സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

ഇരകളാകുന്നവര്‍ ഞങ്ങള്‍ മാത്രമല്ല

വായിക്കപ്പെടാതെ പോകുന്ന എത്രയോ വരികളുണ്ട്,
കണ്ണില്‍ കണ്ടിട്ടും നമ്മള്‍ ഓടിച്ചുനോക്കാത്ത എത്രയോ എഴുത്തുകളുണ്ട്.
കവിത എഴുതാതിരിക്കുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വിപ്ലവപ്രവര്ത്തനമെന്ന് ചിലര്‍ പുതുതലമുറയെ ഉപദേശിക്കുന്നുണ്ട് ആ ഉപദേശങ്ങളുടെ ഇരകളാകാതിരിക്കാം നമുക്ക്‌. ഇന്നത്തെ കവിതകളില്‍ പുതിയതൊന്നും സംഭവിക്കുന്നില്ലെന്നു പരാതി പറയുന്ന ചില ആസ്ഥാന കവികളുമുണ്ട്. Sobin Mazhaveeduന്റെ ‘ഇരകളാകുന്നവര്‍ ഞങ്ങള്‍ മാത്രമല്ല’ എന്ന കവിതാസമാഹാരം ഈ ആസ്ഥാന ഉപദേശികള്ക്കുള്ള മറുപടി കൂടിയാണ്.
സോബിന്റെ കവിതകള്‍ ഇരയാക്കപ്പെടുന്ന സ്ത്രീക്കൊപ്പം ഉറച്ചുനില്ക്കുന്നുണ്ട് അവര്ക്കു വേണ്ടി കവി ഉറക്കെ പാടുന്നുമുണ്ട്.
‘’അവളെ ഓര്മിച്ച്
സ്വയംഭോഗത്തിലേര്പ്പെട്ടിരിക്കെ
അവളുടെ പേര് കൊത്തി ചിലച്ച
മൊബൈലിലൂടെ
ഏറ്റവും വികാരാധീനനായി
അയാള്‍ വിളിച്ചു; പെങ്ങളേ...’’
കവിയുടെ വാക്കുകളിലും വരികളിലും ഭാഷയുടെ അതിപ്രസരമില്ല, അത് നേര്ക്കു നേരെ വായനക്കാരനോട് സംസാരിക്കുകയാണ്, ആകുലതകളും വ്യാകുലതകളും പങ്ക് വെക്കുകയാണ്. ആത്മഭാഷണങ്ങളുടെ ഉള്ളഴിക്കലില്‍ തികട്ടി വരുന്ന ഓര്മകകളും, എത്രയനുഭവിച്ചിട്ടും മതിവരാത്ത പ്രണയവും, ജീവിതത്തെ കുറിച്ചിടാന്‍ കരുതുന്ന കുറച്ചു വാക്കുകളും മാത്രമേ എന്റെ കയ്യിലൊള്ളു എന്ന് കവി ആമുഖക്കുറിപ്പില്‍ ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ ആ ആശങ്കയെ അസ്ഥാനത്താക്കിയാണ് തുടര്ന്നുള്ള കവിതകളുടെ നില്പ്പും നിലപാടും.
‘’എങ്ങനെയാണിനി
ഒരച്ഛനു, മകളെ
മടിയിലിരുത്തി ഓമനിക്കാനാവുക?
ഏതമ്മയ്ക്കാണിനി
മകനെ, മാറോട്ചേര്ത്ത്
തഴുകിയാശ്വസിപ്പിക്കാനാവുക?
എങ്ങനെയാണിനി
ഒരു മുത്തച്ചന്, പേരക്കുട്ടിയെ
കൊഞ്ചിച്ചു മുത്തംവയ്ക്കാനാവുക?
ഏതമ്മാവനാണ്
പെങ്ങളുടെ കുട്ടിയെ കവിളില്‍
സ്നേഹത്തോടെ നുള്ളാനാവുക?
ഒരാങ്ങളയ്ക്കിനി
ചേച്ചിയുടെ/അനിയത്തിയുടെ
അടുത്തോന്നിരിക്കാന്‍
വിരല്‍ പിടിച്ച് നടക്കാനോ പറ്റുമോ?
രാവിലത്തെ പത്രങ്ങള്‍
എത്ര എളുപ്പത്തിലാണ്
ഓരോ ബന്ധങ്ങളിലും
അകലം പാലിക്കാന്‍
പഠിപ്പിക്കുന്നത്.’’
‘വാര്ത്തകള്ക്കിടയില്‍ സംഭവിക്കുന്നത്’ എന്ന കവിതയിലെ വരികളാണിവ. വാത്സസല്യത്തിന്റെ തലോടലും ഓമനിക്കലും വേറെയേതെങ്കിലും അര്ത്ഥത്തിലെടുക്കുമോ എന്ന് ഭയപ്പെട്ട് ജീവിക്കേണ്ട കാലത്ത്‌ ഈ വരികള്ക്ക് കൂടുതല്‍ അര്ത്ഥതലങ്ങളുണ്ടെന്നു തിരിച്ചറിയുന്നു.
പെണ്ണൊരു ഉടല്‍ മാത്രമായി ആണ്നോട്ടങ്ങളുടെ പ്രദര്ശനവസ്തുവായി മാറുമ്പോള്‍ കവി അവളെ ആര്ജ്ജവത്തോടെ ഓര്മെപ്പെടുത്തുന്നു.
‘’നിത്യസന്ദര്ശകരായ
ആണ്നോട്ടങ്ങളോടു
വീറോടെ ഉറപ്പിച്ചു പറയണം
ഒറ്റയായ അവയവങ്ങളുടെ
സ്മാരകമല്ല;പെണ്ണുടലെന്നു.’
ഇരകളാകുന്നവര്‍ ഞങ്ങള്‍ മാത്രമല്ല എന്ന് ഇടയ്ക്കിടെ ഓര്മാപ്പെടുത്തുന്ന ഈ സമാഹാരത്തില്‍ 28 കവിതകളുണ്ട്. ‘മഴയുടെ ഒറ്റമരക്കാട്’ ആണ് സോബിന്റെ ആദ്യ കവിതാ സമാഹാരം. ഈ പുസ്തകം രണ്ടാമത്തേതാണ്. പച്ചില ബുക്സ്‌ ആണ് പ്രസാധകര്‍.

1 comment:

  1. ശക്തമായ കവിതകള്‍ ആണല്ലോ

    ReplyDelete