സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

നീര്‍മാതളം പ്രതിഷേധത്തിലാണ്...

മാസങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ പുന്നയൂര്‍ക്കുളം വഴി പോകുമ്പോള്‍ മാധവിക്കുട്ടിയുടെനീര്‍മാതളത്തെ ഒന്ന് കാണാമെന്ന് തീരുമാനിച്ചു. വായിച്ച് മാത്രം അറിഞ്ഞ ആ നീര്‍മാതളം പൂവണിഞ്ഞു നില്‍ക്കുന്ന ചിത്രമായിരുന്നു ആ വഴികളിലൂടെ കടന്ന് പോകുമ്പോള്‍ മസ്സിലുണ്ടായിരുന്നത്. കമലാ സുരയ്യയുടെ സ്മരണാര്‍ഥം നിര്‍മ്മിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ നിര്‍മാണവും സ്ഥിതിയും ഒക്കെ അറിയുകയും ചെയ്യാം എന്ന ഉദ്ദേശ്യവുമുണ്ടായിരുന്നു. വഴി കൃത്യമായി അറിയാത്തത് കൊണ്ട് ചോദിച്ചറിഞ്ഞ് അവിടെയത്തി. സ്ഥലത്തെത്തിയപ്പോള്‍ വീണ്ടും സംശയം തോന്നി. ഇത് തന്നെ ആയിരിക്കുമോ.?? മുക്ക് വഴി തെറ്റിയോ.?? ഇല്ല, തെറ്റിയിട്ടില്ല. അതാ സാംസ്കാരികക്കാരും മന്ത്രിമാരും ചേര്‍ന്ന് വെച്ച തറക്കല്ല് അവിടെയുണ്ട്. (2010 ആഗ്സ്റ് 5നാണ് അത് സ്ഥാപിച്ചത്. ഇപ്പോഴും കല്ലിനും നിര്‍മ്മാണത്തിനും ഒരു അനക്കവുമില്ല.). അപ്പോള്‍ സ്ഥലം അത് തന്നെയാണെന്ന് ഉറപ്പിച്ചു. കുറച്ച് കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ ഒരു സര്‍പ്പക്കാവും വിഗ്രഹങ്ങളുമുണ്ട്. വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന തിട്ട ഇളകി തുടങ്ങിയിട്ടുണ്ട്. തിരിതെളിക്കാത്തത് കൊണ്ട് വിളക്കുകള്‍ വറ്റി വരണ്ട് പൊടി പിടിച്ച് ഇരിപ്പുണ്ട്. ചുറ്റുപാടും തിരഞ്ഞ് നോക്കി. ഞങ്ങള്‍ മൂന്ന് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി. പിന്നെ മേലോട്ട് നോക്കി. സര്‍പ്പക്കാവിനോട് ചേര്‍ന്ന ഇലഞ്ഞിക്കടുത്ത് നില്‍ക്കുന്ന നീര്‍മാതളം ഇനി പൂക്കാന്‍ മസ്സില്ലെന്ന മട്ടില്‍ ആകാശത്തേക്ക് വിരലുകള്‍ ചൂണ്ടി നില്‍ക്കുന്നത് പോലെ ചില്ലകള്‍ ചിതറി നില്‍ക്കുന്നു. പൂക്കുന്ന സമയം ആയിരിക്കില്ല അതുകൊണ്ടാകും ഇങ്ങയൈന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. സംശയം തീര്‍ക്കാമെന്ന് കരുതി അവിടെ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളോട് ചോദിച്ചു. അപ്പോള്‍ അവരും പറഞ്ഞു. ഈ മരം എപ്പോഴും ഇങ്ങ കൊമ്പുകള്‍ മാത്രമായി നില്‍ക്കുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്.
ജീവിച്ചിരുന്നപ്പോഴും വേദിപ്പിച്ചു...
മരിച്ച് മണ്ണായപ്പോഴും അത് തുടരുന്നു...
വെറുതേയല്ല നീര്‍മാതളം പൂക്കാത്തത്. മസ്സിനു അര്‍ബുദം ബാദിച്ചവരും അസഹിഷ്ണുക്കളും ജീവിക്കുന്ന ഈ മണ്ണില്‍ ഇനി ആര്‍ക്ക് വേണ്ടി പൂക്കണം.
സുരയ്യ നക്ഷത്രം പ്രണയിച്ച നീര്‍മാതളം പ്രതിഷേധത്തിലാണ്...
സുരയ്യ നക്ഷത്രത്തേ പ്രണയിച്ച ഞങ്ങളും...