സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം

സ്നേഹികള്‍ക്കൊരു അക്ഷരോദ്യാനം
പൊടുന്നനേ പൂക്കുന്ന പൂക്കള്‍

സ്വന്തമായൊരു പ്രേമലേഖനം.!!

എന്നാണിനി എനിക്ക് സ്വന്തമായൊരു പ്രേമലേഖനം എഴുതാനാകുക.?
ഇതിനര്‍ത്ഥം ഞാനിതുവരെ പ്രേമലേഖനം എഴുതിയിട്ടില്ലാ എന്നല്ല. ഒരുപാടെഴുതിയിട്ടുണ്ട്, ലേഖനമായും കവിതയായും ഒത്തിരി. പക്ഷേ, ഒന്നും എനിക്ക് വേണ്ടിയായിരുന്നില്ല. സുഹൃത്തുക്കള്‍ അവരുടെ ലൈനുകള്‍ക്കായി എഴുതിപ്പിക്കുന്നത്. തികഞ്ഞ ആത്മസംതൃപ്തിയോടെ എഴുതുകയും അത് വായിച്ചിട്ട് അവളുമാര്‍ക്ക് ഇഷ്ടമായെന്നും പറഞ്ഞ് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നിര്‍വൃതിയും ആനന്ദവുമാണുണ്ടാകാറ്. അപ്പോള്‍ ഞാന്‍ പറഞ്ഞു വരുന്നത് ക്ഷമിക്കണം, എഴുതി വരുന്നത് പ്രേമലേഖനത്തെ കുറിച്ചാണ്.
ഞാന്‍ സ്വന്തമായൊരു പ്രേമലേഖനം എഴുതാനുള്ള ശ്രമത്തിലാണ്. അപ്പോഴും ഒരു പ്രശ്നം ബാക്കിയുണ്ട്, ആര്‍ക്കാണെഴുതുക.? ഹൈ വോള്‍ട്ടേജ് കാരണം പല ലൈനുകളും കത്തിപ്പോയി. ചിലതൊക്കെ ആരൊക്കയോ ഫീസൂരി കൊണ്ട് പോയി. എന്നാലും ആരെങ്കിലുമൊക്കെ എന്റെ പ്രേമലേഖനത്തിനായി കാത്തിരിക്കുന്നുണ്ടാകും എന്ന വിശ്വാസത്തോടെ എഴുതുന്നു.
സ്വന്തമായൊരു പ്രേമലേഖനം.!!
പ്രണയത്തിനു വേണ്ടി ചെവിയറുത്തവരേയും കണ്ണ് ചൂഴ്ന്നവരേയും കരളുരുക്കിയവരേയും ഹൃദയം പുകക്കിട്ടവരേയും വിഷം കഴിച്ചവരേയും പൂമരത്തില്‍ തൂങ്ങിയാടിയവരേയും അങ്ങനെ പ്രണയത്തിന്റെ രക്തസാക്ഷികളെ മുഴുവനും അനുസ്മരിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ.
ഹൃദയമിടിപ്പ് ഇപ്പോള്‍ അല്‍പം വേഗത്തിലാണ്. സ്വന്തമായെഴുതുന്ന പ്രേമലേഖനത്തിന്റെ വിധിയെന്താകും എന്ന ഭയമാണ് കാരണം. ആരൊക്കയോ പറഞ്ഞു കേട്ടിട്ടുണ്ട് പ്രേമിക്കണമെങ്കില്‍ ധൈര്യം വേണമെന്നും അത് ആണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്നുമൊക്കെ. അതു ശരിയാണ് നേരത്തെ പറഞ്ഞ പോലെ ചെവിയറുക്കാനും, കണ്ണ് ചൂഴ്ന്നെടുത്ത് കാമുകിക്ക് കാഴ്ചവെക്കാനും നല്ല ധൈര്യം വേണം.
എന്റെ പ്രേമഭാജനമേ...
രണ്ട് ചെവികളുണ്ടെനിക്ക് അതിലൊന്ന് നിനക്ക് തന്നാല്‍ മറ്റവനു കൂട്ടായി ആരാണുണ്ടാകുക. രണ്ട് കണ്ണുകളുണ്ടെനിക്ക് അതില്‍ ഒന്ന് നിനക്ക് ചൂഴ്ന്നെടുത്ത് തന്നാല്‍ പാവം ഞാനൊരു ഒറ്റക്കണ്ണനാകും. മാത്രമല്ല, പോയ ചെവിയെക്കുറിച്ചും കണ്ണിനെക്കുറിച്ചും ഓര്‍ത്ത് പാവം ആ ഒരു കണ്ണ് ഒറ്റക്ക് കരയുന്നതെങ്ങനെ സഹിക്കും. അതുകൊണ്ട് കണ്ണും ചെവിയുമൊന്നും ഞാന്‍ തരാന്‍ പോണില്ല. ഇനിയുള്ളത് ഒരു ഹൃദയവും പിന്നെ കരളുമാണ്. രണ്ടും ഫ്രഷ് ആണ് ഞാനായിട്ട് ആര്‍ക്കും കേറി നിരങ്ങാന്‍ കൊടുത്തിട്ടില്ല. പിന്നെ ചിലരൊക്കെ വന്നിരുന്നു വിരുന്നുകാരികളായി അവരു വല്ല നാരങ്ങാ വെള്ളമോ കാപ്പിയൊ ഒക്കെ കുടിച്ചിട്ട് പോകും അധിക ദിവസം ഞാന്‍ നിര്‍ത്താറില്ല. അതുകൊണ്ട് തന്നെ ഒരു ആയുഷ്കാല സല്‍കാരത്തിന് സര്‍വ്വ സജ്ജമാണ് എന്റെ ഹൃദയകോവില്‍.
ഞാനിതാ നിനക്ക് വേണ്ടി മലര്‍ക്കെ തുറന്നിടുന്നു. ആജീവനാന്ത വിരുന്നുകാരിയായി കടന്നു വരുമോ നീ.?
എന്റെ പ്രേമഭാജനമേ...
മനസ്സില്‍ മധുരമലരുകള്‍ മൊട്ടിട്ട്... പൂക്കാലമായി... തേന്‍ വണ്ടുകളും പൂമ്പാറ്റകളുമായി... ഇതെന്നും ഇങ്ങനെയായിരിക്കാന്‍ എന്റെ മധുര മനോഹര മാദക തിടമ്പേ നീ എന്നാണ് വരുന്നത് എന്നെ പ്രണയിക്കാന്‍..?
എന്റെ പ്രേമഭാജനമേ...
സുന്ദര സുരഭില നയന മനോഹരീ...
നിനക്കെന്താണ് ഞാന്‍ നല്‍കേണ്ടത്. കഥകൊണ്ടൊരു സ്വര്‍ഗം കവിത കൊണ്ടതിലൊരു കൊട്ടാരം പിന്നെ എന്റെ ചുംബനങ്ങള്‍ കൊണ്ട് നിന്റെ കാതിലും കഴുത്തിലും കയ്യിലും കാലിലും തങ്കക്കമ്മലും വജ്രമാലയും സ്വര്‍ണ്ണവളയും വെള്ളിക്കൊലുസ്സും ഒക്കെതരാം...
ഓ... എന്റെ പ്രേമഭാജനമേ, ഞാന്‍ മറന്നു. കാലം മാറിയത് ഞാന്‍ മറന്നു. ഇന്നത്തെ കിളികള്‍ക്ക് കാല്‍പനികതയുടെ പൂമരക്കൊമ്പില്‍ കൂട് കൂട്ടാന്‍ വല്ല്യ താല്‍പര്യമില്ലെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. അത് മാത്രമല്ല സ്വര്‍ണ്ണത്തോടും വലിയ ഭ്രമം ഇല്ലെന്നാണ് അറിവ്. ഇനിയിപ്പൊ ഞാനെന്ത് ചെയ്യും.? നിന്റെ ഇഷ്ടങ്ങള്‍ എന്നെ അറിയിക്കുക. എന്റെ സ്വന്തം പ്രേമലേഖനത്തിന് ഒരു മറുപടി തരണമല്ലോ എന്റെ സ്വര്‍ഗ സുന്ദരീ നീ...
ഇന്നത്തെ കാലത്തിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. ബോളിവുഡ് സിനിമ കണ്ട് സിക്സ് പാക്ക് ഭ്രമം ബാധിച്ച കൂട്ടത്തിലാണ് നീയെങ്കില്‍ ഒരു കാര്യം പറയാനുണ്ട്. സിക്സ് പാക്കൊന്നും എനിക്കില്ല തരക്കേടില്ലാത്ത ഒരു പാക്കുണ്ട്. പടച്ചോന്‍ സഹായിച്ച് വല്ല്യ കുഴപ്പമൊന്നും ഇല്ലാത്ത ശരീരവും ഉണ്ട്. തൊലിയുരിഞ്ഞ ഇറച്ചിക്കോഴിയെപ്പോലെ മസിലൊന്നും എനിക്കില്ല. എന്നാലും ആരോഗ്യ ദൃഢഗാത്രനാണ്. മീശ അല്‍പം കുറവാണ്. തീരെ ഇല്ലെന്നു തന്നെ പറയാം. ആറടി പൊക്കം ഒന്നും ഇല്ല. ഒരു അഞ്ചര ഒപ്പിക്കാമെന്ന് തോന്നുന്നു. എനിക്കീ നിറവും നീളവും ജാതിയും ജാതകവും ഒന്നും പ്രശ്നമല്ല. പെണ്ണായിരിക്കുക. കവിളുകളുടെ സ്നിഗ്ദതയും കണ്ണിന്റെ കരിമഷിക്കറുപ്പും ചുണ്ടിന്റെ ചുകപ്പും... ഞാനധികം എഴുതുന്നില്ല ആരുടെയെങ്കിലും കയ്യില്‍ കിട്ടി ഈ പ്രേമലേഖനം വായിച്ചാല്‍ അവരൊക്കെ എന്ത് വിചാരിക്കും.
എന്റെ പ്രേമ സുരഭില സുന്ദരീ...
എന്നെ പ്രണയിക്കുക എന്നാല്‍ എന്നെ മാത്രം പ്രണയിക്കുക എന്നല്ല അര്‍ഥം. എന്റെ ലോകത്തെക്കൂടി പ്രണയിക്കാനാകണം. എന്റെ ലോകത്ത് നീ ഓടിക്കളിക്കണം, പാറിപ്പറക്കണം, നീന്തിത്തുടിക്കണം... എന്റെ ലോകത്തെ നീ നിന്റേതു കൂടിയാക്കണം. അപ്പോഴൊരു സംശയം ബാക്കിയാണ് നിനക്ക്, അല്ലേ.? നിന്റെ ലോകത്തിനൊരു വിലയുമില്ലേ എന്ന സംശയം.
എന്നെ പ്രേമിക്കാനുള്ള മനസ്സുണ്ടാകുന്നു എന്നതിനര്‍ത്ഥം എന്റെ ലോകത്തോട് ചേരാന്‍ പോന്ന ലോകമാണ് നിന്റേത് എന്നാണ്. അത് കൊണ്ട് അത്തരമൊരു സംശയത്തിന്റെ ആവശ്യമില്ല.
എന്റെ പ്രേമമയീ...
നിന്റെ വലതു ചെവിക്ക് താഴെയാണോ.? നിന്റെ മൂക്കിനു ഇടത് വശത്താണോ.? നിന്റെ ഇടത് കൈമുട്ടിനു താഴെയാണോ.? നിന്റെ കണങ്കാലിലാണോ.? ആ കറുത്ത മറുകുള്ളത് കാക്കാപുള്ളിയുള്ളത്.
എന്റെ പ്രേമ പ്രഭാകിരണമേ...
എന്റെ ഹൃദയകോവിലിലെ ആജീവനാന്ത വിരുന്നുകാരിയാകുമോ നീ...?
അങ്ങനെയാകാമെങ്കില്‍ ഞാന്‍ ചില വാഗ്ദാനങ്ങള്‍ തരുന്നു. നിത്യദാസികളായ സഹധര്‍മിണികളോട് അനുരാഗിതരാകാന്‍ മടികാണിക്കുകയും പകരം ഒളിച്ചുമാറി പഞ്ചാര പരമത•ാരാകുകയും ചെയ്യുന്നവരുണ്ട്. അവരെപ്പോലെ ആയിരിക്കില്ല ഞാന്‍ . എനിക്കെപ്പോള്‍ നിന്നെ സ്നേഹിക്കാന്‍ തോന്നുന്നുവോ അപ്പോള്‍ ഞാന്‍ സ്നേഹിതനാകും. എപ്പോഴാണോ എനിക്ക് അനുരാഗത്തിലാകാന്‍ തോന്നുന്നത് അപ്പോള്‍ ഞാന്‍ അനുരാഗിയാകും. എപ്പോഴാണോ എനിക്ക് നിന്നെ പ്രണയിക്കാന്‍ തോന്നുന്നത് അപ്പോള്‍ ഞാന്‍ പ്രണയപുരുഷനാകും.
എന്റെ പ്രേമ കല്ലോലിനീ...
നീ ഇപ്പോള്‍ വിചാരിക്കുന്നുണ്ടാകും ഇവനെന്താ എല്ലാ തികഞ്ഞവനാണോ എന്ന്.
ചക്കരേ... നൂറില്‍ നൂറു തികഞ്ഞ ആണൊരുത്തനൊന്നുമല്ല ഞാന്‍. നൂറില്‍ പാസ്സ് മാര്‍ക്കിനായുള്ള പരിശ്രമത്തിലാണ്. നാരങ്ങാ വെള്ളവും കാപ്പിയും കുടിക്കാനെത്തിയ വിരുന്നുകാരികള്‍ പറഞ്ഞതോര്‍ക്കുന്നു. ''You are very sensitive. വേഗം ദേഷ്യം വരും, വേഗം സങ്കടം വരും. വെറുതേ തര്‍ക്കിക്കും. പരസ്യമായി തോറ്റ് കൊടുക്കില്ല. വട്ടുമുണ്ട്, മൂച്ചിപ്പിരാന്ത്.'' ഇങ്ങനെ എനിക്ക് മനസ്സിലാകുന്നതും മനസ്സിലാകാത്തതുമായ ഭാഷയില്‍ വിരുന്നുകാരികളുടെ കണ്ടെത്തലുകള്‍. ഇനിയുമുണ്ട് കുറേയെണ്ണം ഒക്കെ മറന്നു. അതല്ലെങ്കിലും അങ്ങനെയാണല്ലോ സ്വന്തത്തിന്റെ കുറവുകള്‍ ആരെങ്കിലും ഓര്‍ത്ത് വെക്കുമോ.?
എന്റെ പ്രണയപുഷ്പമേ...
നീല പൂക്കള്‍ നിറഞ്ഞ താഴ് വാരത്തിലേക്ക്...
തീരവും ഓളവും പ്രണയത്തിലാകുന്നിടത്തേക്ക്...
നിലാവ് നിറഞ്ഞൊഴുകുന്ന പൂമരച്ചുവട്ടിലേക്ക്...
കുന്നിന്‍ മുകളിലെ ചായക്കടയിലേക്ക്...
ഉമ്മകളൊഴുകുന്ന ഉദ്യാനത്തിലേക്ക്...
വരൂ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം. അതികാലത്തെഴുന്നേറ്റ് മുന്തിരിവള്ളി തളിര്‍ത്തു പൂവിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്ന് നോക്കാം... അവിടെ വെച്ച് ഞാന്‍ നിനക്കെന്റെ പ്രേമം തരും. സോളമന്‍ സോഫിയക്ക് വാഗ്ദാനം ചെയ്ത അതേ പ്രേമം ഞാന്‍ നിനക്ക് തരും...
എന്റെ പ്രേമ മലരേ...
സൈറാഭാനുവിന്റെ സൌന്ദര്യവും, അഞ്ജലിയുടെ നിഷ്കളങ്കതയും, നന്ദിനിയുടെ കുട്ടിത്തവും, മറിയമിന്റെ ബുദ്ധിവൈഭവവും, സുഹറയുടെ കവിഭാവനയും, സഹനയുടെ പുഞ്ചിരിയും, ആയിശയുടെ കുറുമ്പും, തസ്ളീനയുടെ കാന്ത ശക്തിയും എല്ലാം ചേര്‍ന്ന ഒരു പ്രണയ പ്രസ്ഥാനമാണ് നീയെന്ന് ഞാനറിയുന്നു.
ഓ ഇതൊക്കെ ആരാണെന്ന് ആലോചിക്കുകയാകുമല്ലേ നീ. ഇതാണ് ഞാന്‍ നേരത്തേ പറഞ്ഞ വിരുന്നുകാരികളില്‍ പ്രമുഖകള്‍.
എന്റെ പ്രേമ മനോഹരീ...
ഈ പ്രേമലേഖനത്തിനു മറുപടി കിട്ടിയാല്‍ ഞാനെന്നും രാത്രി നിന്നെ കാണുവാനെത്തും. നിന്റെ ഉറക്കമുറിയിലേക്ക് ഒരു നിശാശലഭം കണക്കെ ഞാന്‍ ഒളിച്ചു വരും. ഒരു മിന്നാമിന്നു കണക്കേ ഞാന്‍ തിളങ്ങും. നിന്റെ നിദ്രയുടെ അവസാന അദ്ധ്യായത്തില്‍ ഞാനിങ്ങനെ കുറിച്ചിടും.
'' ഞാന്‍ വന്നിരുന്നു, നിദ്രാവിഹീനമായ എന്റെ രത്രികള്‍ക്ക് അവസാനമില്ല. നിന്റെ കണ്‍മയക്കം പോലും എത്ര മനോഹരം. ഞാനെന്നും വരും, കാമലീലകള്‍ക്കല്ല. നമ്മുടെ പ്രണയ പ്രതിജ്ഞ പുതുക്കാന്‍.''
പ്രണയപൂര്‍വ്വം
പ്രണയാന്വേഷകന്‍.

No comments:

Post a Comment