആണും പെണ്ണും അച്ഛനും അമ്മയും കൂട്ടുകാരനും കൂട്ടുകാരിയും എന്നിങ്ങനെ നീളുന്ന പരമ്പരാഗത പ്രണയ സങ്കല്പങ്ങളുടെ ഒറ്റക്കണ്ണാടിയെ ഉടച്ച് അത് മണ്ണും മനുഷ്യനും നിലാവും സൂര്യനും മരവും പൂവും എന്നുവേണ്ടാ ഭൂമിയുടെ എല്ലാ അവകാശികളും തമ്മിലുള്ള പ്രണയത്തിന്റെ ചില്ലുകഷ്ണങ്ങളായ് വാര്‍ത്തെടുക്കുന്നതില്‍ കവി അത്യന്തം വിജയിച്ചിരിക്കുന്നുവെന്നു പറയാതെ വയ്യ. അവസാനം വായനക്കാരെല്ലാം ആ കവിതകളിലെ ‘നിന്നെ’ തിരയുകയാണെന്ന് പ്രണയിനിയോട് സൂചിപ്പിച്ചുകൊണ്ട് കവിയുടെ ഏകാന്തയാത്ര ഒരു തുറന്ന സംവാദമായി രൂപാന്തരം പ്രാപിക്കുന്നു; തിരച്ചില്‍ തുടരുന്നു.. ചേക്കേറാനും തണല്‍ തേടാനും പുതിയ മേച്ചില്‍പ്പുറങ്ങള്‍ക്കായി…

കവിത വായിക്കാന്‍ മാത്രമുള്ളതല്ല; കേള്‍ക്കാന്‍ മാത്രമുള്ളതല്ല; അത് കാണാനും കൂടിയുള്ളതാണ്. അത്തരത്തിലുള്ള മഹത്തായൊരു ദൃശ്യസൗന്ദര്യം ഇവിടെ ‘പൊടുന്നനെ പൂക്കുന്ന’ ഓരോ പൂക്കള്‍ക്കുമുണ്ട്. ഓരോ പൂവിനും വ്യത്യസ്തമായ മണവും നിറവും സൗന്ദര്യവുമുണ്ട്.

പകലുകള്‍ പൂക്കുന്ന, കിളികള്‍ കരയുന്ന, ഇരുട്ടിനും ഒരു മനസ്സുണ്ടെന്നു വാദിക്കുന്ന, ഒരായിരം നവീന ചിന്താസരണികളാല്‍ സ്ഫുടം ചെയ്‌തെടുത്ത ഒരു ശരണോദ്യാനം ഈ പുസ്തകമാകെ പടര്‍ന്നിരിക്കുന്നു.
ഇത് വായനാനുഭവല്ല്; ഇത് വളരെ വിശാലമായൊരു ദൃശ്യാവിഷ്‌കാരമാണ്. അവിടെ നിങ്ങളുണ്ട്, ഞാനുണ്ട്, അവരും ഇവരുമുണ്ട്. വരൂ, നമുക്കീ ചില്ലകളിലിരുന്നു സംവദിക്കാം; അന്വേഷിക്കാം.http://varthamanam.com/?p=62068

നീല ഒരു നിറത്തിന്റെ പേരല്ല.

നിന്റെ വാക്കുകള്‍ എന്നെ വേട്ടയാടുന്നു...
ഹൃദയഭിത്തികളില്‍ തലതല്ലുന്ന പ്രണയത്തിനു മരണമില്ലെന്നും, അത് നിന്റെ കിടക്കപ്പായയില്‍ വട്ടംകറങ്ങുന്നെന്നും അതിരുകള്‍ ഭേദിച്ചത് ദിക്കറിയാതെ ഒഴുകുന്നെന്നും നീ പറഞ്ഞപ്പോള്‍... സത്യമായിട്ടും വീണ്ടും എന്തൊക്കയോ തികട്ടി വരുന്നു...
നമുക്ക്‌ ഉറങ്ങാതിരിക്കാന്‍... നിദ്രാവിഹീനരായി രാത്രിയുടെ നിശബ്ദതയെ കാതോര്ത്തി്രിക്കാന്‍ അത്ര വലിയ കാരണങ്ങളൊന്നും വേണ്ട. ലോലമാണ് നമ്മുടെ മനസ്സ്‌ അത്രമേല്‍ സ്നിഗ്ദവും... കാരണം, കാണുന്നവയിലെല്ലാം സൗന്ദര്യം ദര്ശി്ക്കുന്നവരാണ് ഉള്ളില്‍ കലയുള്ളവര്‍... അവരാണ് പ്രണയികള്‍...
നമ്മള്‍ എന്തൊക്കയോ പറഞ്ഞു...!!
നിന്റെ പ്രണയത്തിനു മുന്പികല്‍ എനിക്കും എന്റെ പ്രണയത്തിനു മുന്പില്‍ നിനക്കും തോല്ക്കാന്‍ മനസ്സുണ്ടായിരുന്നില്ല. ഒടുവില്‍ നമ്മളിരുവരും തോല്ക്കുകയും പ്രണയം ജയിക്കുകയും ചെയ്തു. ഒരിക്കലും പ്രണയം പരാജയപ്പെടുകയില്ലെന്ന് വിശ്വസിക്കുന്നു ഞാന്‍. തോല്ക്കുന്നത് നമ്മളാണ്... വരും വരായ്കകളുടെ വാറോലകളില്‍ മനസ്സോടിച്ച് നമ്മള്‍ സ്വയം നശിപ്പിക്കുന്നു... പ്രണയത്തെ നിഷ്ക്രിയമാക്കുന്നു... എന്നാലും ചിലരുണ്ട് പ്രപഞ്ചം തന്നെ പ്രണയിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്നവര്‍. അവര്‍ ഓരോ അണുനിമിഷത്തിലും പ്രേമിച്ച് കൊണ്ടേയിരിക്കും... പ്രണയത്തിന്റെ ആഴത്തില്‍ അവര്‍ ആത്മാവിനെ ശുദ്ധീകരിക്കും... വീണ്ടും വീണ്ടും അവര്‍ പരസ്പരം മിണ്ടണമെന്നും കാണണമെന്നും ആഗ്രഹിക്കും... അവരുടെ വാക്കുകള്‍ കവിതകളായിരിക്കും കാഴ്ചകള്‍ നിറങ്ങളായിരിക്കും... അവര്ക്കിടയില്‍ അവര്‍ അവര്‍ മാത്രമായിരിക്കും...
ഒരിക്കലും കണ്ടെത്തുകയില്ലെന്നും ഒത്തുചേരുകയില്ലെന്നുമുള്ള ഉറപ്പില്‍ നിന്നെ തിരയാനുള്ള ഉത്സാഹത്തിനാല്‍ ചടുലമായിരിക്കുന്നു എന്റെ കാല്‍ വെപ്പുകള്‍...
നിന്റെ നീല നിറത്തിനു ആകാശത്തിന്റെ വിശാലത നല്കുകക
അതിലെ നീലനിലാവാകാന്‍ എന്നെ അനുവദിക്കുക
നിന്റെ നീല നിറത്തിന് കടലിന്റെ ആഴവും
വെള്ളത്തിന്റെ ജീവനും നല്കു്ക
പ്രണയത്തിന്റെ നിറം നീലയായതിനാലാകാം
നിന്റെ ഞരമ്പുകള്ക്ക് നീല നിറം.
ഇന്നുമുതലെനിക്ക് നീല ഒരു നിറത്തിന്റെ പേരല്ല...
നീല ഒരു നിറത്തിന്റെ പേരല്ല...

മഷിത്തണ്ടിനാല്‍ മായ്കാനാകാതെ മനസ്സില്‍ കോറിയിട്ട് കല്ലുവരകള്‍

കോഴിക്കോട് dc അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലൂടെ ഞങ്ങള്‍ നടന്നുനീങ്ങി. കണ്ണില്‍ കാണുന്ന പുസ്തകങ്ങളെല്ലാം എടുത്ത്‌ പുറംചട്ടയും ബ്ലര്‍ബും വായിച്ച ശേഷം കണ്ണ് ചിമ്മി ഏതെന്കിലും പേജ് തുറന്ന് അതില്‍ കാണുന്നത് വായിക്കും ഒടുക്കം എടുത്ത സ്ഥലത്ത് തന്നെ പുസ്തകം വെക്കും.
പുസ്തകങ്ങള്‍ വാങ്ങിക്കുമ്പോള്‍ അവ വായിക്കാനുള്ള സമയം കൂടി വാങ്ങിക്കണമെന്നു എവിടയോ വായിച്ചതായി ഓര്‍ക്കുന്നു.
ബഷീറും, ഒ.വി.വിജയനും, ബെന്യാമിനും പിന്നെ കെ.ജി.ശങ്കരപ്പിള്ളയും, റഫീഖ്‌ അഹ്മദും, റോഷ്നി സ്വപ്നയും ഒക്കെ കയ്യിലുണ്ട്. വാങ്ങിയിട്ടും എടുത്തിട്ടും കൊതി തീരുന്നില്ല മതിയാകുന്നില്ല. അങ്ങിനെ ഞങ്ങള്‍ വീണ്ടും നടന്നു. അത്രയൊന്നും ആകര്‍ഷകം അല്ലാത്ത പുറംചട്ടയും തീരേ കേട്ടിട്ടില്ലാത്ത രചയിതാവും അശോകന്‍ മണിയൂര്‍, അശോകന്‍ ചെരുവില്‍ ആണോ എന്ന് ഒന്ന് കൂടി നോക്കി. അല്ല അശോകന്‍ മണിയൂര്‍ തന്നെയാണ്. കല്ലുവരകള്‍ എന്ന് പേരുള്ള ഒരു കവിതാസമാഹാരം ആയിരുന്നു അത്. ബ്ലര്‍ബ് വായിച്ചു അത്ര നന്നായി തോന്നിയില്ല, മാത്രമല്ല അവതാരികയും ഇല്ല. കൂടേയുള്ളവള്‍ ഒരു പേജ് വെറുതെ മറിച്ച് ഒരു കവിത കാണിച്ചു തന്നു.
‘ഓര്‍മ്മക്കായി' എന്ന് പേരുള്ള കവിത
“വേണം
നീ തരുന്ന നോവുകള്‍
ഇനിയും.
അല്ലെങ്കില്‍
മറന്നുപോവും ഞാന്‍
നിന്നെ.”
അത് വായിച്ചതിനു ശേഷം ഞങ്ങള്‍ പരസ്പരം നോക്കി. പുസ്തകം അവിടെ തന്നെ വെച്ചു. കാരണം അശോകന്‍ മണിയൂര്‍ അത്ര വലിയ കവിയൊന്നും അല്ലല്ലോ. അത് മാത്രമല്ല വെറുതേ എന്തിനാണ് ആ പുസ്തകം വാങ്ങി കാശ് കളയുന്നത് എന്ന മനോഭാവവും ഉള്ളില്‍ ഉണ്ടായിരുന്നു. മുന്നോട്ട് നടന്ന ഞങ്ങള്‍ തിരികെ വന്ന് ആ കവിത ഒന്ന് കൂടി വായിച്ചു. ഈ കവിതാ സമാഹാരം വാങ്ങാതെയിരുന്നാല്‍ അത് ആ കവിതയോടും കവിയോടും ചെയ്യുന്ന അനീതി ആയിരിക്കും എന്ന് മനസ്സ്‌ പറഞ്ഞു. അത് വാങ്ങിച്ചു പുറത്തിറങ്ങി അതിലെ ഒന്നാമത്തെ കവിത വായിച്ചു.
‘ചൂട്ട്’
“കൂട്ടായിരുന്നു
വെട്ടമായിരുന്നു
എന്നും.
നിലത്തുരച്
കുത്തിക്കെടുത്തി
വലിച്ചെറിയുമ്പോള്‍
ഓര്‍ത്തില്ലല്ലോ
ഒന്നും.”
ഞങ്ങള്ക്ക്ു‌ ആ വരികളോട് വല്ലാത്തൊരു ഇഷ്ടം തോന്നി. ഒരു കോപ്പി മാത്രമേ ആദ്യം ഞങ്ങള്‍ വാങ്ങിയിരുന്നോല്ലു. ഇഷ്ടം തോന്നിയപ്പോള്‍ ഒന്ന് കൂടി വാങ്ങാനായി വീണ്ടും അകത്തു കയറി. ആയിരക്കണക്കിന് പുസ്തകങ്ങള്ക്ക് ഇടയില്‍ കല്ലുവരകള്‍ തിരഞ്ഞു. അത് വെച്ചിരുന്ന സ്ഥലത്ത്‌ നോക്കി, കണ്ടെത്താന്‍ കഴിഞ്ഞില്ല (മുഖ്യധാരാ പ്രസാധകരും കവികളും ചേര്‍ന്ന് ഒളിപ്പിച്ചതാകും എന്ന് ഞങ്ങള്‍ സംശയിച്ചു ). ആരാലും അറിയാതെ തിരസ്കരിക്കപ്പെടുന്ന അനേകം കവികളില്‍ ഒരാളായിരിക്കും ഇദ്ദേഹവും എന്ന് ഞങ്ങള്‍ പറഞ്ഞു. തീരേ കേട്ട് പരിചയമില്ലാത്ത പബ്‌ലിഷറും രചയിതാവും ആയതിനാല്‍ ആരോടും ചോദിക്കാനും കഴിഞ്ഞില്ല.
ഇന്നാണ് കല്ലുവരകള്‍ മുഴുവനായും വായിച്ചത്. ഹ്രസ്വവും ഹൃദ്യവും ആണ് അതിലെ ഓരോ കവിതകളും. നിത്യ ജീവിതത്തിലെ സകല സമസ്യകളെയും പ്രതിപാതിക്കുന്നതാണ് കല്ലുവരകളിലെ ഓരോ വരികളും. വിവരിക്കാന്‍ കഴിയാത്ത അത്രയും വിശാലവും എന്നാല്‍ ലളിതവും ആണ് കവിതകള്‍ ഓരോന്നും.
58 കവിതകള്‍ അടങ്ങിയ ഈ സമാഹാരത്തിലെ എല്ലാ കവിതകളും മനോഹരമാണ്. അതിലെ ചിലത് ഞാനിവിടെ പങ്ക് വെക്കട്ടെ. കാരണം നിങ്ങള്ക്ക് ‌ ഈ കവിതാ സമാഹാരം തിരഞ്ഞാല്‍ കിട്ടണം എന്നില്ല. കിട്ടിയാല്‍ എടുക്കാനും മറക്കരുത്.

‘കള്ളം’
“ഇത്തിരിയോളം
മുഷ്ടിയോളമാത്രെ
ഹൃദയം!
കള്ളം... പച്ചക്കള്ളം...
അങ്ങിനെയെങ്കില്‍
ഇടമുണ്ടാവുമോ
ഇത്രയേറെ മുറിവേല്ക്കാന്‍?”

‘നൂലറ്റം’
“മുന്നില്‍ കണ്ട
ദ്വാരത്തിലൂടെ
അറിയാതെ കടന്നുപോയി.
പിന്നില്‍
ആരോ തീര്‍ത്ത
കുരുക്കിന്റെ
വലിപ്പമറിയാതെ...”

‘വീട്’
“പുറത്ത്‌
ഒറ്റ മതില്‍.
അകത്ത്
എത്ര മതില്‍!”

‘പടക്കം’
“ഒരു തീപ്പൊരി...
ഒരു മുഴക്കം...
സ്വയം തകര്‍ന്നെന്കിലെന്ത്‌?
അറിഞ്ഞു ഏവരും
നീ ആരെന്ന്.”

‘നീതി’
“നീതിയില്ല,
എങ്കില്‍
നീ
തീയാവുക.”

ഇരകളാകുന്നവര്‍ ഞങ്ങള്‍ മാത്രമല്ല

വായിക്കപ്പെടാതെ പോകുന്ന എത്രയോ വരികളുണ്ട്,
കണ്ണില്‍ കണ്ടിട്ടും നമ്മള്‍ ഓടിച്ചുനോക്കാത്ത എത്രയോ എഴുത്തുകളുണ്ട്.
കവിത എഴുതാതിരിക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വിപ്ലവപ്രവര്ത്തനമെന്ന് ചിലര്‍ പുതുതലമുറയെ ഉപദേശിക്കുന്നുണ്ട് ആ ഉപദേശങ്ങളുടെ ഇരകളാകാതിരിക്കാം നമുക്ക്‌. ഇന്നത്തെ കവിതകളില്‍ പുതിയതൊന്നും സംഭവിക്കുന്നില്ലെന്നു പരാതി പറയുന്ന ചില ആസ്ഥാന കവികളുമുണ്ട്. Sobin Mazhaveeduന്റെ ‘ഇരകളാകുന്നവര്‍ ഞങ്ങള്‍ മാത്രമല്ല’ എന്ന കവിതാസമാഹാരം ഈ ആസ്ഥാന ഉപദേശികള്ക്കുള്ള മറുപടി കൂടിയാണ്.
സോബിന്റെ കവിതകള്‍ ഇരയാക്കപ്പെടുന്ന സ്ത്രീക്കൊപ്പം ഉറച്ചുനില്ക്കുന്നുണ്ട് അവര്ക്കു വേണ്ടി കവി ഉറക്കെ പാടുന്നുമുണ്ട്.
‘’അവളെ ഓര്മിച്ച്
സ്വയംഭോഗത്തിലേര്പ്പെട്ടിരിക്കെ
അവളുടെ പേര് കൊത്തി ചിലച്ച
മൊബൈലിലൂടെ
ഏറ്റവും വികാരാധീനനായി
അയാള്‍ വിളിച്ചു; പെങ്ങളേ...’’
കവിയുടെ വാക്കുകളിലും വരികളിലും ഭാഷയുടെ അതിപ്രസരമില്ല, അത് നേര്ക്കു നേരെ വായനക്കാരനോട് സംസാരിക്കുകയാണ്, ആകുലതകളും വ്യാകുലതകളും പങ്ക് വെക്കുകയാണ്. ആത്മഭാഷണങ്ങളുടെ ഉള്ളഴിക്കലില്‍ തികട്ടി വരുന്ന ഓര്മകകളും, എത്രയനുഭവിച്ചിട്ടും മതിവരാത്ത പ്രണയവും, ജീവിതത്തെ കുറിച്ചിടാന്‍ കരുതുന്ന കുറച്ചു വാക്കുകളും മാത്രമേ എന്റെ കയ്യിലൊള്ളു എന്ന് കവി ആമുഖക്കുറിപ്പില്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ ആ ആശങ്കയെ അസ്ഥാനത്താക്കിയാണ് തുടര്ന്നുള്ള കവിതകളുടെ നില്പ്പും നിലപാടും.
‘’എങ്ങനെയാണിനി
ഒരച്ഛനു, മകളെ
മടിയിലിരുത്തി ഓമനിക്കാനാവുക?
ഏതമ്മയ്ക്കാണിനി
മകനെ, മാറോട്ചേര്ത്ത്
തഴുകിയാശ്വസിപ്പിക്കാനാവുക?
എങ്ങനെയാണിനി
ഒരു മുത്തച്ചന്, പേരക്കുട്ടിയെ
കൊഞ്ചിച്ചു മുത്തംവയ്ക്കാനാവുക?
ഏതമ്മാവനാണ്
പെങ്ങളുടെ കുട്ടിയെ കവിളില്‍
സ്നേഹത്തോടെ നുള്ളാനാവുക?
ഒരാങ്ങളയ്ക്കിനി
ചേച്ചിയുടെ/അനിയത്തിയുടെ
അടുത്തോന്നിരിക്കാന്‍
വിരല്‍ പിടിച്ച് നടക്കാനോ പറ്റുമോ?
രാവിലത്തെ പത്രങ്ങള്‍
എത്ര എളുപ്പത്തിലാണ്
ഓരോ ബന്ധങ്ങളിലും
അകലം പാലിക്കാന്‍
പഠിപ്പിക്കുന്നത്.’’
‘വാര്ത്തകള്ക്കിടയില്‍ സംഭവിക്കുന്നത്’ എന്ന കവിതയിലെ വരികളാണിവ. വാത്സസല്യത്തിന്റെ തലോടലും ഓമനിക്കലും വേറെയേതെങ്കിലും അര്ത്ഥത്തിലെടുക്കുമോ എന്ന് ഭയപ്പെട്ട് ജീവിക്കേണ്ട കാലത്ത്‌ ഈ വരികള്ക്ക് കൂടുതല്‍ അര്ത്ഥതലങ്ങളുണ്ടെന്നു തിരിച്ചറിയുന്നു.
പെണ്ണൊരു ഉടല്‍ മാത്രമായി ആണ്നോട്ടങ്ങളുടെ പ്രദര്ശനവസ്തുവായി മാറുമ്പോള്‍ കവി അവളെ ആര്ജ്ജവത്തോടെ ഓര്മെപ്പെടുത്തുന്നു.
‘’നിത്യസന്ദര്ശകരായ
ആണ്നോട്ടങ്ങളോടു
വീറോടെ ഉറപ്പിച്ചു പറയണം
ഒറ്റയായ അവയവങ്ങളുടെ
സ്മാരകമല്ല;പെണ്ണുടലെന്നു.’
ഇരകളാകുന്നവര്‍ ഞങ്ങള്‍ മാത്രമല്ല എന്ന് ഇടയ്ക്കിടെ ഓര്മാപ്പെടുത്തുന്ന ഈ സമാഹാരത്തില്‍ 28 കവിതകളുണ്ട്. ‘മഴയുടെ ഒറ്റമരക്കാട്’ ആണ് സോബിന്റെ ആദ്യ കവിതാ സമാഹാരം. ഈ പുസ്തകം രണ്ടാമത്തേതാണ്. പച്ചില ബുക്സ്‌ ആണ് പ്രസാധകര്‍.

കുഞ്ഞോള്‍ക്ക് ഇനിയും ചോദിക്കാനുണ്ട്.

ബാപ്പാ, എന്താ ബാപ്പാ ഈ സ്വാതന്ത്രന്നു പറഞ്ഞാല്‍?
കുഞ്ഞോളെ അന്നൊടു ഞാന്‍ പറഞീണ്ട് ആവശ്യല്ലാത്ത ചോദ്യം ഒന്നും ചോയ്ക്കരുതന്ന്. കുട്ട്യാള് കുട്ട്യാള്ടെ് കാര്യങ്ങള്‍ മാത്രം അറിഞ്ഞാ പോരെ.?
ഇങ്ങള്ക്ക് അതൊന്നണ്ട് പറഞ്ഞു കൊടുത്താലെന്താ. ഓള്ക്ക് നാളെ സ്കൂളീക്ക് ഉള്ളതാവും.
പറ ബാപ്പ എന്താത് ?
അതിപ്പോ എങ്ങനാ പറയാ... അതായത്‌ കുഞ്ഞോളെ നമ്മടെ പൊരേല് പോലീസാര് വന്നിട്ട് നമ്മളെ ഓരുടെ കൂടെ കൊണ്ടവും.
കൊണ്ടോയിട്ട്.?
കൊണ്ടോയിട്ട് അവര് ഞമ്മളെ വേണ്ടോളം തല്ലും.
തല്ലേ..!??
ആ തല്ലന്നെ, സ്വാതന്ത്രം പോലെന്നെ അതും ഞമ്മടെ അവകാശം ആണല്ലോ.
ഇന്നെട്ടോ.?
അത് കഴിഞാലല്ലേ നമ്മള് പൊരുതി നേടിയ സ്വാതന്ത്രം കിട്ടാന്‍ പോണത്‌. പോലീസ്‌കാര് ബോംബ്‌ പൊട്ടിയ സ്ഥലങ്ങള്ടെ പേരൊക്കെ ഇങ്ങട്ട് ഇട്ക്കും അതിലിഷ്‌ടള്ള സ്ഥലം ഞമ്മക്ക്‌ സെലക്ട് ചെയ്യാം. അതാണ്‌ കുഞ്ഞോളെ സ്വാതന്ത്രം.
അപ്പൊ, എന്താ ബാപ്പാ ഈ സുരക്ഷ.??
എടീ.. ഖദിയ്യു ഈ കുരുത്തംകെട്ടോളെ ഇജ്ജി ഇവ്ട്ന്നു കൊണ്ടവണ്ണ്ടാ...
ഞാനിവ്ട്ന്നു വന്നാ ഈ പത്തിരിയൊക്കെ കരിയും. ഇങ്ങളത് പറഞ്ഞു കൊടുത്താളിം.
പറ ബാപ്പ.
കുഞ്ഞോളെ ബോംബ്‌ പൊട്ടിച്ചത്‌ ഞമ്മളാന്ന് സമ്മതിച്ചാലും ഇല്ലെങ്കിലും ഓര് ഞമ്മളെ പൂട്ടും. അപ്പൂട്ടാണ് കുഞ്ഞോളെ സുരക്ഷ.!!
ബാപ്പാ ഈ നീതിയും ഇത്പോല്ത്ത്ന്നേണോ.??
നീതി... ഹ്മം... ഞാന്‍ നീട്ടി ഒന്നങ്ങ്ട്ട് തരും. ഹിമാറെ, അനക്ക് വേറൊന്നും ചോയ്ക്കാനില്ലേ..!?
ഇതുംകൂടി പറഞ്ഞാ മതി ബാപ്പാ.
അതിപ്പോ അത്ര വല്ല്യ കാര്യം ഒന്നും അല്ല കുഞ്ഞോളെ. പത്ത്‌ പന്ത്രണ്ട് കൊല്ലം ജയിലില്‍ കെടന്നാല്‍ നമ്മളോട് കോടതി പറയും നമ്മള് നിരപരാധിയാണെന്ന്, അതാണ്‌ നീതി...
ബാപ്പാ... ഇതേതാ ബാപ്പാ ഈ നാട്.??
കൂടുതല്‍ ചോദിക്കാനോ പറയാനോ കുഞ്ഞോള്ക്കും ബാപ്പാക്കും അവസരം കിട്ടുന്നതിനു മുന്പേ പുതിയ പ്രധാനമന്ത്രി സത്യപ്രതിഞ്ജ ചെയ്തു കഴിഞ്ഞിരുന്നു.

ചിത്രം വരയ്ക്കുന്ന പെണ്ണ്

മുറ്റത്ത്‌ ചൂലുകൊണ്ട് മഴവില്ല്
ചട്ടിയില്‍ മാവ്കൊണ്ട് ചന്ദ്രന്‍
കായംപുരട്ടാന്‍ കത്തികൊണ്ട്
അരിയിലെ കല്ല്‌ പറക്കാന്‍
വിരലുകൊണ്ട്
ജീവിതം വരച്ചുതീര്‍ത്ത ചിത്രങ്ങളില്‍
നിറംകൊണ്ടത് ഞാന്‍ മാത്രം.

എനിക്ക് നിന്നോടൊരു
രഹസ്യം പറയാനുണ്ട്
നിനക്കറിയാവുന്ന സത്യം തന്നെയാണത്.
നീ ചോദിച്ച ചോദ്യവും
അതിനു നീ തന്നെ പഠിപ്പിച്ച ഉത്തരവും
ഉള്ളില്‍ നീറുന്നുണ്ട്
അതിനാല്‍ ആ രഹസ്യം
ഞാന്‍ വെളിപ്പെടുത്തട്ടെ,
നിന്റെ കാമുകനോ
നിന്റെ ഭര്‍ത്താവിനോ
നിന്റെ കൂട്ടുകാരനോ
നിന്റെ സഹോദരനോ
നല്‍കാത്ത ഒന്നാണ്
എനിക്ക് നീ നല്‍കിയത്‌.
ഇപ്പോഴും നീ പഠിപ്പിച്ച ഉത്തരം
ഞാന്‍ എന്നെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു,
നമ്മള്‍ പ്രണയത്തിലാണോ എന്ന
കടുപ്പമുള്ള ചോദ്യത്തിന്റെ
പ്രണയത്തിലല്ലെന്ന
എളുപ്പമുള്ള ഉത്തരം.

സ്നേഹപൂര്‍വ്വം

എയര്‍പോട്ടിന് അടുത്താണ് എന്റെ മുറി. കേട്ടിടങ്ങള്‍ക്കിടയിലൂടെ കാണുന്ന ഒരു കീറ് ആകാശം അതിലൂടെ പറന്നുയരുന്ന വിമാനങ്ങളെ ഇടയ്ക്കിടെ ശ്രദ്ധിക്കാറുണ്ട്‌. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിമാനത്തിന്റെ ശബ്ദം കാതോര്‍ക്കും. അതുയര്‍ന്നു പോകുന്നതിനൊപ്പം ഞാനും പോകും. അതിനകത്തുള്ളവരെ കുറിച്ച് അവരുടെ യാത്രകളുടെ ലക്ഷ്യങ്ങളെ കുറിച്ച് ഓര്‍ത്ത്‌ ‌ അങ്ങനെ ഉറക്കത്തിലേക്ക് ഇറങ്ങും. നാട്ടിലായിരിക്കുമ്പോള്‍ സംസ്ഥാന പാതയിലൂടെ രാത്രിയില്‍ വല്ലപ്പോഴും പാഞ്ഞു പോകുന്ന പാണ്ടി ലോറികളുടെ അകലെ നിന്നുള്ള ശബ്ദം ശ്രദ്ധിച് കിടക്കും, ലോറിയിലുള്ള ചരക്കുകളെ കുറിചോര്‍ക്കും ഉറക്കമൊഴിച് വണ്ടി ഓടിക്കുന്ന അണ്ണാച്ചിയെ കുറിചോര്‍ക്കും അങ്ങനെ പതുക്കെ മയങ്ങും. ഇങ്ങോട്ട് വരുന്നതിന്റെ മുന്പ്്‌ കുറച്ചു നാളുകാളായി കേട്ടുകൊണ്ടിരിക്കുന്നത് രാത്രിയില്‍ നാട്ടിലെ കുന്നും മലയും ടിപ്പര്‍ ലോറികള്‍ കട്ട് കൊണ്ട് പോകുന്ന ശബ്ദമായിരുന്നു. അവര്‍ ചെയ്യുന്ന ചെയ്തികള്‍ പോലെ തന്നെ തീരേ മനോഹരമല്ല ആ ഒച്ചയും. അതുകൊണ്ട് തന്നെ ആ ശബ്ദം ശ്രദ്ധിച്ചു കിടന്നാല്‍ ഉറക്കം വരാറില്ല. കണ്ണില്‍ ബാക്കിയാകാറുള്ളതു കണ്ണീരു മാത്രം. അയല്‍പക്കത്തെ കിണറുകള്‍ ഇപ്പഴേ വറ്റി. എന്റെ വീട്ടിലേതും വറ്റിയിട്ടുണ്ടാകും. എന്ത് കുന്ന്, എന്ത് മല വെള്ളം വറ്റുമ്പോള്‍ മാത്രം വേവലാതിപ്പെടുന്ന കുറേ നാട്ടുകാര്‍.
നിനക്കുള്ള കത്തുകളും നീ എനിക്കെഴുതാറുള്ള കത്തുകളും ഇപ്പോള്‍ നന്നേ കുറഞ്ഞിരിക്കുന്നു. ഞാന്‍ ഇങ്ങോട്ട് വന്നതില്പ്പി്ന്നെ നിനക്ക്‌ ഞാനൊന്നും എഴുതിയിട്ടില്ല. എനിക്കേറ്റവും പ്രിയം നിറഞ്ഞ നിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു. പോസ്റ്റ്‌മാന്റെ വീട് നിന്റെ വീടിന്റെ അടുത്ത്‌ ആയതിനാല്‍ കത്ത്‌ കൃത്യമായി നിനക്ക്‌ കിട്ടും എന്ന വിശ്വാസത്തോടെയാണ് ഞാന്‍ എന്നും എഴുതാറു.
ഒരു ക്ലീഷേ ചോദ്യം ചോദിക്കട്ടെ.? എല്ലാവരും എപ്പോഴും ചോദിക്കുന്ന ചോദ്യം “സുഖമല്ലേ നിനക്ക്.?”, “എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.?”. ക്ലീഷേ മറുപടിയായിരിക്കും എന്നറിയാമെങ്കിലും സുഖമാണെന്നും നല്ല വിശേഷങ്ങള്‍ ആണെന്നുമുള്ള ഉത്തരം അതെപ്പോഴും ശരിയല്ലെന്ന സ്വയം ബോധ്യമാണെന്നിരിക്കെ നമ്മള്‍ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കും.
ആരും ചോദിക്കാത്ത എന്നാല്‍ അകത്തിട്ട് പൂട്ടിയ ഒരു ചോദ്യം ഞാന്‍ നിന്നോടു ചോദിക്കട്ടെ.? നിന്നോടെന്നും ചോദിക്കാറുള്ള ആരോടും പറയരുതെന്ന് സത്യം ചെയ്യിപ്പിച്ച് ചോദിക്കാറുള്ള ചോദ്യം.
“ഇഷ്ടമാണോ എന്നെ.?”
“ആ.” എന്നേ പറയൂ എന്നെനിക്കറിയാം. എങ്കില്‍ അടുത്ത ചോദ്യം ചോദിക്കാം ഇതിനൊപ്പമുള്ള ഉപചോദ്യം. “എത്രപ്പോരം ഇഷ്ടമുണ്ട്.?” അറിയില്ലെന്ന ആ വലിയ ഉത്തരത്തില്‍ അളക്കാന്‍ കഴിയാത്ത ആ ആഴമേറിയ ഇഷ്ടത്തില്‍ ഞാന്‍ നിന്നെ അറിഞ്ഞ് സ്നേഹിച്ച് പോകുന്നു.
ഇവിടെ വന്നിട്ട് 25 ദിവസം കഴിഞ്ഞു. കുറച്ചു ദിവസം പനി പിടിച്ചു കിടന്നു, തണുപ്പ്...
കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ആളുകള്‍ ചോദിച്ചു തുടങ്ങും പണി എന്തായി ജോലി ഒന്നും ആയില്ലേ എന്നൊക്കെ.
ജോലി എന്റെ താല്പര്യം അല്ല, പണിയെടുക്കാതെ എങ്ങനെ ജീവിക്കാം എന്നതിനെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരു ചെറുപ്പക്കാരനോട് ചോദിക്കാന് പാടുള്ള ചോദ്യമാണോ അത്. നമുക്ക്‌ ജോലി വേണം എന്നത് ഒരു പൊതുതാല്പര്യം ആണ്. അത് കൊണ്ടാണല്ലോ ഇത്ര താല്പര്യത്തോടെയും ആവേശത്തോടെയും എല്ലാവരും ചോദിക്കുന്നത് പണിയൊന്നും ആയില്ലേ.?ജോലി നോക്കുന്നില്ലേ.??.
ഇത്പോലെ തന്നെയാണ് വിവാഹത്തിന്റെ കാര്യവും “അല്ല, കല്യാണം ഒന്നും കഴിക്കുന്നില്ലേ..?” ഇതൊക്കെ ഒരു പൊതുതാല്പ്പര്യം ആണ് സ്വന്തം താല്പര്യങ്ങളൊക്കെ പൊതുതാല്പ്പര്യത്തിന് മുന്പില്‍ ബലി കഴിക്കുക.
നീ ചോദിച്ചില്ലേ ഇവിടെ മണ്ണുണ്ടോ എന്ന്. ഉണ്ട് ഇവിടെ മണ്ണുണ്ട് പക്ഷെ മണ്ണിന്റെ മണമില്ല. ആകാശത്തിന് മേഘങ്ങളുടെ അലങ്കാരപ്പണികള്‍ ഇല്ല. മഴയ്ക്ക് പ്രണയത്തിന്റെ ആര്‍ദ്രതയില്ല. കാറ്റിന് ഓര്മകകളുടെ ഓമനത്വമില്ല. എനിക്ക് നീയുമില്ല.... രാത്രിയില്‍ നിന്റെ ഒറ്റ നക്ഷത്രവും എന്റെ നിലാവും മാത്രം പരസ്പരം മുഖത്തോടു മുഖം നോക്കി എന്തൊക്കയോ പറയുന്നുണ്ടാകും...
അറിഞ്ഞില്ലേ... എന്റെ സഹബെഞ്ചുകാരനും കൂട്ടുകാരനും ആയ അഫ്താബിന്റെ നിക്കാഹ് കഴിഞ്ഞു. ഫോട്ടോ കണ്ടിരുന്നു അവനെപ്പോലെ തന്നെ അവനു ചേര്ന്ന ഒരു സുന്ദരിയായ ഒരു ഇണയെ തന്നെ അവനു കിട്ടി. നാന്സി പ്രസവിച്ചു പെണ്കുട്ടി. പിന്നെ നമ്മുടെ നിസരി ഭര്ത്താവിനൊപ്പം സൌദിയിലാണ് രണ്ടു കുട്ടികളുമായി അവിടെ ഫ്ലാറ്റില്‍ കഴിയുകയാണ്. അടുത്ത മുറിയിലുള്ളവര്‍ ഇന്ത്യക്കാരാണ് പക്ഷെ മല്ലൂസ് അല്ല. അവരൊക്കെ ഭയങ്കര ഇംഗ്ലീഷ്‌ ആണെത്രേ. പാവം സ്പോക്കണ്‍ ഇംഗ്ലീഷ്‌ ഓണ്ലൈമനില്‍ പഠിക്കാന്‍ പറ്റുമോയെന്നു ചോദിചിരിന്നു. വഴിയൊക്കെ പറഞ്ഞു കൊടുത്തു. സഹനയുടെയും ആദിലിന്റെയും പ്രണയം സഫലമായത്തില്‍ എനിക്ക് ഇപ്പോഴും അസൂയ ഉണ്ട് അതിലേറെ സന്തോഷവും. മുനീഫും ഫിദയും, റഖീബും സോനമും, സ്വഫവാനും റംസിയും ആധുനിക കാലത്തെ വെര്‍ച്വല്‍ പ്രണയസാഫല്യത്തിന്റെ ഉദാഹരണങ്ങളായി ജീവിച്ചു തുടങ്ങി, എന്റെ കാര്യത്തില്‍ ടെക്നോളജി പോലും പരാജയപ്പെടുകയാണ്.
താഴത്തെ മുറിയിലെ ജിപ്പുവിന്റെ സ്കൈപ് ദാമ്പത്യം എന്റെ മുറിയിലെ വോയ്പ്‌ വൈബര്‍ സല്ലാപങ്ങള്‍. ഈ ആപ്പ്‌ കാലത്ത്‌ ഒരു കത്തെഴുതാന്‍ ഇരിക്കുമ്പോള്‍ ഞാനും നീയുമല്ലാതെ ലോകത്ത്‌ ആരെങ്കിലും വിശ്വസിക്കുമോ നമുക്ക്‌ വട്ടില്ലെന്ന്...
വേഗം വരൂ എന്ന് അല്പം സ്വാര്‍ത്ഥതയോടെ നിന്നെ വിളിച്ചപ്പോള്‍. വേഗം വന്ന് എന്നോടു അങ്ങനെ വിളിക്കല്ലേ അതെനിക്ക് ഇഷ്ടമല്ല ആ വിളിയില്‍ എനിക്ക് അല്പം ഭയമുണ്ട്. അറിയാതെ നമ്മള്‍ പ്രണയത്തിലാകുമോ എന്ന പേടി. അല്പസ്വല്പം ഭയപ്പാടോടെ അല്ലാതെ എങ്ങനെയാണ് പ്രണയികള്ക്ക് മുന്നോട്ട് പോകാനാകുക.
പ്രവാസം ഇന്നില്ല, പ്രയാസങ്ങളുടെ കഥകള്‍ അതികമില്ല. ഭര്‍ത്താവിന്‌ ഭാര്യ ഇന്ന് അകലെയല്ല, മക്കള്ക്ക്ക‌ ബാപ്പയിന്ന് എന്നും കാണാവുന്ന കേള്കാവുന്ന അകലത്തിലാണ്, നാട്ടിലായാലും ഗള്ഫിലായാലും എല്ലാവരും പണത്തിനായുള്ള പരക്കം പാച്ചിലില്‍ ആണ്. അപ്പോള്‍ പിന്നെ ഇവിടെയായാലും അവിടെയായാലും സ്നേഹത്തെക്കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്, നാടിനെ, പുഴയെ, മഴയെ, കുന്നിനെ അങ്ങനെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന നന്മകള്‍ ഒഴിഞ്ഞു പോകുന്ന കാലത്തെ കുറിച്ച് ഓര്‍ത്ത്‌ വേവലാതിയുള്ളവനെ വേദനയുണ്ടാകൂ അല്ലാത്തവര്‍ കീശയെക്കുറിച്ച് മാത്രം ഓര്‍ത്ത്‌ ഓടികൊണ്ടേയിരിക്കും.
അകലങ്ങള്‍ കുറഞ്ഞെങ്കിലും അരികിലില്ലാത്തത്തിന്റെ നോവ്‌ ബാക്കിയായുണ്ട്...

പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല.!

ഒരു വര്‍ഷത്തിലധികം സെന്സര്‍ ബോര്ര്ഡ് പ്രദര്‍ശന അനുമതി നിഷേധിച് ഒടുവില്‍ ചില മാറ്റങ്ങളോടു കൂടി 2013 മാര്‍ച്ചില്‍ തീയ്യറ്ററുകളില്‍ എത്തിയ ചിത്രമാണ് പാപ്പിലിയോ ബുദ്ധ. ഗാന്ധിയെ മോശമാക്കി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാനമായും സെന്സര്‍ ബോര്ഡ് ഉന്നയിച്ച പ്രശ്നങ്ങളില്‍ ഒന്ന്. നീണ്ട പോരാട്ടത്തിനൊടുവിലാണ് ഈ പോരാട്ട ചിത്രം മുറിവുകളോടെ പ്രദര്‍ശനത്തിനു എത്തിയത്‌. വികാരങ്ങളെ വൃണപെടുത്തി, സ്ത്രീകളെ മോശമായി ചിത്രീകരിച്ചു, അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു എന്നിവയാണ് മുറിവേല്ക്കാനുണ്ടായ പ്രധാന കാരണം. എത്രയെത്ര ചിത്രങ്ങളാണ് മനുസ്സകളില്‍ മുറിവും വേദനയും ഉണ്ടാക്ക്‌ി ഇറങ്ങിയിട്ടുള്ളത്. ഈ ചിത്രങ്ങള്‍ക്കൊന്നും തന്നെ അനുമതി നിഷേധിക്കാറില്ല സെന്സര്‍ ബോര്ഡ്റ‌. സവര്‍ണ്ണ മുഖ്യധാര അതിനെ ആവിഷ്കാര സ്വാതന്ത്രമായി വാഴ്ത്തും. എന്നാല്‍ ദളിത്‌-സ്ത്രീ പക്ഷ ചിത്രമായ ഈ ചിത്രശലഭത്തിന്റെ നിറം മാത്രം അവര്‍ കെടുത്തി കളഞ്ഞു.
പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല എന്ന് തന്നെ പറയാം കാരണം ഓരോ ഷോട്ടും സീനും ആദിവാസി ദളിത്‌ സമൂഹത്തിന്റെ ജീവിതത്തിലേക്ക് തുറന്നു വെച്ച കണ്ണുകളായി ആണ് തോന്നിയത്‌. ഈ സിനിമ ജീവിതവും സമരവുമാണ്.
കമ്മ്യുണിസ്റ്റ്കാരനായിരുന്നു കരിയന്‍ (കല്ലന്‍ പോക്കൊടന്‍) ഇ എം എസിനോടുള്ള ആരാധന കൊണ്ട് മകന് ശങ്കരന്‍ (എസ്.പി ശ്രീകുമാര്‍/ലോലിതന്‍)എന്ന് പേരിട്ടത്. ഒടുവില്‍ മണ്ണിന്റെ പ്രശ്നം വന്നപ്പോള്‍ ഇ എം എസ് നമ്പൂതിരിക്കൊപ്പം നില്ക്കുകയും കരിയന്‍ പഴയ പുലയന്‍ തന്നെ ആകുകയും ചെയ്തു. മകന്റെ പേരും ചുവരിലെ ഇ എം എസും ഇന്നും നിലനിര്‍ത്തിയെങ്കിലും കരിയന്‍ തന്റെ സ്വതം കൈവെടിഞ്ഞില്ല. കാടിനായി മണ്ണിനായി പൊരുതികൊണ്ടേയിരുന്നു. ന്യൂ ജനറേഷന്കാരനായ ശങ്കരന്‍ കരിയന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദം പിന്നെ മൂന്നു വര്‍ഷം ജെ എന്‍ യുവില്‍. ഇതൊക്കെയാണെങ്കിലും നാട്ടിലും കാട്ടിലും നടക്കുന്ന സമരങ്ങലോടുള്ള വിമുഖത അവനെ ഇസ്തിരി ചുളിയാത്ത ‘ആക്ടിവിസ്ടുകലുടെ’ കൂട്ടതിലെത്തിക്കുന്നു. കള്ളും കഞ്ചാവും സെക്സും പിന്നെ പേരിനു നാല് പ്ലകാര്‍ഡും പിടിക്കുന്ന അവര്‍ക്കിടയില്‍ നിന്നും തന്റെ സ്വതം തിരിച്ചറിഞ്ഞ ശങ്കരന്‍ കരിയന്റെ മകന്‍ ശങ്കരന്‍ ആകുകയാണ്. പോലീസിന്റെ ക്രൂര പീഡനങ്ങള്‍ ഏല്ക്കേണ്ടി വന്ന ശങ്കരന്‍ സമരങ്ങള്ക്ക് ‌ നേത്രത്വം കൊടുക്കുന്നു. മഞ്ജുശ്രീ (സരിത) എന്ന ഓട്ടോറിക്ഷ ഡ്രൈവറായ ദളിത്‌ യുവതിയെ ചെ ഗെവരയുടെയും ശിവന്റെയും ഗാന്ധിയുടെയും 'ആരാധകർ' ചേർന്ന് ക്രൂര ബലാത്സംഗംത്തിനു ഇരയാക്കുന്നു. പീഡനത്തിന്റെ ഭാരം പേറി നടക്കാതെ അവള്‍ സമരഭൂമിയിലേക്ക് കാലെടുത്ത് വെക്കുന്നു.സമരങ്ങളെ ഒറ്റിക്കൊടുകയും സമര ഭൂമികളില്‍ നിന്ന് അതിന്റെ ആത്മാവിനെ പറിച്ചെടുത്ത്‌ സെക്രട്ടറിയേറ്റ്‌ പഠിക്കലെക്കും പാര്‍ലമെന്റ് പരിസരതെക്കും മാറ്റുന്ന അഭിനവ ഗാന്ധിമാരും ഉണ്ട് ഈ ചിത്രത്തില്‍. ആദ്യം പുല്പ്പള്ളി പിന്നെ ചെങ്ങറ, മേപ്പാടി ഇപ്പൊ ഇതാ മേല്പ്പാറ ഹരിജനങ്ങള്‍ ഇങ്ങനെ വനഭൂമി കയ്യേറാന്‍ തുടങ്ങിയാല്‍ സാധാരണക്കാരന് ഇവിടെ സമാധാനമായി ജീവിക്കാന്‍ കഴിയുമോ എന്ന് ആശങ്ക പെടുന്നുണ്ട് ഈ അഭിനവ ഗാന്ധി. പന്ജാംകഗം നോക്കി നിരാഹാര സമരത്തിനു മുഹൂര്‍ത്തം കുറിക്കുന്ന ഇത്തരം സവര്‍ണ്ണ ഗാന്ധിയന്മാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് സിനിമ നമ്മെ ഓര്‍മിപ്പിക്കുന്നു.
ദൃശ്യങ്ങള്‍ കൊണ്ട് സംവദിക്കുന്നതായിരിക്കണം സിനിമ. ആ നിലക്ക് പാപ്പിലിയോ ബുദ്ധ ഒരു വന്‍ വിജയമാണ്. ആവശ്യത്തിന് മാത്രം സംഭാഷണം ഒരേ ഒരിടത്ത്‌ മാത്രം പശ്ചാത്തല സംഗീതം. സാങ്കേതിക മികവിലും പാപ്പിലിയോ ബുദ്ധ മികവ് പുലര്‍ത്തിയിരിക്കുന്നു. മാസങ്ങളോളം അനുമതി നിഷേധിച്ചും. തിയ്യറ്ററില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം ശോ നടത്തുകയും ചെയ്ത ഈ സിനിമ ആരും കാണാതെ പോകരുത്. കാരണം പാപ്പിലിയോ ബുദ്ധ ഒരു സിനിമയല്ല, സമരവും ജീവിതവുമാണ്.