സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

മഷിത്തണ്ടിനാല്‍ മായ്കാനാകാതെ മനസ്സില്‍ കോറിയിട്ട് കല്ലുവരകള്‍

കോഴിക്കോട് dc അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലൂടെ ഞങ്ങള്‍ നടന്നുനീങ്ങി. കണ്ണില്‍ കാണുന്ന പുസ്തകങ്ങളെല്ലാം എടുത്ത്‌ പുറംചട്ടയും ബ്ലര്‍ബും വായിച്ച ശേഷം കണ്ണ് ചിമ്മി ഏതെന്കിലും പേജ് തുറന്ന് അതില്‍ കാണുന്നത് വായിക്കും ഒടുക്കം എടുത്ത സ്ഥലത്ത് തന്നെ പുസ്തകം വെക്കും.
പുസ്തകങ്ങള്‍ വാങ്ങിക്കുമ്പോള്‍ അവ വായിക്കാനുള്ള സമയം കൂടി വാങ്ങിക്കണമെന്നു എവിടയോ വായിച്ചതായി ഓര്‍ക്കുന്നു.
ബഷീറും, ഒ.വി.വിജയനും, ബെന്യാമിനും പിന്നെ കെ.ജി.ശങ്കരപ്പിള്ളയും, റഫീഖ്‌ അഹ്മദും, റോഷ്നി സ്വപ്നയും ഒക്കെ കയ്യിലുണ്ട്. വാങ്ങിയിട്ടും എടുത്തിട്ടും കൊതി തീരുന്നില്ല മതിയാകുന്നില്ല. അങ്ങിനെ ഞങ്ങള്‍ വീണ്ടും നടന്നു. അത്രയൊന്നും ആകര്‍ഷകം അല്ലാത്ത പുറംചട്ടയും തീരേ കേട്ടിട്ടില്ലാത്ത രചയിതാവും അശോകന്‍ മണിയൂര്‍, അശോകന്‍ ചെരുവില്‍ ആണോ എന്ന് ഒന്ന് കൂടി നോക്കി. അല്ല അശോകന്‍ മണിയൂര്‍ തന്നെയാണ്. കല്ലുവരകള്‍ എന്ന് പേരുള്ള ഒരു കവിതാസമാഹാരം ആയിരുന്നു അത്. ബ്ലര്‍ബ് വായിച്ചു അത്ര നന്നായി തോന്നിയില്ല, മാത്രമല്ല അവതാരികയും ഇല്ല. കൂടേയുള്ളവള്‍ ഒരു പേജ് വെറുതെ മറിച്ച് ഒരു കവിത കാണിച്ചു തന്നു.
‘ഓര്‍മ്മക്കായി' എന്ന് പേരുള്ള കവിത
“വേണം
നീ തരുന്ന നോവുകള്‍
ഇനിയും.
അല്ലെങ്കില്‍
മറന്നുപോവും ഞാന്‍
നിന്നെ.”
അത് വായിച്ചതിനു ശേഷം ഞങ്ങള്‍ പരസ്പരം നോക്കി. പുസ്തകം അവിടെ തന്നെ വെച്ചു. കാരണം അശോകന്‍ മണിയൂര്‍ അത്ര വലിയ കവിയൊന്നും അല്ലല്ലോ. അത് മാത്രമല്ല വെറുതേ എന്തിനാണ് ആ പുസ്തകം വാങ്ങി കാശ് കളയുന്നത് എന്ന മനോഭാവവും ഉള്ളില്‍ ഉണ്ടായിരുന്നു. മുന്നോട്ട് നടന്ന ഞങ്ങള്‍ തിരികെ വന്ന് ആ കവിത ഒന്ന് കൂടി വായിച്ചു. ഈ കവിതാ സമാഹാരം വാങ്ങാതെയിരുന്നാല്‍ അത് ആ കവിതയോടും കവിയോടും ചെയ്യുന്ന അനീതി ആയിരിക്കും എന്ന് മനസ്സ്‌ പറഞ്ഞു. അത് വാങ്ങിച്ചു പുറത്തിറങ്ങി അതിലെ ഒന്നാമത്തെ കവിത വായിച്ചു.
‘ചൂട്ട്’
“കൂട്ടായിരുന്നു
വെട്ടമായിരുന്നു
എന്നും.
നിലത്തുരച്
കുത്തിക്കെടുത്തി
വലിച്ചെറിയുമ്പോള്‍
ഓര്‍ത്തില്ലല്ലോ
ഒന്നും.”
ഞങ്ങള്ക്ക്ു‌ ആ വരികളോട് വല്ലാത്തൊരു ഇഷ്ടം തോന്നി. ഒരു കോപ്പി മാത്രമേ ആദ്യം ഞങ്ങള്‍ വാങ്ങിയിരുന്നോല്ലു. ഇഷ്ടം തോന്നിയപ്പോള്‍ ഒന്ന് കൂടി വാങ്ങാനായി വീണ്ടും അകത്തു കയറി. ആയിരക്കണക്കിന് പുസ്തകങ്ങള്ക്ക് ഇടയില്‍ കല്ലുവരകള്‍ തിരഞ്ഞു. അത് വെച്ചിരുന്ന സ്ഥലത്ത്‌ നോക്കി, കണ്ടെത്താന്‍ കഴിഞ്ഞില്ല (മുഖ്യധാരാ പ്രസാധകരും കവികളും ചേര്‍ന്ന് ഒളിപ്പിച്ചതാകും എന്ന് ഞങ്ങള്‍ സംശയിച്ചു ). ആരാലും അറിയാതെ തിരസ്കരിക്കപ്പെടുന്ന അനേകം കവികളില്‍ ഒരാളായിരിക്കും ഇദ്ദേഹവും എന്ന് ഞങ്ങള്‍ പറഞ്ഞു. തീരേ കേട്ട് പരിചയമില്ലാത്ത പബ്‌ലിഷറും രചയിതാവും ആയതിനാല്‍ ആരോടും ചോദിക്കാനും കഴിഞ്ഞില്ല.
ഇന്നാണ് കല്ലുവരകള്‍ മുഴുവനായും വായിച്ചത്. ഹ്രസ്വവും ഹൃദ്യവും ആണ് അതിലെ ഓരോ കവിതകളും. നിത്യ ജീവിതത്തിലെ സകല സമസ്യകളെയും പ്രതിപാതിക്കുന്നതാണ് കല്ലുവരകളിലെ ഓരോ വരികളും. വിവരിക്കാന്‍ കഴിയാത്ത അത്രയും വിശാലവും എന്നാല്‍ ലളിതവും ആണ് കവിതകള്‍ ഓരോന്നും.
58 കവിതകള്‍ അടങ്ങിയ ഈ സമാഹാരത്തിലെ എല്ലാ കവിതകളും മനോഹരമാണ്. അതിലെ ചിലത് ഞാനിവിടെ പങ്ക് വെക്കട്ടെ. കാരണം നിങ്ങള്ക്ക് ‌ ഈ കവിതാ സമാഹാരം തിരഞ്ഞാല്‍ കിട്ടണം എന്നില്ല. കിട്ടിയാല്‍ എടുക്കാനും മറക്കരുത്.

‘കള്ളം’
“ഇത്തിരിയോളം
മുഷ്ടിയോളമാത്രെ
ഹൃദയം!
കള്ളം... പച്ചക്കള്ളം...
അങ്ങിനെയെങ്കില്‍
ഇടമുണ്ടാവുമോ
ഇത്രയേറെ മുറിവേല്ക്കാന്‍?”

‘നൂലറ്റം’
“മുന്നില്‍ കണ്ട
ദ്വാരത്തിലൂടെ
അറിയാതെ കടന്നുപോയി.
പിന്നില്‍
ആരോ തീര്‍ത്ത
കുരുക്കിന്റെ
വലിപ്പമറിയാതെ...”

‘വീട്’
“പുറത്ത്‌
ഒറ്റ മതില്‍.
അകത്ത്
എത്ര മതില്‍!”

‘പടക്കം’
“ഒരു തീപ്പൊരി...
ഒരു മുഴക്കം...
സ്വയം തകര്‍ന്നെന്കിലെന്ത്‌?
അറിഞ്ഞു ഏവരും
നീ ആരെന്ന്.”

‘നീതി’
“നീതിയില്ല,
എങ്കില്‍
നീ
തീയാവുക.”

2 comments: