സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

അനന്തരം നീയും...
ഒരു പുല്‍നാമ്പറുത്ത് പൂമരം നട്ടാലും നഷ്ടമായ പുല്‍നാമ്പിനെ ഓര്‍ത്ത് ഭൂമി കരയാതിരിക്കില്ല. ഒരു കപ്പലിറക്കിയാലും ഒരു ചെറു കല്ലെറിഞ്ഞാലും കടലത് സ്വീകരിക്കാതിരിക്കില്ല.
എനിക്കിപ്പോള്‍ അദ്ഭുതം തോന്നുന്നു. കാത്തിരുന്നവരൊന്നുമല്ല കടന്നു വരുന്നത്. നിന്നേയും ഞാന്‍ കാത്തിരുന്നിട്ടില്ല മുന്‍പൊരിക്കലും. എന്നാലിപ്പോള്‍ നിന്നെ മാത്രമാണു കാത്തിരിക്കുന്നത്. എത്രയോ സമയം ഇതിനു മുന്‍പുണ്ടായിരുന്നു. എത്രയോ വഴികള്‍ തുറന്നു കിടപ്പുണ്ടായിരുന്നു. ആ നേരത്തൊന്നും എന്റെ വഴിയേ നീ വന്നില്ല. ഇന്നിപ്പോള്‍ എവിടെ നിന്നോ ഒരു മാലാഖയെപ്പോലെ വന്നിരിക്കുന്നു. എന്നിട്ട് മനസ്സില്‍ മേഘക്കൂട്ടങ്ങള്‍ ഉണ്ടാക്കി അതില്‍ മുല്ലവള്ളികള്‍ കൊണ്ട് നീ ഊഞ്ഞാലും കെട്ടി. ഇപ്പോള്‍ അതിലിരുന്ന് നീ എന്റെ അത്മാവിനെ നോക്കി ചിരിക്കുന്നു. അപാരമായ ചിരി. ആ ചിരിയില്‍ എന്റെ ആത്മാവ് ആനന്ദം കൊള്ളുന്നു.
എനിക്കിപ്പോള്‍ അതിശയം തോന്നുന്നു. അടുത്തവരേക്കാള്‍ കൂടുതല്‍ നീ അടുത്തിരിക്കുന്നു. രണ്ട് രാവും രണ്ട് പകലും കൊണ്ട് നീ എന്നെ അളന്ന് കഴിഞ്ഞു. ഇപ്പോള്‍ ഞാനും നീയും ഒരേ ഊഞ്ഞാലില്‍ ഒരേ താളത്തിലെ ആടുന്ന രണ്ട് മാലഖമാര്‍. വെളുത്ത പ്രാവുകള്‍ നമ്മളെ നോക്കി കുറുകുന്നു. അവരെന്തോ പറഞ്ഞ് കളിയാക്കുന്നു. പിന്നെ പെട്ടന്ന് പറന്ന് പോകുന്നു. മുന്തിരി വള്ളികള്‍ താനേ പൂവിടുന്നു, പതിയേ അവ ആ പൂക്കള്‍ നമുക്ക് മേല്‍ പൊഴിക്കുന്നു. നമ്മള്‍ അന്യോന്യം പറഞ്ഞ്കൊണ്ടേയിരിക്കുന്നു. മനസ്സിന്റെ ആഴം അളന്ന്കൊണ്ടേയിരിക്കുന്നു.
ഞാന്‍ വീണ്ടും എഴുതാനൊരുങ്ങുന്നു. നിന്റെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് മാത്രമല്ല. എന്റെ മനസ്സിന്റെ ആവശ്യം കൂടി അറിഞ്ഞു കൊണ്ട് ഞാനെഴുതുന്നു.
ഞാനെന്റെ കണ്ണുകള്‍ തുറന്ന് പിടിക്കും എന്നാലും കാണുന്നവയിലെ വെളിച്ചമല്ല എന്നില്‍ പ്രതിഫലിക്കുന്നത്. പിന്നെ ഞാന്‍ പതുക്കെ ആരും കാണാതെ എന്റെ ചുണ്ടില്‍ വിരലുകള്‍ കൊണ്ട് തൊട്ട് നോക്കും. അപ്പോള്‍, എന്റെ വിരല്‍ തലപ്പില്‍ ഒരു പുഞ്ചിരിയുണ്ടാകും. നിന്നെ കുറിച്ചോര്‍ക്കുമ്പോള്‍ വിരിയുന്ന അതേ പുഞ്ചിരി... ഒരേ പുഞ്ചിരി...
ഹൃദയം ഇപ്പോള്‍ സുഖമുള്ള ഒരു അസ്വസ്തത അനുഭവിക്കുന്നു. എവിടെ നിന്നോ ഒരു ഊര്‍ജ്ജം എന്റെ സിരകളിലൂടെ പ്രവഹിക്കുന്നു. നീ വെറുമൊരു പരിചയക്കാരിയല്ല, നീ വെറുമൊരു കൂട്ടുകാരിയുമല്ല. പിന്നെ നീ എനിക്കാരാണു..? ഓ... ഒരു ഉത്തരത്തില്‍ ഒതുങ്ങാത്തതാണു ആ ചോദ്യത്തിനുള്ള മറുപടി.
ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു, നിന്നെ ഞാന്‍ മനസ്സിലാക്കി, അതെ നിന്നെ ഞാന്‍ 'മനസ്സില്‍ ആക്കി' . ഇപ്പോള്‍ എന്റെ കയ്യില്‍ അനുരാഗത്തിന്റെ പുസ്തകമുണ്ട്. ഞാന്‍ മിഴികളടച്ച് നിന്നെയോര്‍ത്ത് അത് തുറക്കാന്‍ പോകുന്നു. ഇനി ഞാന്‍ തുറന്ന താളുകള്‍ നിന്നോട് സംസാരിക്കും. അനുരാഗത്തിന്റെ പുസ്തകം ലോകത്തിലെ എല്ലാ അനുരാഗങ്ങളുടെയും ഒരു പരിഛേദം അടങ്ങിയതാണു.
ഞാനിതാ തുറക്കുന്നു.. പേജ് 269 ഇവാന്‍ തുര്‍ഗനേവിന്റെ ആദ്യ പ്രണയം.
ഈ പേജില്‍ എനിക്ക് പറയാനുള്ള ചിലതുണ്ട്. ''സിനയ്ദയില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ ഞാന്‍ ശരിക്കും വേദനിച്ചു. എനിക്ക് ഏകാഗ്രത നഷ്ടപ്പെട്ടു. അവളെക്കുറിച്ച് ചിന്തിച്ചിരിക്കുകയല്ലാതെ എനിക്ക് മറ്റൊരു ജോലിയും ചെയ്യാന്‍ സാധിച്ചില്ല. അവളുടെ അസാന്നിദ്യം എന്നെ ദുഖിപ്പിച്ചുവെങ്കിലും സാന്നിദ്ധ്യം എനിക്ക് ആശ്വാസം പകരുന്ന ഒന്നായിരുന്നില്ല. എനിക്ക് അസൂയ തോന്നുന്നു. എന്റെ അപ്രാധാന്യത്തെക്കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. പക്ഷേ തടയാനാവാത്ത ഏതോ ഒരു ശക്തി എന്നെ അവളിലേക്ക് വലിച്ചടുപ്പിച്ചു. മധുരോദാത്തമായ ഒരു വേദനയോടെയല്ലാതെ നിന്റെ മുഖം കാണുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.''
ഇപ്പോള്‍ എനിക്ക് തോന്നുന്നു പ്രണയത്തിനിടയില്‍ നടക്കുന്നത് നന്മക്കും തിന്മക്കും അപ്പുറത്തുള്ള മറ്റെന്തോ ആണെന്ന്. നമുക്കിടയിലും അതാണു നടക്കുന്നത്. നീ ഒരു വെളിപ്പെടലായിരുന്നു എനിക്ക്. സമയം നോക്കാതെ എവിടെ നിന്നോ ഒരു തെന്നല്‍ പോലെ വന്ന് എനിക്ക് ചുറ്റും വലം വെച്ച് കൊണ്ടിരിക്കുന്ന മധുരമനോഹരം തെന്നല്‍.
നാളെയോട് കൂടി എല്ലാം അവസാനിക്കും എന്ന് കരുതാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍. അങ്ങനെയാകാന്‍ നിനക്കും കഴിയില്ല. കാരണം നമ്മുടെ മനസ്സുകള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നു. ഒന്നെനിക്ക് ഉറപ്പിച്ച് പറയാം. എന്റെ കാര്യത്തില്‍ ഇനി നിനക്ക് മറവിയുടെ വഴികളില്ല. എന്റെ ഓര്‍മക്കൂട്ടിലാണു എന്നെ നീ അടച്ചിരിക്കുന്നത് എന്നെനിക്കറിയാം. ജീവിതത്തിന്റെ ഏത് നിമിഷത്തില്‍ വേണമെങ്കിലും നിനക്കെന്നെ ഓര്‍ത്തെടുക്കാന്‍ കഴിയും.
ഇപ്പൊള്‍ ഞാന്‍ സംതൃപ്തനാണു നീ എന്നെ തെരഞ്ഞെടുത്തതില്‍, ഒരര്‍ത്ഥത്തില്‍ നീയും അങ്ങനെ തന്നെയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
അടുത്തവരേക്കാള്‍ കൂടുതല്‍ നീ അടുത്തു
അറിഞ്ഞവരേക്കാള്‍ കൂടുതല്‍ നീ അറിഞ്ഞു
ഞാനും നീയും ഒരേ ദിശകളില്‍ ഓടുന്നവര്‍
ഞാനും നീയും ഒരേ ആശകളില്‍ ഒടുങ്ങുന്നവര്‍
നമ്മളെപ്പോഴും കാണുന്നില്ല
നമ്മളെപ്പോഴും മിണ്ടുന്നില്ല
എന്നാല്‍ നമ്മുടെ ആത്മാക്കള്‍
മിണ്ടുകയും കാണുകയും ചെയ്യുന്നു
നമ്മളിനി ഇങ്ങനെ തന്നെയാകുമോ..?
നമ്മളിനി ഇങ്ങനെ തന്നെയാകുമോ..?