സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

നീയില്ലാത്ത യാത്ര

ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചിരുന്നു ഒടുവില്‍ ഇറങ്ങിതിരിച്ചതല്ല, എല്ലാവരും പോകുന്നിടത്തേക്ക് ഞാനും അത്രമാത്രമായിരുന്നു എന്റെ മനസ്സില്‍ യാത്ര തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നത്. അത്കൊണ്ട് തന്നെ പ്രതീക്ഷകളും സങ്കല്പങ്ങളും ഒന്നും തന്നെ ഭാവനയില്‍ മെനഞ്ഞതുമില്ല. സഹപാഠികളില്‍ പലരും ദിവസങ്ങല്ള്‍ക്ക് മുന്പ് തന്നെ യാത്രയെ കുറിച്ചുള്ള ചര്‍ച്ചകളും തയ്യാറെടുപുകളും തുടങ്ങിയിരുന്നു. പക്ഷെ ഞാന്‍ അതിനൊന്നും ചെവി കൊടുത്തില്ല. എല്ലാവരും ദിവസവും കാത്തിരിപ്പായിരുന്നു.

ഇന്ന് കഴിഞാല്‍ നാളെ ഉണ്ടാകുമോ എന്നുള്ള കാര്യം ഉറപ്പില്ല പക്ഷെ 2009 സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഉണ്ടായിരുന്നു അന്ന് രാവിലെ പത്ത് മണിക്ക് ഉപ്പയോടും ഉമ്മയോടും അനിയനോടും യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. അവരെല്ലാവരും ചെറിയ പെരുന്നാളിന്റെ സന്തോഷത്തിലായിരുന്നു. രണ്ടു ബാഗുകളും പിടിച്ച ചങ്ങരംകുളത്ത് നിന്ന് തൃശൂരിലേക്ക് ബസ്‌ കയറി. ടിക്കറ്റെടുത്ത് ഉറക്കം തുടങ്ങി. ഉണര്‍ന്നത് വടക്കേ സ്റ്റാന്റ് എത്തിയപ്പോള്‍. സ്വപ്നയുടെ അവിടെയിറങ്ങി ഒരു ഓട്ടൊ വിളിച് കോളെജ്‌ ഗേറ്റിനു മുന്നിലിറങ്ങി ക്ലസ്സ്മുറി ലക്ഷ്യമാക്കി നടന്നു.

ക്ലാസ്സില്‍ കയറിയപ്പോള്‍ ഒരു കാര്‍ഗോ സര്‍വീസ് സെന്ററില്‍ കയറിയ പ്രതീതിയായിരുന്നു മുറി നിറച്ചും ബാഗുകള്‍. ആരെയും കാണാനില്ല പക്ഷെ എല്ലാവരും അവിടെത്തന്നെ ഉണ്ടായിരുന്നു ബാഗുകളുടെ വലുപ്പം കാരണം ആരെയും കാണാതിരുന്നതാണ്. ആരേയും എനിക്ക് വേണ്ട എന്റെ കണ്ണുകള്‍ തിരഞ്ഞത് യാത്രക്കില്ലാത്ത നിന്റെ മുഖത്തെയായിരുന്നു. ഞങ്ങളെ യാത്രയാക്കാന്‍ നീ വരുമെന്ന് നിന്നോട് വളരെ അടുപ്പമുള്ള ആരോ പറഞ്ഞിരുന്ന ഒരോര്‍മ്മ മനസ്സിലുണ്ടായിരുന്നത് കൊണ്ടാണ് ഞാന്‍ നിന്നെ തിരഞ്ഞതും. എനിക്ക് നിന്നെ കാണാന്‍ കഴിഞ്ഞു. എന്നെ നോക്കുകയാണെങ്കില്‍ ഒരു പുഞ്ചിരി സമ്മാനിക്കണം എന്നുണ്ടായിരുന്നു പക്ഷെ നീ മറ്റാരയോ സല്‍കരിക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ എത്ര തിരക്കിലാണെങ്കിലും ഒരു പുഞ്ചിരി പകര്‍ന്നു കൊടുക്കുക എന്നുള്ളത് എനിക്ക് സന്തോഷമുള്ള കാര്യമാണ്. തിരക്കൊഴിഞ്ഞ് നീ എന്നെ തിരക്കി വന്നില്ല പകരം ഞാന്‍ നിന്റെ അടുത്തേക്ക് വന്നു (അതെന്നും അങ്ങനെയാണല്ലോ). വിശേഷങ്ങള്‍ ചോദിച് അല്‍പ്പം സങ്കടത്തോടെ യാത്രയും പറഞ്ഞ് നിന്നില്‍ നിന്ന് ഞാന്‍ മാറി നിന്ന്. ബാഗെടുത് കൂട്ടുകാരുമൊത്ത് കോളജ് മുറ്റത്ത് നിര്‍ത്തിയിട്ട വാനില്‍ കയറി തൃശുര്‍ റയില്‍വെ സ്റ്റേഷനില് ചെന്നിറങ്ങി.

പല പല ദിക്കുകള്‍ ലക്ഷ്യമാക്കി നില്‍ക്കുകയും ഇരിക്കുകയും ചെയ്യുന്ന ആള്‍കൂട്ടം അവിടെയിവിടെ ഒറ്റക്ക് നില്‍ക്കുന്നവരും. ഞങ്ങള്‍ ബാഗുകളും താങ്ങി പടികള്‍ കയറി പ്ലാറ്റ് ഫോം നമ്പര്‍ രണ്ടില്‍ ചെന്ന് നിന്നു. ചുറു ചുറുക്കുള്ള സുന്ദരന്മാര്‍ പ്ലാറ്റ് ഫോം നിറഞ്ഞു നിന്നു. പെട്ടന്നാണ് ഒരു ലോകല്‍ ട്രെയിന്‍ വന്നത്. ലേഡീസ് കംബാര്‍ത്മെന്റ്റ് എന്റെ ശ്രദ്ധയില്‍ പെട്ടു ഞാന്‍ മുഖം കഴുകി നില്‍ക്കുകയായിരുന്നു . കംബാര്‍ത്മെന്റിന്റെ വാതില്‍ പടിയില്‍ നിന്ന് ഒരു സുന്ദരി മോബൈലിലുടെ കുറുകുകയായിരുന്നു. അവളെ നോക്കി പ്ലാറ്റ് ഫോമില്‍ നിന്നിരുന്ന ചെക്കന്മാര്‍ കമന്റടി തുടങ്ങി അവളും വിട്ടു കൊടുത്തില്ല. ആനപുറത്തിരിക്കുന്നവള്‍ പട്ടിയെ പേടികണ്ടല്ലോ! പാവം സുന്ദരി പെട്ടന്നാണ് അവളുടെ ഒരു ചെരിപ്പ് ട്രാക്കില്‍ വീണത് ഒപ്പം ട്രെയിനും നീങ്ങി തുടങ്ങി. അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു ഒപ്പം ചെക്കന്മാരുടെ ചിരിയും.അവിടെ നിന്ന് ഞാന്‍ എല്ലാവരും നില്ക്കുന്നിടതേക്ക് എത്തി ഖാസിയാത്ത് ഏകാകിയായ ആ ചെരിപ്പ് ചൂണ്ടി കാണിച്ചു കൊടുത്തു.

ഞാനടക്കം എല്ലാവരും കാത്തിരിക്കുന്നത് ഒന്നിനെ മാത്രമാണു. തിരുവന്തപുരത്ത് നിന്നു ഹൈദ്രാബാദിലേക്കുള്ള ശബരി എക്സ്പ്രസ്സ്. അതിലെ S7 എന്ന ബോഗി ഞങളെ സ്വാഗതം ചെയ്യാന്‍ തയ്യാറായിക്കൊണ്ട് ചൂളം ​വിളിച് വരുന്നതും കാത്ത് ഞങള്‍ പല പോസുകളിലും കാമറകള്ക്ക് മുന്നില്‍ ഒരു നാണവും ഇല്ലാതെ നിരന്നു നിന്നു.

യാത്രക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഒരു സ്ത്രീ ശബ്ദം ഓര്‍മപ്പെടുത്തി 'അല്‍പ സമയത്തിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് ഹൈദരാബാദിലേക്കുള്ള ശബരി എക്സ്പ്രസ്സ്‌ പ്ലാറ്റ് ഫോം നമ്പര്‍ രണ്ടില്‍ എത്തി ചേരുന്നതാണ് '. ഉടനെ തെന്നെ എല്ലാവരും ബാഗും മറ്റും ശരിയാക്കി വച്ച്. ഞങ്ങള്‍ക്ക് പോകാനുള്ള തീവണ്ടി വന്നു നിന്നു. ഉടനെ എല്ലാവരും S7 ബോഗിയിലേക്കു ഇരച്ചു കയറി. എല്ലാവരും അവരവരുടെ സീറ്റില്‍ തന്നെ ഇരിക്കണമെന്നും TTE വന്നതിനു ശേഷം മാരിയിരിക്കാം എന്നും ടൂര്‍ ലീഡര്‍ ശ്രീജിത്ത്‌ നിര്ധേഷിച്ചതനുസരിച്ചു ഞാന്‍ എന്റെ സീറ്റില്‍ ഇരുന്ന്‍ ഒന്ന് റിലാക്സ് ചെയ്തതും പാന്റ്സ് കീറിയതും ഒരുമിച്ചായിരുന്നു. ഭാഗ്യത്തിന് സംഭവം ആരും കണ്ടില്ല. TTE വന്നു ഇരുന്നത് എന്റെ അടുത്താണ് അദ്ധേഹത്തിന്റെ പേര് സി.തങ്കരാജന്‍ ‍. ഒരു രക്ഷയുമില്ല പോസ് മാറിയിരിക്കാന്‍ പോലും പറ്റുന്നില്ല കാലുകള്‍ രണ്ടും കൂട്ടിവച്ചു ഒരു പത്തു മിനിട്ട് അങ്ങനെ ഇരുന്നു അപ്പോഴേക്കും വണ്ടി നീങ്ങി തുടങ്ങി. പരിശോധന കഴിഞ്ഞു TTE പോയി ഉടനെ തന്നെ എല്ലാവരും പാന്റ്സ് മാറാനുള്ള പരിപാടികള്‍ തുടങ്ങി എല്ലാവരും ലുങ്കിയും ട്രൌസരുമൊക്കെ വലിച്ചു കയറ്റി ഞാനും ഒരു പാന്റെടുതിട്ടു.

ഉച്ച ഭക്ഷണം കഴിഞ്ഞു വണ്ടിയുടെ ജനലരികില്‍ പുറത്തേക്ക് നോക്കിയങനെ ഇരിക്കുമ്ബോളാണു ജാതു വന്ന് പാട്ടു പാടാന്‍ എല്ലാവരെയും പോഗ് (പി.ഒ.ജോറ്ജ് സര്) വിളിക്കുന്നുണ്ട് എന്നറിയിചത്. കുറച് പേരൊക്കെ പോയി. ഞാനും കുറചു പേരും അവിടെത്തന്നെ ഇരുന്നു മറ്റൊന്നുകൊണ്ടുമല്ല ചുമ്മാ ഇരുന്നതാണു. ചുറ്റുമുള്ള കാഴ്ചകളെ അകത്താക്കിയങനെ ഇരുന്നു. വണ്ടി പാലക്കാടെത്തിയപ്പോള്‍ രണ്ട് പേര്‍ വണ്ടിക്കുള്ളിലിരുന്ന് അലറുന്നു 'എന്റെ നാടെത്തി...എന്റെ നാടെത്തി' എന്ന്. മറ്റാരുമല്ല പട്ടരും ജോവിലുമായിരുന്നു അത്.

കേരളത്തിന്റെയും തമിഴ് നാടിന്റെയും ഗ്രാമങളിലൂടെ വണ്ടി കുതിചു പാഞ്ഞു. മലകളും കുന്നുകളും നിര നിരയായി നില്ക്കുന്ന അതിര്ത്തി പ്രദേശങള്. കേരളം കഴിഞ് തുടങിയെന്നു ഏകദേശം മനസ്സിലായി. കാറ്റിനും മണ്ണിനും ചൂരിനും എല്ലാം ഒരു അണ്ണാചിമയം.

കൂട്ടം തെറ്റിയതല്ല കൂട്ടം മനപ്പൂര്‍വം മാറിയതാണു. ഒരുപക്ഷെ യാത്രയില്‍ ആസ്വദിക്കേണ്ടത് കൂടെയുള്ള സുന്ദരികളെയൊ അല്ലെങ്കില്‍ അപ്രസക്ത്മായ മറ്റെന്തെങ്കിലുമൊ അല്ല മറിച് പിന്നിട്ട വഴികളിലെ ഭൂമിശാസ്ത്രവും മനുഷ്യജീവിതങളുമാണു ആസ്വദിക്കേണ്ടത് എന്ന് തിരിചറിഞതു കൊണ്ടാകാം മനപ്പൂര്‍വം ​കൂട്ട് മാറ്റിയതാണു. അതെന്തുമാകട്ടെ ഞാനടക്കം അന്ചു പേര്‍ അടങുന്നതായിരുന്നു ആ കൂട്ട് അതില്‍ ഒന്നാമന്‍ നഗുലന്‍ പിന്നെ ദീപക്,ശ്യാം ,വിശാല്. ഒരു പക്ഷെ യാത്രയെ അതിന്റെ തനതായ രീതിയില്‍ ആസ്വദിചത് ഞാനും സഖാക്കളുമായിരിക്കും എന്നതില്‍ എനിക്കൊട്ടും സംശയമില്ല.

തമിഴ്നാടിന്റെ ഗ്രാമ ഗ്രാമാന്തരങളിലെ നിശബ്ദ്തയെ കീറി മുറിച് കൊണ്ട് ഞങളുടെ വണ്ടി കുതിക്കുകയാണു ഒപ്പം ഞാനും .മറ്റെവിടേക്കുമല്ല എല്ലാവറ്ക്കും എന്നിട്ട് പോകണമെന്നുണ്ട് പക്ഷെ ആരുടെയും വൃത്തിയുള്ള മനസ്സ് അങോട്ടുള്ള ശരീരത്തെ തടയുകയാണു എന്നു തോന്നുന്നു. അവിടെ പോയി വരുന്നവറ്ക്കെല്ലാം പറയാനുള്ളത് പരാതികള്‍ മാത്രം . തീരെ വൃത്തിയില്ല അസഹ്യമായ നാറ്റം അങ്ങനെയങ്ങനെ തീരാത്ത പരാതികള്‍. ഞാന്‍ ചിന്തിച്ചത് അതല്ല ഈ പരാതി പറയുന്നവരില്‍ ആരെങ്കിലും ഒരാള്‍ അവിടം വൃത്തിയാക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍ സ്വയം സംത്രിപ്തിയടയാമായിരുന്നു ഒപ്പം മറ്റുള്ളവര്‍ക്കും.മൂത്രമൊഴിച്ചതിന് ശേഷം ടോയിലെട്ടിന്റെ നിലമെല്ലാം കഴുകി പുറത്തിറങ്ങി.നമസ്കാരത്തിന് വേണ്ടി അംഗ ശുദ്ധി വരുത്താന്‍ മുഖം കഴുകി തലയുയര്‍ത്തി കണ്ണാടിയിലേക്ക് നോക്കിയപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച. ഇത് സംഭവിക്കുന്നത് അമേരിക്കയിലല്ല, സാന്‍ ഫ്രാന്സിസ്ക്കൊയിലല്ല, ജപ്പാനിലെ ടോക്കിയോവിലല്ല, നഗ്ന പ്രദര്‍ശനത്തിനു ഫാഷന്‍ എന്ന് വിളിക്കുന്ന ലോസ് എയഞ്ജല്സിലല്ല. മറിച്, ഇന്ത്യന്‍ റയില്‍ വേയുടെ സ്ലീപ്പര്‍ ക്ലാസ്സ് കംബാര്‍ത്മെന്റിന്റെ ടോയലെറ്റ് വാതില്‍ക്കലാണ്. അല്‍പ്പ വസ്ത്രം ധരിച്ചിട്ടുള്ള യുവതിയും ടീഷര്‍ട്ടും ജീന്സും ഉടുതിട്ടുള്ള യുവാവും തമ്മില്‍ ഒരു ഫ്രഞ്ച് ഫിലോസഫി പങ്കുവെക്കുന്നതാണ് കണ്ണാടിയില്‍ കണ്ടത്. ഞാന്‍ മുഖം കഴുകി തിരിഞ്ഞതും അവരുടെ മുഖങ്ങളില്‍ കണ്ടത് തെനോലിക്കുന്ന പുഷ്പ്പത്തെയും മധു നുകരുന്ന വണ്ടിനേയുമായിരുന്നു.

നമസ്ക്കാരം കഴിഞ് ഒന്ന് കാറ്റു കൊള്ളുന്നതിനു വേണ്ടി വണ്ടിയുടെ വാതില്ക്കല്‍ വന്നു നിന്നു പെട്ടന്നാണു അതെന്റെ കാഴ്ചയില്‍ പതിഞത്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം വിമോചനത്തിനു വേണ്ടി പോരാടുന്നവര്‍ എന്നും ഒരു വികാരമാണ്. TTE ഇരിക്കുന്നിടത് TTE എന്നതിനു മുന്‍പ് L എന്ന് കോറിയിട്ടിട്ടുണ്ട് LTTE. തമിഴ് ജനതയുടെ വിമോചനത്തിനു വേണ്ടി പോരാടുന്ന പോരാളികൂട്ടമാണവര്‍ ലോകം അവര്‍ക്ക്മേല്‍ ഭീകരരെന്ന മുദ്ര ചാര്‍ത്തി. ആ കാഴ്ച മനസ്സിലൂടെ കടത്തിവിട്ടത് ശ്രീലങ്കയില്‍ ഇന്നും അഭയാര്‍ഥി കാമ്പ്കളില്‍ നരകയാതന അനുഭവിക്കുന്ന പച്ച മനുഷ്യരായ തമിഴ് ജനതയുടെ നോവുകളിലേക്കായിരുന്നു.

ചിലര്‍ ചീട്ടുകളിയുടെ ചൂടില്‍ ,മറ്റുചിലര്‍ ബുദ്ധിയുണ്ടെന്നു കാണിക്കാന്‍ വേണ്ടി തലപുകഞ് ചെസ്സ് കളിക്കുന്നു, ഒരു കൂട്ടര്‍ പഞ്ചാരടിയുടെ ഉല്ലാസത്തില്‍ വേറെ ചിലര്‍ വളിപ്പും ചളിയും പറഞ് ചിരിക്കുന്നു. ഏകാന്തമായി ജനലിലൂടെ പുറത്തേക്ക് നോക്കി ആസ്വാദനത്തിന്റെ ആഴങളില്‍ വിരാജിക്കുന്ന ചിലരും .ഞാനിവിടെ ജനലഴി പിടിച് സന്ധ്യാ സൂര്യന്റെ ചുവപ്പ് കലര്‍ന്ന മേഘ കൂട്ടങ്ങളില്‍ നിന്റെ മുഖം വരക്കുന്നു...

തീവണ്ടി നീങുന്നതോടൊപ്പം പകലും നീങ്ങുകയായിരുന്നു രാത്രിയിലേക്കുള്ള നീക്കം. പലരുടെയും കണ്ണില്‍ പ്രത്യേകിച്ച് കൂട്ടുകാരികളുടെ കണ്ണില്‍ അവരുടെ വീടുകള്‍ ഞാന്‍ കണ്ടു. അതുവരെ വാചാലമായിരുന്ന പലരും നിശബ്ദമായി കണ്ണീര്‍ പൊഴിക്കുകയായിരുന്നു. വീടെന്ന ആ സ്വര്‍ഗസൌദവും അമ്മയെന്ന ആ റാണിയും അങ്ങനെയങ്ങനെ സ്നേഹക്കൂട്ടില്‍ നിന്ന് യാത്ര വന്നവര്‍ക്ക് സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ സമയം വേണമായിരുന്നു.

രാത്രിയുടെ ഇരുളില്‍ പുറത്തേക്ക് നോക്കുമ്പോള്‍ അവിടെയിവിടെയായി ചെറിയ വെളിച്ചം മാത്രമാണ് തീവണ്ടി യാത്രയിലെ നിശാകാഴ്ചകള്‍. എല്ലാവരും അവരവരുടെ ഗ്യാങ്ങുകളായി ഇരുന്ന്‍ നേരം കൊല്ലുന്നു. ചിലരുടെ മുഖത്ത്‌ ക്ഷീണം. എന്റെ കൂട്ടം അപ്പോള്‍ കുലങ്കഷമായ ചര്‍ച്ചകളില്‍ മുഴുകിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വണ്ടിക്കകത്തു വല്ലാത്ത ഒരു നിശബ്ധത എങ്ങും മടുപ്പിക്കുന്ന മൗനം. സംഗതി മറ്റൊന്നുമ്മല്ല മറ്റു യാത്രക്കാരും ഗ്യാങ്ങുകളും മയക്കത്തിലാണ്. ഉടനെതന്നെ ഞങ്ങള്‍ നഗുലനെക്കൊണ്ട് നാടന്‍പാട്ട് പാടിക്കാനുള്ള പണികലാരംഭിച്ചു. നഗുലന്‍ ഒരു നിലക്കും വഴങ്ങിയില്ല ഒടുക്കം ഒരുവിധത്തില്‍ പാട്ട് തുടങ്ങി ഞങ്ങള്‍ നാല് പേരും ഏറ്റു പാടി. ആകെ മൊത്തം ടോട്ടല്‍ ഒരു മേളമായി. മയക്കതിലായിരുന്നവരെല്ലാം എത്തി പോഗും ജാതുവും അവരുടെ വകയും പാട്ടുകള്‍ സംഭാവന ചെയ്തു. കാമറ ഫ്ലാഷുകള്‍ മിന്നി മറഞ്ഞു.
സമയമോരുപാടയപ്പോള്‍ ശ്രീജിത്ത്‌ ഉറക്കത്തിനുള്ള സംവിധാനം ഒരുക്കാന്‍ തുടങ്ങി. പെണ്ണ്കുട്ടികള്‍ അപ്പര്‍ ബര്തിലും മറ്റുള്ളവര്‍ ലോവര്‍ ബര്തിലും അങ്ങനെയായിരുന്നു സംവിധാനം. ഞങ്ങളതൊന്നും ശ്രദ്ധിച്ചില്ല കാരണം ഉറങ്ങാനനെങ്കില്‍ വീട്ടിലിരുന്നാല്‍ മതിയല്ലോ. അങ്ങനെ വണ്ടി പറപറക്കുകയാണ്. ഭൂരിഭാഗം പേരും ഉറക്കമായി. ഞങ്ങള്‍ വണ്ടിക്കകത്ത് നടന്നും വാതില്‍പടിയില്‍ ഇരുന്നും ആസ്വദിച്ചു. പലര്‍ക്കും അതൊരു ശല്യമായിരുന്നു പക്ഷെ ഞങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്തില്ല. വണ്ടി നിര്‍ത്തുന്ന ഓരോ സ്റ്റേഷനിലും ഇറങ്ങി ചായ കുടി പ്രധാന പരിപാടി. ഒടുവില്‍ ഒരു TTE വന്ന്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ നിന്നിറങ്ങി നടന്നതിനു ചീത്ത പറഞ്ഞു പക്ഷെ അത് കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായത് നഗുലന് മാത്രമാണ്. മൂന്നു പേര്‍ അപ്പോഴും ഉറങ്ങിയിട്ടില്ല കിരണും നിസരിയും കവിതയുമായിരുന്നു അത്. ഒടുവില്‍ ഞങ്ങള്‍ അവരെ മൂന്നു പേരെയും ഉറക്കി. സ്റ്റേഷനുകള്‍ മാറി മാറിയിറങ്ങി ചായകള്‍ മാറി മാറി കുടിച്ചു. കുറെ സമയം ഞാനും ദീപകും വാതില്‍ പടിയില്‍ ഇരുന്ന്‍ സംസാരിച്ചു. പിന്നെ നഗുലനും ഞാനും ചേര്‍ന്ന് ഒരു സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ കുയിലിന്റെ പാട്ടിനു മറു പാട്ട് പാടുന്ന പോലെ പട്ടികളുടെ കുരകല്ള്‍ക്ക് മറു കുര കൊടുത്തു. കുയിലുകള്‍ തോറ്റ് പറന്നു പോകുന്നത് പോലെ നായ്ക്കള്‍ തോല്‍ക്കുന്ന ലക്ഷണമുണ്ടായിരുന്നില്ല. വണ്ടി നീങ്ങിക്കൊണ്ടിരുന്നു. എല്ലാവരുടെയും മോബൈലിലെയും ഐപോടിലെയും പാട്ടുകളെല്ലാം തീര്‍ന്നു. രാത്രിയുടെ ഇരുളില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മാനത്തെ നക്ഷത്രങ്ങളായപ്പോള്‍ മറ്റെല്ലാം എനിക്ക് അപ്രസക്തമായി അനുഭവപ്പെട്ടു...
ഉദയ സൂര്യന്റെ അരുണ കിരണങ്ങള്‍ ഞങ്ങളുടെ മുഖങ്ങളെ ചെഞ്ചായമാനിയിച്ചു. വണ്ടി ആന്ധ്രയുടെ വിരിമാറിലൂറെ കൂകി പാഞ്ഞു. എല്ലാം ഷെയര്‍ ചെയ്ത് ഒടുവില്‍ ടൂത്ത് ബ്രഷും ഷെയര്‍ ചെയ്യേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു ഞാന്‍. കുളിക്കാതെതന്നെ ഞാനൊന്നു ഫ്രഷായി വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചായയെത്തി കടിക്കാന്‍ ദോശയും വടയും ചട്ട്ണിയും. ഞാന്‍ നന്നായി തട്ടി വിട്ടു. പോരാത്തതിന് സഹനയുടെ ദോശയും കഴിച്ചു. അവര്‍ക്കൊന്നും ദോശയും വടയും ഇഷ്ട്ടമായില്ല അതെനിക്ക് കുശാലായി.

ആന്ധ്രയുടെ തലസ്ഥാന നഗരിയായ ഹൈദരാബാദ് ലക്ഷ്യമാക്കി വണ്ടി താളത്തില്‍ നീങ്ങുകയാണ്. യാത്രയില്‍ ഏറെ അസഹ്യമായതായിരുന്നു അടുത്ത സംഭവം. ഒരു പക്ഷെ സാമൂഹ്യ സാഹചര്യം അവരെ അങ്ങനെ ആകിയതവാം. മൈക്കിളിന് നല്ലൊരു കണി സമ്മാനിച്ചാണ് അവരെത്തിയത്. അവരെ സമൂഹം പല പേരുകളിലും വിളിക്കുന്നു അതില്‍ ചിലത് ഹിജഡ, ശികണ്ടി അങ്ങനെയങ്ങനെ ഏറെ. അവര്‍ താളത്തില്‍ കൈകൊട്ടി കാശ് പിരിക്കുകയാണ്. പണം നല്‍കാന്‍ മടി കാണിക്കുന്നവര്‍ക്ക് അവരുടെ വക ഒരു സൂപ്പര്‍ സമ്മാനം. തുണി പൊക്കി കാണിക്കും!!. എന്റെ അടുത്തിരുന്നത് അജിയും, കൃഷ്ണയുമായിരുന്നു. മൈക്കിള്‍ വന്നു വിവരം അറിയിച്ചപ്പോള്‍ കൃഷ്ണയും അജിയും എന്നോട് പറഞ്ഞു 'ഇവിടെ തന്നെയിരിക്കണം എവിടേക്കും പോകരുത് പ്ലീസ്, ഞങ്ങള്ള്‍ക്ക് പേടിയാണ്'. ഞാന്‍ ഇരിക്കുന്നത് ഇവര്‍ രണ്ടുപേരും ഉള്ള ധൈര്യത്തിലാണ് അത് ഇവര്‍ക്കരിയില്ലലോ. പെട്ടന്നാണ് മറ്റേ ടീം കയറി വന്നത്. സ്റ്റൈലില്‍ കൈ രണ്ടു കൊട്ട് കൊട്ടി എന്റെ അടുത്തേക്ക് വന്നു അസഹ്യമായ മദ്യത്തിന്റെ നാറ്റം. ഞാനാകെ കുടുങ്ങി. കീശയില്‍ തപ്പി ചില്ലറയൊന്നും കിട്ടിയില്ല കയ്യില്‍ കിട്ടിയ പത്തു രൂപ കൊടുത്തു. അവര്‍ അടുത്ത ഇരയെ തേടിപ്പോയി. പക്ഷെ, ഞാന്‍ നോക്കിയത് അവരെയല്ല എന്റെ അടുത്തിരുന്ന കൃഷ്ണയെയും അജിയെയുമാണ് അവരെ കാണാനില്ല. ധൈര്യം പകര്‍ന്നവനെ ഒറ്റക്കാകി അവര്‍ മുങ്ങി.
വണ്ടി സെകന്ത്രാബാദ് സ്റ്റെഷനിലെത്തി അടുത്ത സ്റ്റൊപ്പാനു ഹൈദരാബാദ്. സമയം ഏകദേശം ഒരു മണി. വണ്ടി നീങ്ങി തുടങ്ങി കുറച്ച കഴിഞ്ഞതും വണ്ടി വീണ്ടും നിര്‍ത്തി. ആ നിര്‍ത്തല്‍ ഏകദേശം അര മണിക്കൂര്‍ നീണ്ടതായിരുന്നു. ശ്യാമിന്റെ വയറിനകത്തെ പ്രതിഷേധ പ്രകടനം അവന്റെ മുഖത്ത്‌ പ്രതിഫലിക്കുന്നുണ്ടായിരുന്നു.വണ്ടിയുടെ ഒരു വശത്ത്‌ ഒരു പാര്‍ക്കാന് ഞങ്ങള്‍ അങ്ങോട്ട്‌ നോക്കിയിരുന്നു. വണ്ടിയെടുത്ത് അല്‍പ സമയം കഴിഞ്ഞപ്പോള്‍ സ്ഥലം എത്തി എല്ലാവരും ഇറങ്ങി.ഹൈദരാബാദ് ഞങ്ങളെ സ്വാഗതം ചെയ്തത് ഒരു ചാറ്റല്‍ മഴ പോഴിച്ചാണ് അതവളുടെ ആനന്ദാശ്രു ആയിരുന്നു. നീണ്ട ഒരു ദിവസത്തെ യാത്രാ ക്ഷീണം എല്ലാവരുടെ മുഖതുമുണ്ടായിരുന്നു. എല്ലാവരും ബസ്സില്‍ കയറി. ആദ്യം ഗേള്‍സിനെ അവരുടെ ഹോസ്ടലായ പാസ്ടരല്‍ സെന്ററിലും ( ഒരു ദിവസമേ അവര്‍ അവിടെ താമസിചോല്ലു പിറ്റേന്ന് അവര്‍ ബോയ്സിന്റെ ലോഡ്ജിലേക്ക് മാറി കാരണം അസൌകര്യം) ബോയ്സിന്റെ സ്ഥലം ബാലാജി ലോഡ്ജ്, ബര്കത്പൂര്‍.

കോഹിനൂര്‍ രത്നം ശിരസ്സില്‍ ചൂടിയ ഹൈദരാബാദ്

ആന്ധ്ര അതിന്റെ ഏകാന്തത കൊണ്ടും. ഹൈദരാബാദ് പുരാതന ചരിത്ര ഗാംഭീര്യം കൊണ്ടുമാണ് എന്നെ വശീകരിച്ചത്. ചരിത്രത്തിന്റെ ഗന്ധവും വര്‍ത്തമാനത്തിന്റെ നാറ്റവും നഗരത്തിന്റെ ഓരോ കോണിലും പ്രതിഫലിക്കുന്നുണ്ടായിരുന്നു. പഴമയും പുതുമയും ചരിത്രവും വര്‍ത്തമാനവും വിവിധ മതവിശ്വാസങ്ങളും രാഷ്ട്രീയവും സിനിമയും കലര്‍ന്ന വിചിത്ര സമസ്യകളും എല്ലാം കുടിചെര്‍ന്നു കിടക്കുന്ന നഗരം എന്നെ വല്ലാതെ ആകര്‍ഷിച്ചു. നഗരത്തിന്റെ ഓരോ കോണുകളിലും തലയുയര്‍ത്തി നില്‍ക്കുന്ന മകുടങ്ങളും മിനാരങ്ങളും. നഗരവീഥികളിലൂടെ നാലഞ്ചു പേരെയിരുത്തി ബൈക്കില്‍ പോകുന്ന അപൂര്‍വ കാഴ്ചയും. ചരിത്രത്തിന്റെ ചുവടുകളെ വലം വെച് ഒഴുകി പോകുന്ന നിറഭേധങ്ങളുള്ള ജീവിതങ്ങളും കാണാം.

ഹൈദരാബാദ് മുത്തുകളുടെ നഗരം, പ്രണയ ചരിത്രത്തിന്റെ സുഖം നല്കുന്ന നഗരം. അവള്ക്ക് സവിശേഷതകലേറെ. ഇനി നമുക്ക് ഹൈദരാബാദിന്റെ സൌന്ദര്യത്തിലേക്ക്, പൈതൃകതിലെക്ക്, ചരിത്ര സ്മാരകങ്ങളുടെ നിര്മാണ ചാരുതിയിലേക്ക്, ചരിത്ര സത്യങ്ങളിലേക്ക്യാത്ര ചെയ്യാം..


NTR GARDEN & LASER SHOW

തുറന്നു പിടിച്ച കണ്ണുകളുമായി തെരുവീതികളെ സസൂക്ഷമം നിരീക്ഷിച്ചുകൊണ്ട് ഞാന്‍ ബസ്സിന്റെ വിന്‍ഡോ സൈഡില്‍ ഇരുന്നു. ബസ്സ്‌ NTR ഗാര്‍ഡന്‍ ലക്ഷ്യമാക്കി നീങ്ങി. പ്രത്യേകിച്ച് പറയത്തക്ക ന്നും തന്നെ അവിടെ കാണാന്‍ കഴിഞ്ഞില്ല. സായാഹ്നം ധന്യമാക്കാന്‍ എത്തിയ ആള്‍ക്കുട്ടം, കളിയും ചിരിയുമായി ഞങ്ങളും...

വെള്ളവും വെളിച്ചവും സംഗീതവും ഒന്നാവുമ്പോള്‍ ഗാലറിയില്‍ ഇരിക്കുന്നവര്‍ക്ക് ഹൈദരാബാദിന്റെ ചരിത്രവും വര്‍ത്തമാനവും മനസ്സിന് കുളിര്‍മയെക്കുന്ന കാഴ്ചയാണ് ലേസര്‍ ഷോ സമ്മാനിക്കുന്നത്. സംഗീതത്തിനു ചുവടു പിടിച്ച വിവിധ ദൃശ്യങ്ങള്‍ മാറി മാറി തെളിയുകയും ചെയ്യുന്നു. ആസ്വാദനം കരഘോഷവും, ആരവങ്ങളുമായി പ്രതിഫലിച്ചു. ഹൈദരാബാദിന്റെ പ്രണയ ചരിത്രമാണ് ആദ്യം ഞങ്ങള്ള്‍ക്ക് കാണിച്ചു തന്നത്. ഹൈദര്‍ എന്ന രാജകുമാരന്റെ പ്രണയ ചരിത്രം. ഏതൊരു പ്രണയത്തിനും പ്രതിബന്ധങ്ങളുണ്ടാകും അതുണ്ടെന്കിലെ പ്രണയം അതിന്റെ സുഖം നല്കുന്നൊല്ലൂ. ഇവിടെ ഹൈദര്‍ രാജകുമാരന്‍ ആ പ്രധിബന്ധങ്ങളെല്ലാം അതിജീവിച്ചു സുന്ദരമായ ജീവിതം നയിച്ചു. ആ ജീവിതത്തിന്‍റെ ഓര്‍മയാണ് ഹൈദരാബാദ് എന്നാ നാമം. ഹൈദരാബാദിന്റെ സംസ്കാരവും, പൈതൃകവും, കലാരൂപങ്ങളും ഞങ്ങള്‍ക്ക് മുന്‍പില്‍ മിന്നി മറഞ്ഞു...

ബിര്‍ല മന്ദിര്‍
ആദര്‍ശ് നഗറില്‍ സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വരനു സമര്‍പ്പിക്കപെട്ട വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു മന്ദിരം. കേവലം 32 വര്‍ഷത്തെ പഴക്കം. ഇന്ത്യയിലെ വ്യവസായ പ്രമുഖന്‍ ബിര്‍ല പണികഴിപ്പിച്ചത്. ബിര്‍ല മന്ദിരത്തിനു പറയാന്‍ ചരിത്രമില്ല. മനോഹരമായ വെണ്ണക്കല്ലില്‍ തീര്‍ത്ത വിഗ്രഹങ്ങളാല്‍ മന്ദിരത്തിന്റെ ഭിത്തികള്‍ അലങ്കരിച്ചിട്ടുണ്ട. അവിടെ നിന്ന് ഞങ്ങള്‍ പോയത് ബിര്‍ല പ്ളാനറ്റേറിയം സയന്‍സ് മ്യൂസിയത്തിലേക്കായിരുന്നു. ശാസ്ത്ര സങ്കേതിക വിദ്യയുടെ വിവിധ ഉപകരണങ്ങളും, ബഹിരാകാശ ദൃശ്യങ്ങളും ആയിരുന്നു അവിടുത്തെ കാഴ്ച്ചകള്‍.
മിനാരമനോഹാരിത: ചാര്‍മിനാര്‍
പൊടി പടലങ്ങളാല്‍ അലംകൃതമായ അന്തരീക്ഷവും കുടുസായ് വഴിയും അതിനിരുവഷവും കച്ചവടക്കാരും നിറഞ്ഞതായിരുന്നു ഹൈദരാബാദിന്റെ ലാന്റ്മാര്‍ക്കായ ചാര്‍മിനാറിലേക്കുള്ള വഴിയോര കാഴ്ചകള്‍. വളരെ ദൂരെ നിന്നു തന്നെ ചാര്‍മിനാറിന്റെ തലയുയര്‍ത്തി നില്‍ക്കുന്ന മനോഹരമായ നാലു മിനാരങ്ങള്‍ കാണാമായിരുന്നു. ഞാനും സഖാക്കളും ചാര്‍മിനാറിന്റെ അടുത്തെത്തി. അവിടെത്തന്നെയാണ് മക്കാ മസ്ജിദും സ്ഥിതി ചെയ്യുന്നത്. അതിനു ചുറ്റും പേടിപ്പെടുത്തുന്ന ശാന്തതയായിരുന്നു കാരണം കുറച്ച് കാലം മുന്‍പുണ്ടായ സ്ഫോടനത്തിനു ശേഷം നഗരവും ചരിത്ര പൈതൃകവും ഭീതിയുടെ നിഴലിലാണ്.എന്നിട്ട് പോലും അവിടെ വേണ്ടത്ര സജ്ജീകരണങളൊ മറ്റു സംവിധാനങളൊ ഇന്നുമില്ല. അല്ലെങ്കിലും കള്ളനു കഞി വെക്കുന്നവരാണല്ലൊ നമ്മുടെ ഭരണകൂടം . സംഘപരിവാര ദുഷ്ടശക്ത്തികള്‍ സാംസ്കാരിക ദേശീയതയെന്ന കാളകൂട സിദധാന്തം പറഞ് ഇന്ത്യയുടെ സാമ്സ്കാരിക പൈത്ര്കങളും ചരിത്ര സ്മാരകങളും കയ്യേറ്റം ചെയ്യുകയും തകറ്ക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്ന കേട്ടറിഞ കാര്യങള്‍ സത്യമാണെന്ന് ഇവിടം കണ്ടപ്പോള്‍ മനസ്സിലായി.

ചാര്‍മിനാറിന്റെ തൊട്ടപ്പുറത്താണു അതിപ്രശസ്തമായ വളകളുടെ തെരുവ് അഥവ Bangle Street സ്ഥിതിചെയ്യുന്നത്. തിരക്ക് പിടിച്ച തെരുവിലൂടെ നിറഞ്ഞൊഴുകുന്ന പര്‍ദ്ദാധാരിണികള്‍ അടുത്ത് വരുമ്പോള്‍ മുഖത്തെ നേര്‍ത്ത വലയ്ക്കുള്ളിലൂടെ അവരുടെ കണ്ണുകള്‍ ജ്വലിക്കും. ഉടലിന്റെ സൌന്ദര്യം മുഴുവന്‍ ആ കണ്ണുകളില്‍ ഉരുക്കി ഒഴിച്ച് നിറച്ചിരിക്കുകയാണു എന്നു തോന്നും. അവര്‍ കടന്നു പോകുമ്പൊള്‍ പല പല പരിമണങ്ങളുടെ തെന്നല്‍...
എല്ലാവരും ഷോപ്പിങ് ചെയ്യുന്ന തിരക്കിലായിരുന്നു. ദീപക്കിനും വിശാലിനും മുത്ത് മാല വാങിക്കാന്‍ ഒരു കടയില്‍ കയറി കടക്കാരനെ പരിചയപ്പെട്ടു വേണുഗോപാല്‍ ജാജു. ചില്ലു കൂട്ടില്‍ ഒരുക്കി വചിരിക്കുന്ന മാലകള്‍ . നിനക്ക് വേണ്ടി ഞാന്‍ മുത്ത് മാലകള്‍ ഒരുപാട് നോക്കി. പക്ഷെ നീയെന്ന മുത്തോളം വരുന്ന ഒന്നും അവിടെയെന്നല്ല മുത്തുകളുടെ നഗരമായ ഹൈദ്രാബാദില്‍ എവിടേയുമുണ്ടായിരുന്നില്ല...
വിസ്മയം: സലാര്‍ ജങ്ങ് മ്യൂസിയം
ഹൈദരാബാദില്‍ എന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ചത് മുസി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സലാര്‍ ജങ്ങ് മ്യൂസിയം എന്ന അത്ഭുതശാലയായിരുന്നു. ഇന്ത്യയിലെ മ്യൂസിയങ്ങളില്‍ മുന്നാം സ്ഥാനമാണു സലാര്‍ ജങ്ങിനുള്ളത്. ഒറ്റമനുഷ്യന്റെ ശേഖരങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനവും.
ഹൈദരാബാദിലെ ഏഴാം നവാബിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് മിര്‍ യുസഫ് അലി ഖാന്‍ സലാര്‍ ജങ്ങ് മൂന്നാമനാണു ഈ ശേഖരങ്ങളുടെ ഉടമസ്ഥ്നായിരുന്നത്. നാല്‍പ്പത്തിമുവായിരത്തിലധികം കലാവസ്തുക്കളും അമ്പതിനായിരത്തിലധികം പുസ്തകങ്ങളും കയ്യെഴുത്ത് രേഖകളും ഇവിടെയുണ്ട്. ശില്‍പ്പങ്ങള്‍, ചെമ്പില്‍ കൊത്തിയ രൂപങ്ങള്‍, അലംകൃതമായ കല്ലില്‍ കൊത്തിയ രൂപങ്ങള്‍, മരത്തിലും ആനക്കൊമ്പിലും കൊത്തിയവ, ഗ്ളാസ്സില്‍ പതിപ്പിച്ചവ, പരവതാനികളില്‍ തുന്നിയവ അങ്ങിനെയങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ശേഖരങ്ങള്‍ ആ കൂറ്റന്‍ കെട്ടിടത്തിന്റെ ചിതറികിടക്കുന്ന മുറികളില്‍ നൂറ്റാണ്ടുകള്‍ക്ക് സാക്ഷിയായിരിക്കുന്ന്. ഔറംഗസീബിന്റെ വാളും നൂര്‍ജഹാന്റെയും ജഹാംഗീറിന്റെയും ഷാജഹാന്റെയും സ്വകാര്യ വസ്തുക്കളും ടിപ്പു സുല്‍ത്താന്റെ അംഗവസ്ത്രവും എല്ലാം ഈ ഒറ്റമനുഷ്യന്‍ ശേഖരിച്ചത്. അദ്ദേഹം ആയുഷ്ക്കാലം കൊണ്ട് ശേഖരിച്ചതിന്റെ പകുതി പോലും ഇല്ല ഇവ എന്നാണു പറയുന്നത്. പലതും കണ്ട്കിട്ടാതെ പോയി, ചിലത് മോഷ്ടിക്കപ്പെട്ടു.
മ്യൂസിയത്തിന്റെ പല ഗാലറികളിലും വാ പൊളിച്ച് നിന്ന്പോയിട്ടുണ്ട്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത അത്രയും വിസ്മയിപ്പുക്കുന്ന കാഴ്ചകളായിരുന്നു സലാര്‍ ജങ്ങ് സമ്മാനിച്ചത്.
ശക്തിദുര്‍ഗ്ഗം: ഗോല്‍ക്കൊണ്ട കോട്ട
നഗരത്തിന്റെ തിരക്കുകള്‍ വകഞ്ഞു വകഞ്ഞു ചെന്നാല്‍ വഴി ചെന്നു മുട്ടുക പടുകൂറ്റന്‍ കോട്ട വാതിലിനു മുന്നിലാണു. മരത്തില്‍ ഉരുക്കിന്റെ ആണികള്‍ തറച്ച ആ വാതില്‍ ഫതെഹ് ദര്‍വ്വാസ് അഥവ വിജയത്തിന്റെ വാതില്‍ എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഔറംഗസീബിന്റെ സൈന്യം ഈ വഴി കടന്നുവന്നതിനു ശേഷമാണു കവാടത്തിനു ഇങ്ങനെ ഒരു പേരു വീണത്. കവാടത്തില്‍ നിന്ന് കോട്ടയിലേക്ക് ദീര്‍ഘമായ വഴിയാണു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രത്ന വ്യാപര കേന്ദ്രമായിരുന്നു ഒരു കാലത്ത് ഇവിടം.
കോട്ടയുടെ അകത്ത് കടക്കുന്നതോടെ പുരാതന ഭാരതീയ ചാതുരി അതിന്റെ സമസ്ത് സൌന്ദര്യത്തോടെയും മുന്നില്‍ വിടരും. മണ്‍ വഴികള്‍ക്കിരുപുറവുമായി കല്ലില്‍ അസാമാന്യ നിര്‍മ്മിതികള്‍. കമാനഗൃഹങ്ങള്‍, നര്‍ത്തനമണ്ഡപങ്ങള്‍, കോടതികള്‍, ശയ്യാ ഗൃഹങ്ങള്‍, ആഫ്രിക്കയില്‍ നിന്നു വരെ എത്തിയിരുന്ന മല്ലന്മാരും ഹിജഡകളും താമസിച്ചിരുന്ന സ്ഥലങ്ങള്‍, ജയിലുകള്‍, എങ്ങോട്ടൊക്കയൊ എത്തിക്കുന്ന തുരങ്കങ്ങള്‍. അങ്ങനെ നിരവധി. ഗോല്‍ക്കൊണ്ടയില്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് അതിന്റെ എന്‍ജിനിയറിംഗ് വൈദഗ്ധ്യമാണു. ചില പ്രത്യേക സ്ഥലങ്ങളില്‍, മേല്‍ക്കുരയ്ക്ക് തൊട്ടു താഴെ നിന്നു കയ്യടിച്ചാല്‍ നേരെ മുകളില്‍ നിന്ന് അത് പ്രതിധ്വനിക്കും. മേല്‍ക്കുരയുടെ ലമ്പരേഖയില്‍ നിന്ന് മാറി തൊട്ടപ്പുറത്ത് നില്‍ക്കുന്നയാള്‍ക്ക് അത് കേള്‍ക്കുകയുമില്ല. എന്നാല്‍ അങ്ങ് മുകളില്‍ ഒരു കിലോമീറ്റര്‍ അപ്പുറത്ത് നില്‍ക്കുന്നയാള്‍ക്ക് വ്യക്തമായി അതു കേള്‍ക്കാം! ചിലയിടത്ത് ചുവരുകളൊട് ചേര്‍ന്ന് നിന്നു സംസാരിച്ചാല്‍ അങ്ങ് മുഖളില്‍ രാജാവിന്റെ മുറിയില്‍ വരെ അതുകേള്‍ക്കാം! രഹ്സ്യമറിയാനുള്ള മാര്‍ഗ്ഗം. ആരെയും വിശ്വസിക്കാന്‍ സാധിക്കാതെ ജീവിച്ചു മരിക്കുക എന്നതാണു ഒരോ രാജാവിന്റെ വിധിയും എന്ന് ഈ കാഴ്ച്ചകള്‍ കാണുമ്പോള്‍ തോന്നുന്നത്.
ഇവിടെയും വര്‍ത്തമാനം മറിച്ചല്ല. കോട്ടയ്ക്ക് മേല്‍ സംഘപരിവാര വൈതാളികര്‍ അധിനിവേശം നടത്തിയിരിക്കുന്നു. കോട്ടയുടെ ചവിട്ടുപടികള്‍ ഒന്നൊന്നായി കയറുമ്പോഴും ഉള്ളില്‍ ആത്മരോഷം കനലായ് എരിയുകയായിരുന്നു. ഇതിനു മുന്‍പും സംഘപരിവാരം അവകാശവാദങ്ങളായി വരികയും ചരിത്ര നിര്‍മ്മിതികള്‍ക്ക് മേല്‍ അധിനിവേശം നടത്തുകയും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അക്രമങ്ങള്‍ക്കെല്ലാം ഭരണകൂടത്തിന്റെ മൌനാനുവാദവും ലഭിച്ചിട്ടുണ്ട്. ബാബരി മസ്ജിദിന്റെ ഗതി തന്നെയാകുമോ ഈ ചരിത്ര സ്മാരകത്തിനും സംഭവിക്കുക എന്ന ഒരു ആശങ്കയും എല്ലാം ചേര്‍ന്ന് സത്യത്തില്‍ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഇത് സഖാക്കളോട് പങ്ക് വച്ചപ്പോള്‍ അവരും അത് ശ്രദ്ധിച്ചിരുന്നു. അടക്കി വച്ച ഞങ്ങളുടെ ആത്മരോഷം ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന വിപ്ളവത്തിന്റെ വിജയ മന്ത്രത്തോടൊപ്പം അണപൊട്ടിയൊഴുകി . അതെ, ഡോ. മുഹമ്മദ് അല്ലാമാ ഇഖ്ബാലിന്റെ ആ വരികള്‍ക്ക് ശഹീദ് ഭഗത്സിങ്ങ് പകര്‍ന്ന അതേ ഈണത്തില്‍ കോട്ടക്ക് മുകളില്‍ കയറി ഞങ്ങള്‍ ഒരിക്കല്‍ കൂടി വിളിച്ചു. വര്‍ഗ്ഗീയ വൈതാളികരുടെ തെമ്മാടിതത്തിനുമേല്‍ വിപ്ളവം ജയിക്കട്ടെ...
രാമോജി ഫിലിം സിറ്റി
രാമോജി ഫിലിം സിറ്റിയിലേക്കുള്ള വഴിയുടെ ഇരുവശത്തും വരണ്ട മേടുകളാണ്. കല്ലിന്റെ കുന്നുകളും ജലാംശം മുഴുവന്‍ വാര്‍ന്നു പോയ കാട്ടുച്ചെടികളും ഏകാന്തതയും നിറഞ്ഞ് അത് നീണ്ട്പോവുന്നു. മനുഷ്യരെ കാണുക അപൂര്‍വ്വം. ബസിന്റെ വിന്റോയിലുടെ ഉഷ്ണക്കാറ്റടിക്കുന്നു. ഞങ്ങളുടെ ബസ്സ് ഒരു സ്ഥലത്തെതിയപ്പോള്‍ നിര്‍ത്തി ഞങ്ങളെല്ലാവരും ഇറങ്ങി ശേഷമുള്ള യാത്ര രാമോജിയുടെ ബസ്സിലായിരുന്നു.
ഞങ്ങള്‍ രാമോജിക്ക് മുന്നിലെത്തി. ലോകത്തിലെ ഏറ്റവും വലിയ സിനിമാ നഗരം. നഗരത്തിന്റെ ഒരോ മുക്കും മൂലയും സിനിമ ചിത്രീകരണത്തിനു പറ്റുന്നത്. സിറ്റിക്കുള്ളില്‍ റസ്റോറന്റ്, കളിസ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, ETV ചാനലിന്റെ കാര്യാലയവും സ്റുഡിയോവും, എണ്ണിയാലൊടുങ്ങാത്തത്ര ഉദ്യാനങ്ങള്‍. ഇന്ത്യയിലേയും വിദേശത്തേയും ഉദ്യാനങ്ങളുടെ മാതൃകകള്‍ അവിടെ നിര്‍മ്മിച്ചിരിക്കുന്നു. ഒരു സിനിമ എടുക്കാന്‍ ആവശ്യമായ എല്ലാ സാങ്കേതികതയും അവിടെയുണ്ട്. ഇന്ത്യന്‍ സിനിമ എന്തുകൊണ്ട് എവിടെയും എത്തുന്നില്ല എന്നുള്ളത് അവിടുത്തെ ചില ഷോകള്‍ കണ്ടപ്പോള്‍ മനസ്സിലായി.
Snow World & Zoo
നാട്ടിലുള്ള ലോക്കല്‍ മഞ്ഞുകൊണ്ടാല്‍ തന്നെ ചുമയും ജലദോഷവും പിടിക്കുന്ന കക്ഷികളാണു കാശ് കൊടുത്ത് മഞ്ഞു കൊണ്ടത്. മഞ്ഞു ലോകം തികച്ചും വ്യത്യസ്ത്മായ ഒരു അനുഭവം തന്നെയായിരുന്നു. ഒന്നര മണിക്കൂര്‍ അതിന്റെയുള്ളില്‍ പാട്ടും ആട്ടവും കളിയും ഒക്കെയായി ആഘോഷിച്ചു.
Nehru Zoological Park ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട മൃഗശാല. മൃഗശാലകള്‍ ഒരുപാട് കണ്ടത് കാരണമോ അതോ മൃഗങ്ങളെ ഒരു പ്രദര്‍ശന വസ്തുവാക്കിയതിനോടുള്ള വിയോജിപ്പൊ ഞാനതൊന്നും ആസ്വദിച്ചില്ല. പകരം ഞാന്‍ സൌഹൃദം ആസ്വദിച്ചു. വിവിധ പോസുകളില്‍ ഫോട്ടൊക്ക് പോസ് ചെയ്തു. കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായി. ഒരു മണിക്കൂര്‍ പാര്‍ക്കില്‍ ഒറ്റയ്ക്ക് നടന്നു. എന്റെ കൂട്ടിനു നിന്നെ കുറിച്ചുള്ള ഓര്‍മകള്‍ മാത്രം...
ഹൈദരാബാദിലെ രാത്രികള്‍..
ആദ്യരാത്രിയില്‍..!ക്ഷമിക്കണം, ആദ്യ ദിവസത്തെ രാത്രിയില്‍ ഞാനും ആദിലും സിജിനും കൂടി ഞങ്ങളുടെ ലോഡ്ജിന്റെ നേരെ മുന്നിലുള്ള ഹോട്ടലില്‍ പോയി ചായ കുടിക്കാന്‍ ഓര്‍ഡര്‍ ചെയ്തു. ചായയേക്കാള്‍ അടിപൊളിയായിരുന്നു ചായയുണ്ടാക്കുന്നത് അതിസാഹസികമായ പ്രകടനങ്ങള്‍. ഒരു മീറ്റര്‍ അകലെ മുകളില്‍ നിന്ന് താഴെയിരിക്കുന്ന പാത്രത്തിലേക്ക് പാക്കറ്റില്‍ നിന്ന് പാല്‍ നിറക്കുകയാണു സുഭാഷ് എന്ന ചായ നിര്‍മാതാവ് അത് കണ്ടതും ഞാന്‍ അറിയാതെ സബാഷ് എന്ന് പറഞ്ഞു. സുഭാഷിന്റെ ചായക്കടയില്‍ നിന്ന് ചായ കുടിച്ച് ഞങ്ങള്‍ ബാലാജി ഹോട്ടലിലെ ഞങ്ങളുടെ 309 നമ്പര്‍ റൂമിലേക്ക് കടന്നു. ഉറങ്ങാനുള്ള ഒരുക്കമായി. ആദിലും സിജിനും ഉറക്കം തുടങ്ങി. ഞാനും ശ്രീജിത്തും ഒരു വലിയ ചെറിയ ചര്‍ച്ചയിലായിരുന്നു. വിഷയം പ്രണയം: നിലപാടും കാഴ്ചപ്പാടും. ശ്രീജിത് അവന്റെ നിലപാടറിയിച്ചു.
നിലപാടില്ലെങ്കില്‍ നിലനില്‍പ്പില്ല,വ്യക്തമായ കാഴ്ച്ചപ്പാടുകളുമാണു ഒരാളുടെ വിജയം.
പ്രണയം ഒരു ദിവ്യാനുഭവമാണ് എന്നൊന്നും ഞാന്‍ പറയില്ല. പ്രണയത്തിനു കേവല നിര്‍വചനം മാത്രം നല്‍കുന്നതും ശരിയല്ല. അത് ഒരു വ്യക്തിക്ക് മറ്റൊരാളൊട് തോന്നുന്ന ഒന്നു മാത്രമല്ല. ഒരുത്തന്റയൊ ഒരുത്തിയിടയൊ വികാരം പങ്കുവെക്കാനുള്ളതുമല്ല പ്രണയം. എന്നെ സമ്പന്ധിച്ചെടുത്തോളം പ്രണയം വിവാഹത്തിലേക്കുള്ള വഴിയല്ല മറിച്ച് ക്രിയാത്മകമായ ചിന്തകളിലേക്ക് തുറക്കുന്ന വാതിലാണു. വിശ്വസിക്കുന്ന ആദര്‍ശത്തെ പ്രണയിക്കുമ്പോള്‍ ദൈവത്തെ പ്രണയിക്കുമ്പോള്‍ അതിനെ കുറിച്ച് കൂടുതല്‍ ക്രിയാത്മകമായി ചിന്തിക്കുന്നു അതു വഴി കൂടുതല്‍ സമര്‍പ്പണ മനോഭാവം ഉയരുന്നു. അങ്ങനെതന്നെയാണു മാതാവിനേയും പിതാവിനേയും സഹോദരിയേയും സഹോദരനേയും കൂട്ടുകാരനേയും കൂട്ടുകാരിയേയും അങ്ങനെ എല്ലാ ബന്ധങ്ങളേയും പ്രണയിക്കുമ്പോഴാണ് നമ്മള്‍ സ്വയം ജീവിതം അവര്‍ക്ക് സമര്‍പ്പിക്കുന്നത്. “സ്നേഹത്തിന്റെ ഏറ്റവും ഉന്നതമായ രൂപമാണ് പ്രണയം”..
പിന്നീടുള്ള രാത്രികള്‍ ഹൈദരാബാദിന്റെ രാത്രികാല സ്പന്ദനങ്ങളെ തൊട്ടറിയാനുള്ള ശ്രമമായിരുന്നു. ഞങ്ങല്‍ നാലു മുറിയന്മാരും ചേര്‍ന്ന് കച്ചിഗുഡ എന്ന സ്ഥലത്തേക്ക് പോയി തിരിച്ച് വരുമ്പോള്‍ സമയം പന്ത്രണ്ട. ദീപങ്ങളാല്‍ അലംകൃതമായ ഒരു വഴികണ്ടു അത് വഴി പോയപ്പോള്‍ അവിടെ നവരാത്രി ആഘോഷം നടക്കുകയായിരുന്നു. എല്ല പ്രായക്കാരും പാട്ട് വച്ച് ഡാന്‍ഡിയ കളിക്കുന്നതാണ് കണ്ടത്.
ഒരു ദിവസം ഞാനും സഖാക്കളും അര്‍ദ്ധരാത്രിയില്‍ നടക്കാനിറങ്ങി ഒരുപാട് ദൂരം നടന്ന് ഒടുവില്‍ തിരിച്ച് നടക്കാന്‍ തുടങ്ങിയപ്പോള്‍ വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു. ഒരുഗ്രന്‍ പാട്ട് പാടിയപ്പോള്‍ ആ ക്ഷീണം പമ്പ കടന്നു.
ഹൈദരാബാദിലെ അവസാന രാത്രി ഷോപ്പിങ്ങ് കഴിഞ്ഞ് എല്ലാവരും ഹൈദരാബാദ് ബിരിയാണി കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഞാനും സഖാക്കളും ഒരു സിനിമക്ക് പോയി പക്ഷെ അവിടെയെത്തിയപ്പോള്‍ എല്ലാ പദ്ധതിയും പൊളിഞ്ഞു അവിടെ സിനിമ മാറിയിരിക്കുന്നു. തിരിച് വന്ന് റൂമില്‍ കയറി. എല്ലാവരും ബിരിയാണി മയക്കത്തിലായിരുന്നു. ഞങ്ങള്‍ നാലു പേരും പിന്നെ ഞങ്ങളെ കാണാന്‍ വന്ന ഹൈദരാബാദില്‍ പഠിക്കുന്ന ഞങളുടെ സീനിയേഴ്സായ ബിനോയിയും റിഷാദും കൂടി ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങി. ഹൈദരാബാദ് നഗരത്തിന്റെ സകല അഴുക്കുകളും ഒഴുകുന്ന ചാലിനു മുകളില്‍ സ്ളാബ് വച്ച് അതിനു മുകളില്‍ നില്‍ക്കുന്ന ഒരു തട്ടികൂട്ടല്‍ തട്ടുകട. അവിടുത്തെ ചളിപുരണ്ട കസേരയില്‍ ഇരുന്ന് ഹൈദരാബാദിലെ സാധാരണക്കാരന്റെ ഭക്ഷണം കഴിക്കുമ്പോള്‍ തികചും ഒരു ഹൈദരാബാദ് ഗൃഹാതുരത്വം അനുഭവപ്പെട്ടു...
ഹൈദരാബാദിനോട് വിട പറയുമ്പോള്‍..
പ്രവാചകന്റെ അടുത്തേക്ക് ഒരാള്‍ വന്ന് ചോദിച്ചു: എനിക്ക് എന്റെ സഹോദരന്റെ സ്വഭാവത്തെ കുറിച്ചറിയാന്‍ ഞാനെന്താണു ചെയ്യേണ്ടത്? പ്രവാചകന്‍ പറഞ്ഞു: ഒന്നുകില്‍ നീ അവനുമായി വല്ല സാമ്പത്തിക ഇടപാടും നടത്തുക അല്ലെങ്കില്‍ അവനുമായി ദീര്‍ഘ യാത്ര പോകുക....!
ഹൈദരാബാദ് ഒരു ചാറ്റല്‍ മഴയോടെയാണു ഞങ്ങളെ യാത്രയയചത്. റയില്‍വേ സ്റേഷനില്‍ ഞങ്ങളെ കാത്ത് വണ്ടി നില്‍ക്കുന്നുണ്ടയിരുന്നു. ഞങ്ങള്‍ വണ്ടിക്കകത്ത് കയറി അല്‍പ സമയം കഴിഞ്ഞപ്പോള്‍ വണ്ടി നീങ്ങി തുടങ്ങി. ഞാന്‍ കുറച് സമയം സുഖമായി ഉറങ്ങി. അല്‍പ്പ സമയം കഴിഞ്ഞ് എഴുന്നേറ്റ് ഉച്ചഭക്ഷണം കഴിച് വീണ്ടും ഒരു ചെറിയ മയക്കം.
ഉറക്കമുണര്‍ന്നപ്പോള്‍ എങ്ങും ഒരു വിവാദ നാറ്റം. ചില ഇണക്കങ്ങളും പിണക്കങ്ങളും പരദൂഷണവും ഏഷണിയും കൂടികലര്‍ന്ന ഒരു വല്ലാത്ത അസഹ്യമായ നാറ്റം. എനിക്ക് വേണമെങ്കില്‍ മൂക്ക് പൊത്തി നടക്കാമായിരുന്നു പക്ഷെ അതിനു പകരം അവിടം സുഗന്ധം പരത്തി ഞാന്‍ എന്റെ സീറ്റില്‍ പോയിരുന്നു. ചിലര്‍ക്ക് ആ സുഗന്ധം അസഹ്യമായ നാറ്റമായാണു അനുഭവപ്പെട്ടത്. അതിര്‍ വരമ്പുകള്‍ ഭേദിച്ച് കടക്കുന്ന 'ഫ്രന്റ്ഷിപ്പ്' സൃഷ്ടിക്കുന്ന അസഹ്യമായ നാറ്റങ്ങള്‍.
തിരികെയുള്ള യാത്രയില്‍ എനിക്ക് കൂട്ടായി ഉണ്ടായിരുന്നത് ബില്ലുവായിരുന്നു. സഹനയുടെ ബില്ലു. ഹൈദരാബാദില്‍ നിന്ന് സഹന വാങ്ങിച്ച ബില്ലു എന്ന പാവ. പിന്നെ ഒത്തിരി നേരം ദീപ്ത്തിയുടെ മൊബൈലില്‍ തെളിഞ്ഞ സുന്ദരമായ നിന്റെ മുഖം നോക്കിയിരുന്നപ്പോള്‍ മണിക്കൂറുകള്‍ നിമിഷങ്ങളായി മാറി.
യാത്ര അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ പലരും നിശ്ബ്ദമായാണു അത് ഉള്‍ക്കൊണ്ടത്. ഇനി ഇത്തരമൊരു യാത്ര ജീവിത യാത്രയില്‍ ഉസ്ഥാകില്ല എന്ന് ഉറപ്പ്. പലര്‍ക്കും ഇത് വിനോദയാത്രയാണ്. ചിലര്‍ക്ക് വികാരയാത്ര മറ്റു ചിലര്‍ക്ക് വിവാദയാത്ര പക്ഷെ എനിക്കിത് നീയില്ലാത്ത യാത്രയാണ്..
നീയില്ലാത്ത യാത്രയിലും
നിന്നിലേക്കുള്ള യാത്രയിലും
ഞാന്‍ ഏകനായിരുന്നു
പോകുന്നിടത്തെല്ലാം
നിന്റെ സാന്നിദ്ധ്യം ഞാനറിയുന്നു...
ഇവി
ടെ നമുക്കിടയില്‍
യവനിക വീഴുകയാണ്

പ്ര
തിഫലം ആഗ്രഹിക്കാതെ
ഞാനെന്റെ വേഷം
കളി
ച്ചു തീര്‍ത്തു...
ഒന്ന് തിരിഞ്ഞു നോക്കൂ...

നി
ന്റെ പിറകില്‍ ഞാനാണ്
നിന്റെ ഗന്ധം ശ്വാസമാക്കി

ഞാന്‍ നിന്റെ പി
റകിലുണ്ട്...
അനിവാര്യമായ
ചില വിടപറയലുകള്‍ക്ക്

സമയമായിരിക്കുന്നു

നിനക്ക്
പോകാം...
പക്ഷെ, എന്റെ ഓര്‍മകളെ

നീയെടുക്കണം

നിന്റെ ഓര്‍മകളെ
ഞാനും...

സ്നേഹപൂര്‍വ്വം സ്വന്തം ലുഖ്മാന്‍.....

5 comments:

  1. ഉപ്പില്ലാത്ത കഞ്ഞിപോലെ അല്ലേ ലുക്‌മാനെ..... നന്നായിരിക്കുന്നു.
    Word verification ഒഴിവാക്കൂ.....

    ReplyDelete
  2. akshara pishakukal kshamikkuka... computer not responding well thats y so :(

    ReplyDelete
  3. lukkumon...ippolulla yaathrayil koode ormakhalaano????adho yaadharthyamo????

    ReplyDelete
  4. ലുക്കുമാന്‍ വളരെ നന്നായിരിക്കുന്നു.
    വിത്യസ്തമായ ഒരു യാത്രാ വിവരണം

    ReplyDelete